മലയാള സിനിമയുടെ യൂത്ത് ഐക്കൺ പൃഥ്വിരാജ് താരരാജാവ് മോഹൻലാൽ കൂട്ടുകെട്ടിൽ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ഇവരുടെ കോംബോയിലെ ആദ്യ ചിത്രമായ ലൂസിഫർ എന്ന തകർപ്പൻ ഹിറ്റിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് അറിയിച്ചത് മുതൽ ചിത്രവുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു.
അത്തരത്തിൽ ഒരു വാർത്തയായിരുന്നു എമ്പുരാനിൽ മലയാളത്തിന്റെ കുഞ്ഞിക്കയും പാൻ ഇന്ത്യൻ താരവുമായ ദുൽഖർ സൽമാനും അഭിനയിക്കുന്നു എന്നത്. പൃഥ്വിരാജും ദുൽഖർ സൽമാനും തമ്മിലുള്ള അടുത്ത സൗഹൃദം ആയിരുന്നു അത്തരമൊരു പ്രവചനത്തിലേക്ക് ആരാധകരെ എത്തിച്ചത്.
മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന മറ്റൊരു ഹിറ്റായ ബ്രോ ഡാഡി ഉൾപ്പെടെയുള്ള സിനിമകളുടെ സെറ്റുകളിൽ പൃഥ്വിരാജിനെ കാണാൻ ദുൽഖർ സൽമാൻ എത്തിയതും ആരാധകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ ഇതാ എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്.
ജന ഗണ മന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു ദുൽഖർ സൽമാനെ കുറിച്ച് പൃഥ്വിരാജ് സംസാരിച്ചത്. എമ്പുരാനിൽ ദുൽഖർ സൽമാനും ഉണ്ടാകുമെന്ന് വാർത്തകൾ വരുന്നുണ്ടല്ലോ അതിൽ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാൻ ഇറങ്ങുമ്പോൾ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
ദുൽഖർ സൽമാനും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങൾ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാൻ പറ്റുള്ളൂ. ഇപ്പോൾ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്.
ഞങ്ങൾ രണ്ട് പേരും സിനിമാ നടന്മാരാണ് നിർമ്മാതാക്കളാണ് എന്നുള്ളതിന് അപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ് ദുൽഖർ ആണെങ്കിലും അമാൽ ആണെങ്കിലും മറിയം ആണെങ്കിലുമൊക്കെ. അല്ലാതെ സിനിമയ്ക്ക് വേണ്ടി ഞങ്ങൾ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല എന്ന് പൃഥ്വിരാജ് പറയുന്നു.
ലാലേട്ടന്റെ ചിത്രങ്ങൾക്ക് തുടർച്ചയായി ഡീഗ്രേഡിങ് വരുന്നതുകൊണ്ടാണോ എമ്പുരാൻ ചെറിയ ചിത്രമാണ് എന്ന് ആവർത്തിക്കുന്നത് എന്ന ചോദ്യത്തിന് അല്ല ശരിക്കും ചെറിയ ചിത്രമായത് കൊണ്ട് തന്നെ ആണെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. എമ്പുരാൻ ഒരു ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കുമോ എന്ന ചോദ്യത്തിന് ഏയ് അല്ലെന്നായിരുന്നു പൃഥ്വി രാജിന്റെ മറുപടി.
അതേ സമയം ചിത്രത്തിന്റെ ഷൂട്ടിങ് ഈ വർഷം ആരംഭിക്കാൻ സാധ്യതയില്ലെന്നും 2023 ൽ ഷൂട്ടിങ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ട് ഹന്റെ പേഴ്‌സണൽ ആൻഡ് പ്രൊഫഷണൽ ലൈഫ് ഡിസൈൻ ചെയ്യപ്പെടുന്നത് ആടുജീവിതം എന്ന സിനിമയെ ചുറ്റിപ്പറ്റിയാണ്.
ആടുജീവിതം തീർന്നിട്ട് വേണം മലയാളത്തിലേയും മറ്റ് ഭാഷകളിലേയും തന്റെ കമ്മിറ്റ്‌മെന്റ്‌സ് തീർക്കാൻ. അതിൽ പ്രധാനപ്പെട്ടത് എമ്പുരാൻ തന്നെയാണെന്നും പൃഥ്വിരാജ് പറയുന്നു.