പ്രണവ് കല്യാണി ചിത്രം ഹൃദയം പറയുന്നത് വിനീത് ശ്രീനിവാസന്റെ യഥാർത്ഥ പ്രണയം: സൂചന നൽകി വിനീത്

40

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹൃദയം. നാളുകൾക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാലാണ് നായകനായെത്തുന്നത്. നായികയായി അഭിനയിക്കുന്നത് കല്യാണി പ്രിയദർശനും.

മലയാള സിനിമയിലെ പുതുതലമുറ ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ തന്നെ ഹൃദയം ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. മോഹൻലാലും ശ്രീനിവാസനും പ്രിയദർശനും മലയാളികൾക്ക് നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ചവരാണ്. ആ ചരിത്രം മക്കളും ആവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisements

എന്നാൽ ചിത്രത്തെ കുറിച്ചുള്ള മറ്റൊരു വിവരവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. പുറത്ത് വരുന്ന പുതിയ സൂചനകൾ പറയുന്നത് ഹൃദയം വിനീതിന്റെ തന്നെ കഥയാണ്. വിനീതിന്റേയും ഭാര്യ ദിവ്യയുടേയും പ്രണയമാണ് ചിത്രം പറയുന്നതെന്നാണ് സൂചനകൾ ലഭിക്കുന്നത്. വിനീതിന്റെ തന്നെ വാക്കുകളാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്.

മാർച്ച് 31 ന് വിനീത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമായിരുന്നു എല്ലാത്തിന്റേയും തുടക്കം. ദിവ്യയുമൊത്തുള്ള 16-ാം വാർഷികത്തിന്റെ സന്തോഷമായിരുന്നു താരം പങ്കുവച്ചത്. ഇതിനായി പോസ്റ്റ് ചെയ്തത് ഹൃദയത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രമായിരുന്നു.

ഈ ചിത്രം എടുത്തത് വിനീതും ദിവ്യയും പഠിച്ച അതേ ക്യാമ്പസിലായിരുന്നു. 2004 മുതൽ 2006 തങ്ങൾ കറങ്ങി നടന്നിരുന്ന സ്ഥലമാണെന്നും വിനീത് പറഞ്ഞിരുന്നു. ഇതേ ക്യാമ്പസിലാണ് ഹൃദയത്തിന്റെ ചിത്രീകരണവും നടക്കുന്നത്. ഇതോടെ ആരാധകർ സംശയം ഉന്നയിക്കുകയായിരുന്നു.

നിങ്ങളുടെ പ്രണയമാണോ ചിത്രം പറയുന്നതെന്ന് ആരാധകർ ചോദിക്കുകയായിരുന്നു. ഇതിന് വിനീത് നൽകിയ മറുപടി തങ്ങളുടെ കഥയാണെന്ന് പറയാനാകില്ല, പക്ഷെ ആ സമയത്തിന്റെ ഓർമ്മകൾ തന്നെയാണെന്നായിരുന്നു. ഇതോടെ ആരാധകർ ആവേശത്തിലായിരിക്കുകയാണ്.

ഹൃദയത്തിന്റെ ചിത്രീകരണം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ നിർത്തിയിരിക്കുകയാണ്. മരക്കാറിന് ശേഷം പ്രണവും കല്യാണിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയം. മരക്കാർ പുറത്തിറങ്ങാനിരിക്കവെയാണ് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത്.

Advertisement