മലയാള സിനിമയിൽ നടനായും രചയിതാവായും സംവിധായകനായും എല്ലാം വ്യക്തി മുദ്ര പതിപ്പിച്ച താരമാണ് ശ്രീനിവാസൻ. മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് ചേർന്നപ്പോഴൊക്കെ മലയാളത്തിൽ മികച്ച സിനിമകളും ഉണ്ടായിട്ടുണ്ട്.
അക്കരെ അക്കരെ, നാടോടിക്കാറ്റ്, ചന്ദ്രലേഖ, കിളിച്ചുണ്ടൻ മാമ്പഴം, പട്ടണ പ്രവേശം, ഉദയനാണ് താരം തുടങ്ങി നീളുന്നു ഒട്ടനവധി ചിത്രങ്ങൾ. സിനിമയിലെ എക്കാലത്തെയും മികച്ച കോമ്പോ ആയിരുന്നു മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട്.
എന്നാൽ മോഹൻലാലുമായി താൻ അത്രനല്ല ബന്ധമല്ലെന്ന് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീനിവാസൻ. മോഹൻലാലുമായി ഒരുപാട് പ്രശ്നങ്ങളുണ്ട്. അദ്ദേഹത്തിന്റെ കാപട്യങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്. മരിക്കുന്നതിന് മുൻപ് അതിനെപ്പറ്റിയെല്ലാം എഴുതും എന്നും ശ്രീനിവാസൻ പറയുന്നു.
ഇന്ത്യൻ എക്‌സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ ആണ് ശ്രീനിവാസന്റെ വെളിപ്പെടുത്തൽ. ഡോ. സരോജ്കുമാർ എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലുമായുള്ള ബന്ധം എങ്ങനെ ആയിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ശ്രീനിവാസൻ. മോഹൻലാൽ എല്ലാം തികഞ്ഞ നടൻ ആണെന്നും ചിരിച്ചുകൊണ്ട് ശ്രീനി പറഞ്ഞിട്ടുണ്ട്.
മോഹൻലാലിനെ കുറിച്ചുള്ള ശ്രീനിവാസന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് ഇപ്പോൾ. മോഹൻലാലിന് പുറമെ മമ്മൂട്ടി, പിണറായി വിജയൻ, നരേന്ദ്രമോദി, നെഹ്റു തുടങ്ങിയവരെ കുറിച്ചും ശ്രിനിവസാൻ പറയുകയുണ്ടായി.
മമ്മൂട്ടിയുമായുള്ള ബന്ധത്തെ പറ്റിയുള്ള ചോദ്യത്തിന് പരസ്പരമുണ്ടായ രസകരമായ നിമിഷങ്ങളാണ് ശ്രീനിവാസൻ പങ്കുവെച്ചിരിക്കുന്നത്. പിണറായി വിജയനെ എംഎൽഎയായിരുന്ന കാലത്ത് തന്നെ പരിചയമുണ്ട്. എന്നാൽ എല്ലാവരെയും പോലെ അധികാരം അദ്ദേഹത്തെയും ദുഷിപ്പിച്ചു.
ജവഹർലാൽ നെഹ്‌റു അധികാരത്തിൽ ഏറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചു കൊണ്ടാണ്. പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുളള വോട്ടെടുപ്പിൽ വല്ലഭായ് പട്ടേലിനാണ് കൂടുതൽ വോട്ടുകൾ ലഭിച്ചത്. എന്നാൽ അധികാരത്തിൽ ഏറിയത് നെഹ്‌റു ആയിരുന്നു എന്നും ശ്രീനിവാസൻ പറയുന്നു.
സന്ദേശം സിനിമയിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ തന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ ആണെന്നു തന്റെ ചേട്ടൻ കമ്മ്യൂണിസ്റ്റ്കാരനും താൻ എബിവിപി പ്രവർത്തകനുമായിരുന്ന കാലത്ത് സിനിമയിൽ കാണുന്ന പോലെയുള്ള രംഗങ്ങളെല്ലാം വീട്ടിലും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി.
വിധിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വസിച്ചാലും ഇല്ലെങ്കിലും വിധി പോലെ കാര്യങ്ങൾ നടക്കുമെന്നും താൻ ദൈവമനുഷ്യനല്ലെന്നും ശ്രീനിവാസൻ പറഞ്ഞു. താൻ വിശ്വാസിയല്ല, വിശ്വസിക്കാൻ യോഗ്യനായ ദൈവം തന്റെ മുന്നിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ല ശ്രീനിവാസൻ പറയുന്നു.
അതേ സമയം നേരത്തെയും ശ്രീനിവാസനും മോഹൻലാലും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ച് പലവിധത്തിലുള്ള ചർച്ചകൾ നടന്നിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നമെന്താണെന്ന് താരങ്ങൾ ഇതുവരെ തുറന്നു പറഞ്ഞിട്ടില്ല.
എന്നാൽ രോഗാവസ്ഥയെ അതിജീവിച്ച് എത്തിയ ശ്രീനിവാസന് ഉമ്മ കൊടുക്കുന്ന മോഹൻലാലിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇതോടെ താരങ്ങൾക്ക് ഇടയിലെ മഞ്ഞുരുകിയെന്ന് ആരാധകർ കരുതിയിരുന്നു.
രോഗാവസ്ഥയെ അതിജീവിച്ചതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് താരം. കുറുക്കൻ എന്ന സിനിമയാണ് താരത്തിന്റെതായി ഒരുങ്ങുന്നത്. മകൻ വിനീത് ശ്രീനിവാസൻ ആണ് ചിത്രത്തിൽ നായകൻ ആയി എത്തുന്നത്.