മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ 4 സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. ഷോ ആരംഭിച്ചിട്ട് ദിവസങ്ങൾ മാത്രമാണ് ആവുന്നത്. എന്നാൽ ഇതിനോടകം തന്നെ മത്സരാർഥികൾ ഗെയിമിലേയ്ക്ക് കടന്നിട്ടുണ്ട്.
ശക്തമായ മത്സരമാണ് ഹൗസിൽ ഇപ്പോൾ നടക്കുന്നത്. ബിഗ് ബോസ് സീസൺ 4 ലെ പുതുമുഖ മത്സരാർത്ഥിയാണ് ഡെയ്സി ഡേവിഡ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ക്യാമറ സ്പെയിസ് ലഭിക്കുന്ന മത്സരാർത്ഥി കൂടിയാണ് ഡെയ്സി.
ബിഗ് ബോസിനെ മത്സരമായി കണ്ട് മികച്ച ഗെയിമാണ് താരം കാഴ്ച വയ്ക്കുന്നത്. ഇപ്പോഴിതാ ഡെയ്സിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻകാല ചലച്ചിത്ര നടി ഫിലോമിനയുടെ മകൻ ജോസഫ് എത്തിയിരിക്കുകയാണ്. ഡെയ്സിയെ തനിക്ക് അറിയില്ലെന്നും അങ്ങനെയൊരു കൊച്ചുമകൾ ഫിലോമിനയ്ക്ക് ഇല്ലെന്നുമാണ് ജോസഫ് പറയുന്നത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഫിലോമിനയുടെ മകന്റെ വാക്കുകൾ ഇങ്ങനെ:
ഈ കുട്ടി ആരാണെന്നോ ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് ഇവരുടെ മറ്റ് വീഡിയോകൾ കണ്ടപ്പോൾ ആണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേ ഉള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങൾക്ക് ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും ജോസഫ് പറയുന്നു.
ഫിലോമിനയുടെ പേരക്കുട്ടി എന്നാണ ഡെയ്സിയെ മോഹൻലാൽ ഷോയിൽ പരിചയപ്പെടുത്തിയത്. പിന്നീട് ബിഗ് ബോസ് ഹൗസിൽ പലപ്പോഴായി ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ലക്ഷ്മിപ്രിയയോട് ഫിലോമിനയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ടോ എന്ന് ഡെയ്സി ചോദിച്ചിരുന്നു.ബ്ലെസ്ലിയും ഡോക്ടറും അവിടെയുണ്ടായിരുന്നു. ഫിലോമിനയുടെ ഛായയുണ്ടെന്നും ഡെയ്സിയോട് ഇവർ പറഞ്ഞിരുന്നു.
അതേ സമയം നടി ഫിലോമിന അമ്മമ്മയാണെങ്കിലും ആ ലേബിൽ തനിക്ക് അറിയാൻ താൽപര്യമില്ലെന്ന് ഡെയ്സി പറഞ്ഞിരുന്നു. സ്വന്തമായൊരു മേൽവിലാസം ഉണ്ടാക്കിയെടുക്കാനാണ് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞിരുന്നു.നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം എന്നാണ് ബിഗ് ബോസ് വേദിയിൽ ഡെയ്സി തന്നെ പരിചയപ്പെടുത്തിയത്.
ഇനി കടന്നു വരുന്ന ഫോട്ടോഗ്രാഫർമാർക്ക് എന്തെങ്കിലും ചെയ്യാൻ വേണ്ടിയിട്ടാണ് ബിഗ് ബോസ് ഹൗസിൽ എത്തിയതെന്നും ഡെയ്സി പറഞ്ഞിരുന്നു. യൂട്യൂബ് നോക്കിയാണ് ഫോട്ടോഗ്രാഫിയുടെ ബാലപാഠങ്ങൾ ഡെയ്സി മനസ്സിലാക്കിയത്. വിവാഹ ഫോട്ടോഗ്രഫിയിലും ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനകം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡെയ്സി കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ്.
വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തന്റേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെ ആണ് ഡെയ്സി നയിക്കുന്നത്.