സൂപ്പർ ഡയറക്ടർ ജീത്തുജോസഫ് മലയാളത്തിന്റെ നടന വിസ്മയം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ദൃശ്യം 2 ആമസോൺ പ്രൈമിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ആദ്യഭാഗത്തെ പോലെ തന്നെ ഈ ചിത്രവും സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ചിരിക്കുയാണ്.
ഇപ്പോഴിതാ ദൃശ്യം 2 ന്റെ വിജയത്തിൽ ഡിജിറ്റൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് കുറിപ്പിട്ടിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ. ഡിജിറ്റൽ ഇന്ത്യക്ക് നന്ദി. ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല.
2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പബത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒടിടി റിലീസിംഗ് എന്നാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്. ദൃശ്യം 2 കണ്ടതിന് ശേഷം മോഹൻലാലിനെ പ്രശംസിച്ച് പങ്കുവെച്ച കുറിപ്പിലാണ് മോഡി സർക്കാരിന്റെ വികസന വിജയങ്ങളെ കുറിച്ച് സന്ദീപ് വാര്യർ പറഞ്ഞത്.
ദൃശ്യം ഗംഭീരമായിട്ടുണ്ടെന്നും ആദ്യ ഭാഗം പോലെ തന്നെ സസ്പൻസ് നിലനിർത്താനായെന്നും സന്ദീപ് പറയുന്നു. അതേസമയം നോട്ട് നിരോധനമാണ് കോവിഡ് കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതെന്നും സന്ദീപ് വാര്യർ പറയുന്നു.
സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ലാലേട്ടാ ദൃശ്യം 2 കണ്ടു ഗംഭീരം ആദ്യ സിനിമ പോലെ തന്നെ സസ്‌പെൻസ് നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ മലയാള സിനിമ പുതിയൊരു നോർമലിലേക്ക് വിജയകരമായി കടന്നിരിക്കുകയാണ്. ഒടിടി പ്ലാറ്റ് ഫോം വഴി റിലീസിംഗിന് ഇനി കൂടുതൽ സിനിമകളെത്തും.
ഡിജിറ്റൽ ഇന്ത്യക്ക് നന്ദി ഡിജിറ്റൽ ബാങ്കിംഗ് ട്രാൻസാക്ഷനിലെ വർദ്ധനവുണ്ടായിരുന്നില്ലെങ്കിൽ ഒടിടി റിലീസിംഗ് ജനകീയവും വിജയവുമാകുമായിരുന്നില്ല. 2016ലെ ഡിമോണിറ്റൈസേഷൻ, കോവിഡ് മഹാമാരിയുടെ കാലത്തും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ സജീവമാക്കി നിർത്താൻ സഹായിച്ചതിന്റെ നേർസാക്ഷ്യമാണ് ദൃശ്യം 2 ഒടിടി റിലീസിംഗ്.
കാര്യങ്ങളെ വളച്ചൊടിക്കരുതെന്നും നോട്ട് നിരോധനത്തെ വെള്ളപൂശാൻ ശ്രമിക്കണ്ടെന്നും ഉൾപ്പെടെയാണ് കമന്റുകൾ.അതേസമയം സന്ദീപ് വാര്യറുടെ കുറിപ്പിന് താഴെ നിരവധി പേരാണ് വിമർശനവുമായി എത്തിയത്.