മലയാള സിനിമയിൽ നിറയെ ആരാധകരുള്ള നടനും സംവിധായകനും നിർമ്മാതാവും ഗായകനുമാണ് വിനീത് ശ്രീനിവാസൻ. ഗായകനായി എത്തി പിന്നീട് മലയാള സിനിമയിലെ മികച്ച രചയിതാവും സംവിധായകനും നടനുമായി മാറിയ താരമാണ് വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസന്റെ പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് പ്രവേശിച്ച വിനീത് ശ്രീനിവാസൻ ഇപ്പോൾ മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരം കൂടിയാണ്.
അതേ സമയം മലയാളികൾ സൂപ്പർഹിറ്റാക്കിയ നിരവധി ഗാനങ്ങൾ വിനീത് ആലപിച്ചിട്ടുണ്ട്. മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത നരൻ എന്ന സിനിമയിലെ ഓമൽ കൺമണി. എന്നു തുടങ്ങുന്ന പാട്ടിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട 2 വരി പാടിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.
ചിത്ര ആലപിച്ചിരിക്കുന്ന ഗാനത്തിൽ നാല് വരി മാത്രമാണ് വിനീതിന് ഉണ്ടായിരുന്നത്. എന്നാൽ, ഈ 2 വരി പാടാൻ താൻ പാടുപെട്ടു എന്നും എത്ര തവണ പാടിയിട്ടും ശരിയായില്ലെന്നാണ് വിനീത് പറയുന്നത്. ദീപക് ദേവാണ് ഈ പാട്ടിന്റെ സംഗീതസംവിധാനം. റെക്കോർഡിങ്ങിനായി വിനീത് ആദ്യമെത്തി.
ഓഹോഹോ ഓ നരൻ.ഓഹോ ഞാനൊരു നരൻ ,പുതുജന്മം നേടിയ നരൻ ഓ നരൻ ഞാനൊരു നരൻ(2) ഇത്രയും ഭാഗം മാത്രമാണ് ആ പാട്ടിൽ വിനീതിന് പാടാൻ ഉണ്ടായിരുന്നത്. എന്നാൽ, പലതവണ പാടിയിട്ടും ദീപക് ദേവ് ഉദ്ദേശിക്കുന്ന പോലെ ആകുന്നില്ല. അതിനിടയിൽ ചിത്ര കയറിവന്നു.
ഓമൽ കൺമണി എന്ന് തുടങ്ങുന്ന ആ പാട്ട് മൊത്തം റെക്കോർഡ് ചെയ്തു. വെറും അരമണിക്കൂർ കൊണ്ട് ചിത്ര അത് പാടി തീർത്തു. മുഴുവൻ പാട്ട് പാടി ചിത്ര റെക്കോർഡിങ് സ്റ്റുഡിയോയിൽ നിന്നു പോയി. ഇത് കണ്ടതും വിനീതിന് വിഷമമായി. നാല് വരി റെക്കോർഡ് ചെയ്യാൻ താൻ ഏതാണ്ട് ഒരു ദിവസം മുഴുവൻ സ്റ്റുഡിയോയിൽ ഇരിക്കേണ്ടി വന്നു എന്നാണ് വിനീത് പിന്നീട് വെളിപ്പെടുത്തിയത്.
വിനീത് കുറച്ചധികം കഷ്ടപ്പെട്ടെങ്കിലും പാട്ട് പിന്നീട് സൂപ്പർഹിറ്റായി. പ്രത്യേകിച്ച് ആ പാട്ടിൽ വിനീത് പാടിയ ഭാഗത്തിനു ഗംഭീര സ്വീകരണമാണ് ആരാധകർക്കിടയിൽ നിന്ന് ലഭിച്ചത്. റെക്കോർഡിങ് നീണ്ടുപോയപ്പോൾ ദീപക് ദേവിന് ദേഷ്യം വന്നു തുടങ്ങിയെന്നും വിനീത് പറഞ്ഞിരുന്നു.