കുടുംബചിത്രങ്ങളുടെ അമരക്കാരനായ സത്യൻ അന്തിക്കാട് ജയറാമിനെ നായകനാക്കി ഒരുക്കിയ സൂപ്പർഹിറ്റ് സിനിമയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങൾ. മലയാളി സിനിമാ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നുകൂടിയാണ് കൊച്ചു കൊച്ചു സന്തോഷങ്ങൾ.
തിയ്യറ്ററുകളിൽ മികച്ച അഭിപ്രായവും വിജയവും നേടിയെടുത്ത ഈ സിനിമയിൽ ജയറാമിന് ഒപ്പം ലക്ഷ്മി ഗോപാലാസ്വാമി, കാവ്യ മാധവൻ, ഇന്നസെന്റ്, ഭാനുപ്രിയ, കാളിദാസ് ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 2000ൽ പ്രദർശനത്തിനെത്തിയ സിനിമ വലിയ പ്രേക്ഷകപ്രീതി നേടിയിരുന്നു.
ഈ ചിത്രത്തിൽ ജയറാമിന്റെ മകനായിട്ട് തന്നെയായിരുന്നു കാളിദാസ് ജയറാമും ചിത്രത്തിലെത്തിയത്. പ്രശസ്ത എഴുത്തുകാരനായ സിവി ബാലകൃഷ്ണനായിരുന്നു ചിത്രത്തിന്റെ കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത്. സത്യൻ അന്തിക്കാടായിരുന്നു ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ, സുകു നായർ എന്നിവർ നിർമ്മിച്ച ഈ ചിത്രം കൽപക ഫിലിംസ് ആണ് വിതരണം ചെയ്തത്. ഇപ്പോൾ ചിത്രം വീണ്ടും ഓർമ്മിപ്പിച്ചിരിക്കുകയാണ് നടി ലക്ഷ്മി ഗോപാലസ്വാമി.
ചിത്രത്തിൽ തന്റെ മകനായി അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയനായ യുവതാരമായി മാറിയ കാളിദാസിനെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കു വെച്ചിരിക്കുകയാണ് നടി.
ഇപ്പോഴിതാ, ചിത്രം റിലീസ് ചെയ്ത് 21 വർഷങ്ങൾ പിന്നിടുമ്പോൾ അച്ചുവും അമ്മയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണെന്നാണ് സോഷ്യൽ മീഡിയയും ചൂണ്ടിക്കാട്ടുന്നത്.
പുതിയ സിനിമയുടെ ലൊക്കേഷനിലാണ് കാളിദാസും ലക്ഷ്മി ഗോപാലസ്വാമിയും കണ്ടുമുട്ടിയത്. ഞങ്ങളുടെ ഏറ്റവും പ്രശസ്തമായ കൊച്ചു കൊച്ചു സന്തോഷങ്ങളിൽ എന്റെ മകനായി അരങ്ങേറ്റം കുറിച്ച എന്റെ പ്രിയപ്പെട്ട കാളിദാസിനെ 21 വർഷത്തിനു ശേഷം വീണ്ടും കണ്ടുമുട്ടി എന്നാണ് ലക്ഷ്മി ഗോപാലസ്വാമി കുറിച്ചിരിക്കുന്നത്.
കാളിദാസിന് ഒരു ശോഭനമായ ഭാവി ആശംസിക്കുന്നു എന്നാണ് കാളിദാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് വീണ്ടും കണ്ടതിന്റെ സന്തോഷം ലക്ഷ്മി ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. വിനിൽ വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് ഇരുവരും വീണ്ടും നീണ്ട നാളുകൾക്ക് ശേഷം ഒന്നിക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
നവരസ ഫിലിംസ് നിർമിച്ച ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് വിൻസെന്റ് വടക്കനാണ്. കാളിദാസ് ജയറാം, നമിത പ്രമോദ്, സൈജു കുറുപ്പ്, റീബ മോണിക്ക ജോൺ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.