മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമയിലെ ജനപ്രിയ നായകൻ ആയി മാറിയ നടനാണ് ദിലീപ്. സിനിമാ നിർമ്മാണവും വിതരണവും തിയ്യറ്റർ ബിസിനസ്സും എല്ലാമായി ദിലീപ് മലയാള സിനിമയിൽ ഒരു മുടി ചൂടാ മന്നൻ ആയി മാറിയിരുന്നു.
അതേ പോലെ തന്നെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന നടൻ കൂടിയാണ് ദീലീപ്. കഴിഞ ദിവസം അന്തരിച്ച ഇന്നസെന്റുമായി വളരെ അടുത്ത ബന്ധം ആയിരുന്നു ദിലീപ് പുലർത്തിയിരുന്നു.
സിനിമയിലെത്തിയ കാലം മുതൽ തന്നെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുമായി വളരെ അടുത്ത ആത്മബന്ധമായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയും ദിലീപും തമ്മിലുള്ള ആ ആത്മബന്ധത്തിന് പിന്നിലെ മലയാളി അറിയേണ്ടേ ഒരു കഥയാണ് ഇവിടെ പറയുന്നത്.
സംവിധായകൻ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു കൊണ്ടിരിക്കെ അഭിനയ മോഹം മൂലം അഭ്രപാളികളിലേക്ക് എത്തിയ ദിലീപിന്റെ ആദ്യകാല സിനിമകളിൽ ഒന്നായിരുന്നു സൈന്യം. ജോഷി സംവിധാനം ചെയ്യുകയും മമ്മൂട്ടി നായകനാകുകയും ചെയ്ത ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് ഹൈദരാബാദിലാണ്.
സൈന്യത്തിൽ ദിലീപിന് ചെറിയ ഒരു വേഷമായിരുന്നു ലഭിച്ചത്. വേഷം ചെറുതെന്നോ വലുതെന്നോ ഉള്ളതായിരുന്നില്ല കാര്യം. ദിലീപിനെ സംബന്ധിച്ചിടത്തോളം ജോഷിയെപ്പോലെ ഒരു ഹിറ്റ്മേക്കറുടെ സിനിമയിൽ അഭിനയിക്കുക എന്നതായിരുന്നു.
മമ്മൂട്ടി നായകനാകുന്ന ഒരു സിനിമയിൽ അഭിനയിക്കുക എന്നതു മാത്രമായിരുന്നു മോഹം. അന്ന് കാരവൻ സംസ്‌ക്കാരം തുടക്കം കുറിക്കാത്ത കാലം. ലാപ്ടോപ്പോ സ്മാർട്ട് ഫോണോ ഇന്റർനെറ്റോ ഒന്നുമില്ലാത്ത കാലം. സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ദിലീപ് ലൊക്കേഷനിൽ എത്തിയത് മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസം ആയിരുന്നു.
കാരണം ദിലീപ് മമ്മൂട്ടിയെ പരിചയപ്പെട്ടത് മുതൽ മിമിക്രികൾ പലതും കാണിച്ചു തുടങ്ങിയിരുന്നു. മമ്മൂട്ടിയും പണ്ട് ഒരു മിമിക്രി കലാകാരൻ ആയിരുന്നതുകൊണ്ട് പുതുമയുള്ള പല ഐറ്റങ്ങളും മമ്മൂട്ടിയെ രസിപ്പിക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയുമായി ദിലീപിന് പെട്ടെന്ന് അടുക്കാൻ ഇതൊരു കാരണവുമായി.
എങ്കിലും ഒപ്പത്തിനൊപ്പമിരുന്ന് മിമിക്രി കാണിച്ച് രസിപ്പിക്കാനുള്ള സ്വാതന്ത്ര്യമൊന്നും ദിലീപിന് അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ദിലീപ് മനപ്പൂർവ്വം ഒരകലം സൃഷ്ടിച്ചാണ് നിന്നിരുന്നത്.
സീൻ ഇല്ലെങ്കിൽ കൂടിയും ദിലീപ് സ്റ്റുഡിയോ ഫ്ളോറിൽ എവിടെയെങ്കിലും ഉണ്ടാകും. ഷോട്ടു കഴിഞ്ഞ് വിശ്രമവുമായി ഇരിക്കുന്ന മമ്മൂട്ടി ബോറടിച്ച് തുടങ്ങുന്നതോടെ ദിലീപിനെ അന്വേഷിക്കും.
സ്റ്റുഡിയോ പരിസരത്ത് നിന്നും ആരെങ്കിലും അപ്പോൾ ദിലീപിനെ വിളിച്ചു കൊണ്ടുവരും. ദിലീപ് മിമിക്രിയും രസങ്ങളുമായി അടുത്തുകൂടും. മമ്മൂട്ടി ചിരിയോട് ചിരിയുമായിരിക്കും. ഇങ്ങനെ ഹൈദരാബാദിലെ കുറെ ദിനങ്ങൾ കടന്നുപോയി. മമ്മൂട്ടിയും ദിലീപും തമ്മിലുള്ള പരിചയവും ആത്മബന്ധവും തുടക്കം കുറിച്ച സാഹചര്യങ്ങൾ ഇതായിരുന്നുവെന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രമാണ് ഈ കുറിപ്പ്.
പിൽക്കാലത്ത് ദിലീപിന് നല്ല വേഷങ്ങൾ കിട്ടിതുടങ്ങി. നായകനിരയിലേക്ക് ഉയർന്ന ദിലീപിന്റെ പല സിനിമകളും ഹിറ്റാകാനും തുടങ്ങി. മന്ത്രമോതിരം, സല്ലാപം, മിസ്റ്റർ ബട്ട്ലർ, കുഞ്ഞിക്കൂനൻ, ഈ പറക്കും തളിക, ഈ പുഴയും കടന്ന് എന്നിങ്ങനെ പല സിനിമകളും ഹിറ്റായി തുടങ്ങി. റിലീസ് ഡേയിൽ തന്നെ തന്റെ സിനിമയ്ക്ക് അഭിപ്രായം കിട്ടിത്തുടങ്ങി കഴിഞ്ഞാൽ ആ ദിവസം തന്നെ ദിലീപ് മമ്മൂട്ടിയെ ഫോണിൽ വിളിക്കും.
ഒരുഹിറ്റ് കൂടിയുണ്ട് ഒരുഹിറ്റി കൂടിയുണ്ട് എന്നു പറയുമ്പോൾ മമ്മൂട്ടി ദിലീപിന്റെ ആ സന്തോഷത്തിൽ പങ്കുകൊണ്ട് ആശംസ അറിയിക്കും. ഇതൊരു പതിവു തന്നെയായിരുന്നു. രാക്ഷസരാജാവ്, കമ്മത്ത് & കമ്മത്ത്, കളിയൂഞ്ഞാൽ, ട്വന്റി 20 എന്നിങ്ങനെ ചില സിനിമകളിൽ ഇവർ ഒരുമിച്ചഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
മീശമാധവൻ, സിഐഡി മൂസ, കൊച്ചിരാജാവ് പോലുള്ള സിനിമകളിൽ ദിലീപ് നായകനായതോടെ സിനിമാരംഗത്ത് പ്രശസ്തിയും അംഗീകാരവും കൂടുതൽ കൈവരിക്കാൻ തുടങ്ങി. താരസംഘടനയായ അമ്മയ്ക്കുവേണ്ടിയുള്ള സിനിമ നിർമ്മാണ പദ്ധതികളിലും എല്ലാം മമ്മൂട്ടിയുടെ ഉപദേശങ്ങൾ തേടാനും ദിലീപ് മറന്നിരുന്നില്ല.
ദിലീപ് നടി കാവ്യാ മാധവനെ വിവാഹം കഴിച്ചപ്പോഴും മമ്മൂട്ടിയെ പ്രത്യേകമായി അറിയിക്കാനും ക്ഷണിക്കാനും ദിലീപ് മറന്നിരുന്നില്ല. ദിലീപിനും കാവ്യക്കും വിവാഹ ശേഷമുള്ള ആദ്യവിരുന്ന് നൽകിയതും മമ്മൂട്ടി ആയിരുന്നു.