സജീവ് പിള്ളയുടെ ആ സിനിമ കണ്ടിരുന്നെങ്കിൽ 13 കോടിയും ഒരു വർഷത്തെ ദുരിതവും ഒഴിവായേനേ; മാമാങ്കത്തിന് സംഭവിച്ചത് ഇതാണ്: വൈറൽ കുറിപ്പ്

36

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നതിനപ്പുറം മാമാങ്കം വാർത്തകളിൽ നിറഞ്ഞത് വിവാദങ്ങൾക്കൊപ്പമായിരുന്നു. യുവനടൻ ധ്രുവൻ, സംവിധായകൻ സജീവ് പിള്ള ഉൾപ്പടെയുള്ള അണിയറ പ്രവർത്തകരെ പുറത്താക്കിയതോടെയാണ് വിവാദങ്ങൾ തുടങ്ങുന്നത്. പിന്നീട് വധ ഭീഷണിയും കേസുമൊക്കെയായി വൻ വിവാദങ്ങളുണ്ടായി.

സംവിധായകന്റേയും നിർമാതാവിന്റേയും ഭാഗം പിടിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ പങ്കുവെച്ചു. ഇപ്പോൾ മാമാങ്കത്തിൽ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ വിവാദങ്ങൾക്കും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ ഫിനാൻസ് കൺട്രോളർ ഗോപകുമാർ. മാമാങ്കത്തിന്റെ തിരക്കഥയുമായി ആദ്യ സംവിധായകൻ സജീവ് പിള്ള വന്നതുമുതൽ ഉണ്ടായ കാര്യങ്ങൾ ഗോപകുമാർ തന്റെ പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ ധ്രുവനെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisements

ഗോപകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം:

മുൻപ് മാമാങ്കം പ്രതിസന്ധിയിലായപ്പോളും സിനിമയുമായി ബന്ധപ്പെട്ട് പല വ്യാജ വാർത്തകളും ആരോപണങ്ങളും ഉയർന്നപ്പോളും ഒരു തുറന്നു പറച്ചിലിന് പല തവണ മുതിർന്നതാണ്, എന്നാൽ പക്വത കാണിക്കണമെന്നും പരസ്യമായി വഴക്കിനു പോകരുതെന്നും നിയമമുണ്ടെന്നും പറഞ്ഞ് പ്രൊഡ്യൂസറാണ് എന്നെ വിലക്കിയത്. ഒരു നിറം പിടിപ്പിച്ച കള്ളത്തിന് കിട്ടുന്ന സ്വീകാര്യതയും പരിവേഷവും, വൈകാരിക തലങ്ങളും ഇവിടെ പലപ്പോളും സത്യത്തിന് ലഭിക്കാറില്ല. പക്ഷെ ആത്യന്തികമായി സത്യമേ ജയിക്കൂ, അതേ നിലനിൽക്കുകയുള്ളൂ.

കോടതി തള്ളിക്കളഞ്ഞ സജീവ് പിള്ളയുടെ കള്ളങ്ങൾ അറിയാത്ത ചുരുക്കം ചിലരാണ് ഇപ്പോഴും അപവാദങ്ങൾ പ്രചരിപ്പിക്കുന്നത്, അതവരുടെ കുറ്റമേയല്ല, കാരണം സത്യം എന്താണെന്ന് അവർക്കറിയില്ല.സജീവ് പിള്ള ആദ്യമായി പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളിയെ കാണാൻ വരുന്ന ദിവസം മുതൽ മാമാങ്കത്തിനൊപ്പം പ്രവർത്തിക്കുന്നയാളാണ് ഞാൻ. അന്നുമുതൽ സജീവ് പിള്ളയ്ക്കും മാമാങ്കത്തിനും ഒപ്പം നടന്ന എന്നെക്കാൾ നന്നായി മറ്റൊരാൾക്ക് ആ സത്യങ്ങൾ പറയാനും കഴിയില്ലായിരിക്കും.

നിങ്ങളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ കാണുമായിരിക്കും, മാമാങ്കത്തിൽ ആരാണ് വഞ്ചിക്കപ്പെട്ടത്? സജീവ് പിള്ള ഗംഭീരമായി ഷൂട്ട് ചെയ്തെങ്കിൽ അതിൽ ഏറ്റവും സന്തോഷിക്കേണ്ടത് 13 കോടി മുടക്കിയ പ്രൊഡ്യൂസർ അല്ലേ? പിന്നീട് എന്തുകൊണ്ട് സംവിധായകനെ മാറ്റി? ഒരു നടനെയും മറ്റു ചില ടെക്നിക്കൽ സ്റ്റാഫിനെയും എന്തിനു മാറ്റി? സജീവ് പിള്ളയ്ക്ക് അയാൾ പറയുന്നത് പോലെ പ്രൊഡ്യൂസർ പണം കൊടുക്കാതിരുന്നോ? ആരാണ് ആദ്യം പരാതിയുമായി അസോസിയേഷനെ സമീപിച്ചത്? ആരാണ് ആദ്യം കേസ് കൊടുത്തത്?

സജീവ് പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം തന്നെയാണോ? സജീവ് പിള്ള ഷൂട്ട് ചെയ്ത ഫുട്ടെജിന്റെ നിലവാരം പരിശോധിച്ച സിനിമാ സംഘടനകൾ പറഞ്ഞതെന്ത്? സജീവ് പിള്ളയുടെ രണ്ടാം ഷെഡ്യൂളിന്റെ തുടക്കത്തിൽ തന്നെ ആർട്ടിസ്റ്റുകളും ടെക്നിക്കൽ സ്റ്റാഫും സംവിധായകന് പണിയറിയില്ല എന്ന് പ്രൊഡക്ഷനോട് പരാതി പറഞ്ഞത് വാസ്തവമാണോ? പതിമൂന്ന് കോടി ചിലവാക്കി സജീവ് പിള്ള ഷൂട്ട് ചെയ്ത വിഷ്വൽസ് എന്ത് കൊണ്ട് സിനിമയിൽ ഉപയോഗിക്കാൻ കഴിയാതെ ഉപേക്ഷിക്കേണ്ടി വന്നുവിശദമാക്കാം..

ആദ്യ ദിവസം ഞങ്ങൾ കഥ കേൾക്കാനിരിക്കുമ്പോൾ പതിനെട്ടു വർഷമെടുത്ത് തയ്യാറാക്കി എന്നവകാശപ്പെട്ട സജീവ് പിള്ളയുടെ സ്‌ക്രിപ്റ്റ് ഒരു രണ്ടര മണിക്കൂർ ഷൂട്ടിംഗ് സ്‌ക്രിപ്റ്റെ ആയിരുന്നില്ല. ഷൂട്ട് ചെയ്താൽ ഏതാണ്ട് അഞ്ചു മണിക്കൂറോളം വരുമായിരുന്ന നോവൽ രൂപത്തിലുള്ള ആ കഥയിൽ അര മണിക്കൂറോളം കഥ നടക്കുന്നത് യൂറോപ്പിൽ ആയിരുന്നു (തമാശയല്ല സത്യമാണ്).

കഥ കേട്ട പ്രൊഡ്യൂസർ ആദ്യം പറഞ്ഞത് പോരായ്മകൾ പരിഹരിച്ച് ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് ആക്കാനും ഇതൊരു വലിയ ബട്ജറ്റ് പിരിയഡ് സിനിമയായതിനാൽ പുതിയൊരാളെ വച്ചു പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ് എന്നുമായിരുന്നു. എന്നാൽ പറയും പോലെ ചെയ്യാമെന്നും പ്രൂവ് ചെയ്യാൻ ഒരവസരം തരണമെന്നും മേക്കിംഗ് നിലവാരമില്ലെങ്കിൽ പ്രൊഡ്യൂസറും ഡയറക്ടറും തമ്മിലുണ്ടാക്കിയ എഗ്രിമെന്റ് പ്രകാരം മറ്റൊരാളെ കൊണ്ട് സംവിധാനം ചെയ്യിക്കാൻ സമ്മതമാണെന്നും പറഞ്ഞ് കരാർ ഒപ്പിട്ട് അഡ്വാൻസ് വാങ്ങുകയാണ് അദ്ദേഹം ചെയ്തത്. അന്ന് ആ എഗ്രിമെന്റിൽ സജീവ് പിള്ളയ്ക്കൊപ്പം ഇരുന്ന്, വായിച്ച് സാക്ഷി ഒപ്പിട്ട ഒരാൾ ഞാൻ ആയിരുന്നു.

മംഗലാപുരത്ത് ആദ്യ ഷെഡ്യൂൾ ഷൂട്ട് തുടങ്ങുമ്പോൾ ബജറ്റ് നോക്കാതെ സംവിധായകൻ ചോദിച്ചതെല്ലാം ഒന്നുപോലും വിടാതെ അനുവദിച്ചു കൊടുത്തയാളാണ് പ്രൊഡ്യൂസർ. സംവിധായകന്റെ പരിചയമില്ലായ്മ കൊണ്ടും പിടിവാശി കൊണ്ടും മാത്രം ഏതാണ്ട് അഞ്ചു കോടിയോളം രൂപയാണ് ആ പത്തു ദിവസത്തെ ഷെഡ്യൂളിൽ ചിലവായത്. അതിന്റെ എഡിറ്റിനായി ചെന്നൈയിൽ പോയപ്പോളാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്..

ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്ത 32 മിനിറ്റിന്റെ കാര്യം പരിതാപകരമായിരുന്നു. ഇവിടെ വച്ചു നിർത്തിയാൽ ബാക്കി തുക നഷ്ടം വരാതെ നോക്കാമെന്നുള്ള എഡിറ്ററുടെ കമന്റ് കേട്ട് ഒരുവാക്ക് പോലും മിണ്ടാതെ വിഷമിച്ചിരുന്ന വേണു കുന്നപ്പിള്ളിയെന്ന പ്രൊഡ്യൂസറുടെ മുഖം എനിക്കിന്നും ഓർമ്മയുണ്ട്. എഗ്രിമെന്റ് വ്യവസ്ഥകൾ ഒന്നും നോക്കാതെ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ സജീവ് പിള്ളയ്ക്ക് ചോദിച്ച തുക കൊടുത്ത, അയാളെ പൂർണ്ണമായും വിശ്വസിച്ച വേണു സാറിന്റെ മുഖമേ എനിക്ക് ഓർമ്മയുള്ളൂ.

എന്നാൽ സജീവ് പിള്ളയുടെ വാദം മറ്റൊന്നായിരുന്നു. തന്റെ കുഴപ്പം കൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്നും, ഒപ്പമുള്ള ഡയറക്ഷൻ ടീമിന്റെ കഴിവ് കുറവ് കൊണ്ടാണ് ഇത് സംഭവിച്ചതെന്നും മറ്റൊരു ടീമിനെ വച്ച് രണ്ടാം ഷെഡ്യൂൾ കുഴപ്പങ്ങൾ ഇല്ലാതെ ചെയ്യാമെന്നും പ്രൊഡക്ഷനെ അയാൾ വിശ്വസിപ്പിച്ചു. എന്നാൽ അതിനു മുൻപ് തന്നെ ഈ സംവിധായകനൊപ്പം ഇനി മുതൽ ജോലി ചെയ്യാനാവില്ല എന്ന് ഡയറക്ഷൻ ടീം അംഗങ്ങളും വ്യക്തമാക്കിയിരുന്നു.

അങ്ങനെ പുതിയ ടീമുമായി മുപ്പത് ദിവസത്തെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചു, സംവിധായകന്റെ പല കാര്യങ്ങളിലുമുള്ള ക്ലാരിറ്റി കുറവ് കൊണ്ട് നിത്യേന പ്രശ്നങ്ങളായി, ആർട്ടിസ്റ്റുകൾ, ടെക്നിക്കൽ സ്റ്റാഫ്, ലൈറ്റ് ബോയ് വരെ സംവിധായകനെ കളിയാക്കുന്ന ലെവലിലേക്ക് കാര്യങ്ങൾ നീങ്ങി. വീണ്ടും ചിലവായത് എട്ടു കോടിയോളം രൂപ..കാര്യങ്ങൾ കൈവിട്ട അവസ്ഥയിൽ പ്രൊഡ്യൂസർ ഇടപെട്ട് ഇരുപത്തിയാറാം ദിവസം ഷെഡ്യൂൾ അവസാനിക്കും മുൻപ് ഷൂട്ടിംഗ് നിർത്തി വയ്പ്പിക്കുകയാണ് സത്യത്തിൽ ഉണ്ടായത്.

വീണ്ടും ഞങ്ങൾ ചെന്നൈക്ക്. ഈ സിനിമയിൽ വർക്ക് ചെയ്ത് പേര് കളയാൻ താൽപര്യമില്ലെന്ന രീതിയിലുള്ള എഡിറ്ററുടെ സംസാരത്തിന് ഞാനും സാക്ഷിയാണ്. ഈയവസരത്തിൽ സജീവ് പിള്ളയ്ക്ക് പ്രതിഫലമായി തിരക്കഥയുടെ വിലയുൾപ്പെടെ ചോദിച്ച 23 ലക്ഷം കൂടാതെ ഏതാണ്ടൊരു മൂന്ന് ലക്ഷത്തോളം രൂപ മറ്റു ചിലവുകൾക്കായും നൽകിയിരുന്നു. ഞാൻ സാക്ഷിയാണ്, ഇത് കൂടാതെ ഞാനടക്കം ചിലരിൽ നിന്നും അദ്ദേഹം പലപ്പോളായി പല ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങിയിരുന്നു. കോടതിയിൽ പണം കിട്ടിയില്ലെന്ന പച്ചക്കള്ളം പണം കൊടുത്ത തെളിവുകൾ നിരത്തിയപ്പോൾ പൊളിഞ്ഞതുമാണ്.

അങ്ങനെ സിനിമ പ്രതിസന്ധിയിലായി, ചർച്ചകൾ നടന്നു. സജീവ് പിള്ളയെ മാറ്റാൻ അപ്പോളും പ്രൊഡ്യൂസർ ആവശ്യപ്പെട്ടില്ല, ഈ സിനിമ നടന്നു കാണണമെന്നുള്ളത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഒരു ക്രിയേറ്റീവ് ഡയറക്ടർ വരും, തീരുമാനങ്ങൾ ചേർന്നെടുക്കണം, സംവിധായകൻ സജീവ് പിള്ള തന്നെ. എന്നാൽ പിടിവാശിക്കാരനായ സജീവ് പിള്ള യാഥാർത്ഥ്യങ്ങൾ അംഗീകരിച്ചില്ല, അദ്ദേഹം സിനിമാ സംഘടനകൾക്ക് പരാതി കൊടുത്തു. ഇതോടെ കാര്യങ്ങൾ കൈവിട്ടുപോയി. സിനിമ ഉപേക്ഷിക്കാൻ പലരും ഉപദേശിച്ചു.

തുടക്കത്തിൽ നിർമ്മാണ കമ്ബനിയെ പ്രതി സ്ഥാനത്ത് നിർത്തിയ സംഘടനകൾ പക്ഷെ സജീവ് പിള്ള ഷൂട്ട് ചെയ്ത ഫുട്ടേജ് കണ്ടപ്പോൾ നിർമ്മാതാവിനൊപ്പം നിന്നു. കമ്പനിയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ട് ഒരു എക്സിക്യുട്ടീവ് ഡയറക്ടറെ കൂടി ഉൾപ്പെടുത്തി മുന്നോട്ടു പോകാൻ ഫെഫ്ക ഭാരവാഹികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സംവിധായകനെ ഉപദേശിച്ചു, എല്ലാവരുടെയും സാന്നിദ്ധ്യത്തിൽ തയ്യാറാക്കിയ ആ പുതിയ കരാർ സംവിധായകനും ഒപ്പുവച്ചു.

അസോസിയേഷൻ എം.പത്മകുമാറിനെ നിർദേശിച്ചു, എന്നാൽ പപ്പേട്ടൻ തുടക്കത്തിൽ സമ്മതിക്കാതിരിക്കുകയാണ് ഉണ്ടായത്. ഒടുവിൽ നിർബന്ധിപ്പിച്ച് സമ്മതിപ്പിക്കുമ്‌ബോളും സംവിധാനം സജീവ് പിള്ള തന്നെ. അങ്ങനെ ഷൂട്ട് ഡേറ്റ് തീരുമാനിച്ചു. എല്ലാം തയ്യാറെടുപ്പുകളും ആയപ്പോൾ എല്ലാവരെയും വഞ്ചിച്ചു കൊണ്ട് സജീവ് പിള്ള വീണ്ടും കാലുമാറി. ഒരു കൂട്ടം ആളുകളെയും അസോസിയേഷനുകളെയും ഒരു കൊല്ലത്തോളം ഇതിന്റെ പിന്നിൽ ജീവിതം കളഞ്ഞവരെയും വിഡ്ഢികളാക്കി അയാൾ ഈ സിനിമ ഒരിക്കലും നടക്കാതിരിക്കാനും തടയാനും കോടതിയെ സമീപിച്ചു.

പിന്നീട് നിയമത്തിന്റെ വഴികൾ. സജീവ് പിള്ളയുടെ കള്ളങ്ങൾ ഓരോന്നായി കോടതിയിൽ പൊളിഞ്ഞു. കഷ്ടപ്പെട്ട് സമ്ബാദിച്ച പതിമൂന്ന് കോടി നഷ്ടപ്പെട്ട്, ഒരു വലിയ സമയവും അദ്ധ്വാനങ്ങളും വെറുതെയാക്കി, മാനസിക വിഷമങ്ങൾ ഉണ്ടാക്കി, വഞ്ചിക്കപ്പെട്ട ഒരു നിർമ്മാതാവിന്റെ മനസ്സ് കോടതി കണ്ടു, സത്യം ജയിച്ചു.

ധ്രുവനെ മാറ്റിയത്, എഗ്രിമെന്റ് കാലാവധി കഴിയും മുന്നേ അയാൾക്ക് മറ്റൊരു ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നതുകൊണ്ടാണ്, ധ്രുവന് പരാതിയില്ല, കമ്ബനിക്കും പരാതിയില്ല. അഞ്ചു മാസത്തോളം പ്രശ്നങ്ങളിൽ പെട്ട് നിന്നുപോയ സിനിമയുടെ ടെക്നിക്കൽ സ്റ്റാഫ് പലരും മറ്റു ചിത്രങ്ങളിൽ കമ്മിറ്റ് ചെയ്തിരുന്നു. അവരെ ഒഴിവാക്കിയതല്ല, എഗ്രിമെന്റ് സമയം അവസാനിച്ചതാണ്. അതിനാൽ വന്ന ഭീമമായ നഷ്ടവും കമ്ബനി സഹിക്കേണ്ടി വന്നു എന്നതാണ് വാസ്തവം.

മറ്റൊരു സത്യം കൂടിയുണ്ട്, സജീവ് പിള്ളയുടെ ആദ്യ ചിത്രം മാമാങ്കം അല്ല, അത് ‘പെൺകൊടി’ ആണ്. അനവധി ഫെസ്റ്റിവലുകളിൽ നിന്ന് ആ ചിത്രം തിരസ്‌ക്കരിക്കപ്പെട്ടു. എവിടെയും സ്വീകരിക്കപ്പെട്ടില്ല, അന്നത് കണ്ട ഡിസ്ട്രിബ്യൂട്ടെഴ്സിൽ ചിലർ പതിനഞ്ചു മിനിറ്റ് പോലും തികച്ച് കണ്ടിരിക്കാനാവാതെ സ്ഥലം കാലിയാക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് അറിയുന്നത്. അത് കണ്ടിരുന്നെങ്കിൽ ഒരുപക്ഷെ വേണു സാറിന്റെ പതിമൂന്ന് കോടിയും ഒരു വർഷത്തെ ദുരിതവും കഷ്ടനഷ്ടങ്ങളും ഒഴിവായിപ്പോയേനെ.

ആരാണിവിടെ വഞ്ചിക്കപ്പെട്ടത്?

ഒരു വശത്ത് കള്ളങ്ങൾ നിരത്തി തെറ്റിദ്ധരിപ്പിച്ച ഒരു സംവിധായകൻ, ആദ്യം ചെയ്ത പെൺകൊടിയെന്ന സിനിമ അദ്ദേഹം മറച്ചു വച്ചു. മാമാങ്കം രണ്ട് വർഷം കൊണ്ടെഴുതിയ കഥയെന്നാണ് ആദ്യം കാണുമ്‌ബോൾ അദ്ദേഹം അഭിപ്രായപ്പെട്ടത്, തിരുനാവായയിൽ ആർക്കും അറിയുന്ന ഒരു കഥ, മിക്കതും പഴയ ഉദയായുടെ മാമാങ്കത്തിലെ അതേ കഥാപാത്രങ്ങൾ.. പിന്നീട് കോടതിയുടെ സഹതാപം പിടിച്ചു പറ്റാനും ആളുകളെ കയ്യിലെടുക്കാനും അത് പന്ത്രണ്ടും പതിനെട്ടും വർഷങ്ങളായി, ഒരു മനുഷ്യായുസ്സിന്റെ കാൽ ഭാഗം എടുത്തിട്ടും ഒരു ഷൂട്ടിംഗ് സ്‌ക്രിപ്റ്റ് അദ്ദേഹത്തിന് തയ്യാറാക്കാൻ കഴിയാതെ പോയെന്നത് മറ്റൊരു തമാശ.

ഒരു തുടക്കക്കാരന് കിട്ടാവുന്ന ഏറ്റവും വലിയ തുക പ്രതിഫലമായി സിനിമയുടെ തുടക്കത്തിൽ തന്നെ വാങ്ങി പോക്കറ്റിലാക്കുകയും പിടിവാശിയും അറിവില്ലായ്മയും കാരണം ഒരു സിനിമയെ വളരെയധികം മോശമാക്കുകയും, രണ്ട് ഷെഡ്യൂളിലും സംഭവിച്ച കുഴപ്പങ്ങൾ ക്ഷമിച്ചു കൊണ്ട് നഷ്ട്ടപ്പെട്ട പതിമൂന്ന് കോടിയും മറക്കാൻ തയ്യാറായി സംവിധായക സ്ഥാനത്ത് വീണ്ടും സജീവ് പിള്ളയെ നിർത്തി ചിത്രം പൂർത്തിയാക്കാൻ ശ്രമിച്ച നിർമ്മാതാവിനോട് പലതവണ മോശമായി പെരുമാറുകയും തന്റെ വാശി ജയിക്കാൻ നിരവധി പേരുടെ ഭാവി തുലാസിലാക്കുകയും ഒടുവിൽ കോടതി കയറ്റി ആ സിനിമയെ ഇല്ലായ്മ ചെയ്യാൻ നിരന്തരം പരിശ്രമിക്കുകയും ചെയ്ത സജീവ് പിള്ള..

മറു വശത്ത് ഒരു വ്യക്തിയെ വിശ്വസിച്ച് സിനിമയെടുക്കാനിറങ്ങി സമ്ബാദ്യത്തിൽ വലിയൊരു പങ്ക് അതിനായി വിനിയോഗിക്കുകയും ഷൂട്ട് ചെയ്തതിൽ ഒരു ഷോട്ട് പോലും ഉപയോഗിക്കാനാവാതെ പതിമൂന്ന് കോടിയും, രണ്ട് സിനിമയെടുക്കാവുന്ന സമയവും നഷ്ട്ടപ്പെടുത്തി, മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ച്, തുടക്കം മുതൽ വീണ്ടും ഷൂട്ട് ചെയ്യേണ്ടി വരികയും അതിനായി വൻ തുക വീണ്ടും മുടക്കേണ്ടി വരികയും കാര്യമറിയാത്ത ആളുകളുടെ പരിഹാസങ്ങൾ കേൾക്കേണ്ടി വരികയും കോടതി കയറേണ്ടി വരികയും ചെയ്ത ഒരു നിർമ്മാതാവ്.. ഇത്രയധികം പ്രതിസന്ധികൾ തരണം ചെയ്ത് നിർമ്മാതാവ് സിനിമ പൂർത്തിയാക്കിയപ്പോൾ വീണ്ടും പ്രശ്നമുണ്ടാക്കുന്നതിന്റെ ഉദ്ദേശം പണം തട്ടൽ മാത്രമാണ്.

സിനിമയിലെന്നല്ല എവിടെയായാലും മനുഷ്യൻ നന്ദിയുള്ളവനായിരിക്കണം, ഉപകാരം ചെയ്തവരെ ദ്രോഹിക്കരുത്, പിടിവാശി കൊണ്ട് മറ്റുള്ളവരുടെ ജീവിതം നശിപ്പിക്കരുത്. പണമുണ്ടാക്കാൻ പച്ചക്കള്ളം പ്രചരിപ്പിക്കരുത്. ഞാനീ എഴുതിയത് മുഴുവൻ സത്യവും മാമാങ്കത്തിൽ ജോലി ചെയ്ത എല്ലാവര്ക്കും പകൽ പോലെ വ്യക്തവുമായ കാര്യങ്ങളാണ്..

Advertisement