ബിജു മേനോനും പൃഥ്വിരാജ് സുകുമാരനും സച്ചിയുടെ സംവിധാനത്തിൽ പ്രധാന വേഷങ്ങളിലെത്തിയ അയ്യപ്പനും കോശിയും തമിഴ് പതിപ്പിൽ സൂര്യയും കാർത്തിയും ഒന്നിച്ചെത്തുമെന്ന് റിപ്പോർട്ടുകൾ. എസ് കതിരേശൻ നിർമ്മിക്കുന്ന തമിഴ് റീമേക്കിൽ ബിജു മേനോന്റെ റോളിൽ ശരത്കുമാറും, പൃഥ്വിരാജിന്റെ കഥാപാത്രത്തെ ശശികുമാറും അവതരിപ്പിക്കുമെന്നായിരുന്നു നേരത്തെ തമിഴ് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നത്.
എന്നാൽ സൂര്യ കാർത്തി സഹോദരങ്ങൾ ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്ന ചിത്രമായി അയ്യപ്പനും കോശിയും റീമേക്ക് ഒരുങ്ങുന്നുവെന്നായിരുന്നു പിങ്ക് വില്ല, സിഫി ഉൾപ്പെടെ അഭ്യൂഹമായി റിപ്പോർട്ട് ചെയ്തത്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
അയ്യപ്പനും കോശിയും തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയുമാണെന്ന റിപ്പോർട്ടുകളെ നിഷേധിക്കുകയാണ് താരങ്ങളുമായി അടുത്ത കേന്ദ്രങ്ങൾ. റീമേക്ക് സംബന്ധിച്ച് ചർച്ചകൾ നടന്നിട്ടുണ്ടാകാം, എന്നാൽ ഇത്തരമൊരു സാധ്യത ഇപ്പോൾ നിലനിൽക്കുന്നില്ലെന്ന് നടൻ സൂര്യയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി.
ഈ വർഷം തന്നെ തുടങ്ങുന്ന രീതിയിലാണ് തമിഴ് നിർമ്മാതാവ് റീമേക്ക് ആലോചിച്ചത് ലോക്ക് ഡൗൺ മൂലം കാർത്തിയുടെയും സൂര്യയുടെയും നിരവധി പ്രൊജക്ടുകൾ മുടങ്ങിക്കിടക്കുന്നുണ്ടെന്നും അറിയുന്നു.
പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യനായി കാർത്തിയും ബിജു മേനോൻ അവതരിപ്പിച്ച മുണ്ടൂർ മാടൻ എന്ന വിളിപ്പേരുള്ള അയ്യപ്പൻ നായർ എന്ന പൊലീസ് കഥാപാത്രമായി സൂര്യയും എത്തുമെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.
തമിഴിലെത്തുമ്പോൾ കഥാപശ്ചാത്തലത്തിലും കഥാപാത്രങ്ങളുടെ പേരുകളിലും ഉൾപ്പെടെ മാറ്റങ്ങളുണ്ടാകും.
ശരത്കുമാറും ശശികുമാറും ഇതുവരെ ഒരു ചിത്രത്തിനായി ഒന്നിച്ചിട്ടില്ല. സമുദ്രക്കനി സംവിധാനം ചെയ്ത നിമിർന്ത് നിൽ എന്ന ചിത്രത്തിൽ ശരത് കുമാർ അതിഥിതാരമായും ശബ്ദസാന്നിധ്യമായി ശശികുമാറും ഉണ്ടായിരുന്നു.
ചിത്രം തമിഴിൽ ഒരുക്കാൻ നിർമ്മാതാവ് സച്ചിയെ തന്നെയാണ് ആദ്യം പരിഗണിച്ചിരുന്നതെന്നും എന്നാൽ സച്ചി ക്ഷണം സ്വീകരിച്ചില്ലെന്നുമാണ് സൂചന. 2020 ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത അയ്യപ്പനും കോശിയും സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്.
35 കോടിക്ക് മുകളിലാണ് ചിത്രം വേൾഡ് വൈഡ് ആയി കളക്ഷൻ നേടിയത്. സംവിധായകൻ രഞ്ജിത്ത് പി എം ശശിധരനൊപ്പം ചേർന്ന് നിർമ്മിച്ച ചിത്രം ആമസോൺ പ്രൈമിൽ പ്രദർശനത്തിനുണ്ട്.