സിദ്ദിഖ് ലാൽ കൂട്ടുകെട്ട് മലയാള സിനിമയിലെ എന്നത്തേയും സൂപ്പർ ഹിറ്റുകളൊരുക്കിയവരാണ് ഒരു കാലത്ത്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയായിരുന്നു ഇരുവരും ചേർന്ന് സംവിധാനം ചെയ്ത ആദ്യ ചിത്രം.
പിന്നീട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല, മന്നാർ മത്തായി സ്പീക്കിംഗ്, കിംഗ് ലയർ എന്നിവയായിരുന്നു സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്ന സിനിമകൾ. എന്നാൽ സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയുണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ലാൽ പറയുന്നത്.
സിദ്ദിഖിനൊപ്പം ഇനിയൊരു സിനിമയ്ക്കുള്ള സാധ്യതയില്ല. ഞങ്ങൾ തമ്മിലുള്ള അകലം ഇപ്പോൾ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകൾ വേറെ, സംസാരിക്കുന്ന വിഷയങ്ങൾ വേറെ.
പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവർത്തിച്ച കിങ് ലയർ എന്ന സിനിമയോടെ ഇക്കാര്യം കൂടുതൽ ബോധ്യമായി. രണ്ട് വർഷം ഒരുമിച്ച് ഇരുന്നാൽ പോലും റാം ജി റാവു സ്പീക്കിങ്ങ്, ഗോഡ് ഫാദർ പോലുള്ള ഒരു സിനിമ സാധ്യമാവുമെന്ന് തോന്നുന്നില്ല.
പണ്ട് തങ്ങൾക്കിടയിൽ പരസ്പര ബഹുമാനമായിരുന്നില്ല, സൗഹൃദമായിരുന്നു. ആ സ്വാതന്ത്ര്യം ഇന്നില്ല, സംസാരിക്കുന്നത് പോലും തേച്ച് മിനുക്കിയ ഭാഷയിലാണ്. അതൊരു വലിയ മാറ്റമാണ്. തമ്മിൽ കാണാറുള്ളത് വല്ല വിവാഹ ചടങ്ങുകൾ പോലുള്ളവയിൽ മാത്രമായി മാറിയെന്നും മനോരമയുമായുള്ള അഭിമുഖത്തിൽ ലാൽ പറഞ്ഞു.