ഒരുകാലത്ത് കൃത്യമായി പറഞ്ഞാൽ തൊണ്ണൂറുകളിൽ മലയാള സിനിയിൽ നിറഞ്ഞു നിന്നിരുന്ന സൂപ്പർ നടിയായിരുന്നു സുനിത. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കും രണ്ടാം നിര താരങ്ങൾക്കും എല്ലാം നായികയായി സുനിത നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
അതേ സമയം സിനിമയിൽ എത്തുമ്പോൾ പേര് മാറ്റിയ അഭിനേതാക്കൾ അനവധിയാണ്. പലരുടേയും യഥാർത്ഥ പേരുകൾ നമുക്കൊന്നും അറിയാനും വഴിയില്ല. പാലക്കാട്കാരനായ വേണുഗോപാലിന്റെ മകൾ വിദ്യ വേണുഗോപാൽ മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച നടിയാണ്.
അച്ഛൻ മലയാളി ആണെങ്കിലും വിദ്യ ജനിച്ചതും വളർന്നതുമെല്ലാം ആന്ധ്രാപ്രദേശിലാണ്. ഭുവന എന്നാണ് അമ്മയുടെ പേര്. കോടൈമഴൈ എന്ന തമിഴ് സിനിമയിൽ നായികയായി തുടക്കം കുറിക്കുമ്പോൾ വിദ്യ വേണുഗോപാൽ വിദ്യാശ്രീ എന്ന് പേരുമാറ്റിയിരുന്നു.
രജനീകാന്ത് അതിഥിതാരമായി എത്തിയ സിനിമയിൽ വിദ്യ എന്ന കഥാപാത്രമായിട്ടാണ് നടി അഭിനയിച്ചത്. സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്നാട്ടിൽ നടി കോടൈമഴൈ വിദ്യ എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി. തന്റെ പതിനാലാം വയസ്സിലായിരുന്നു നടിയുടെ അഭിനയജീവിതത്തിന്റെ തുടക്കം.
അടുത്ത വർഷം വിദ്യ വേണുഗോപാൽ എന്ന വിദ്യാശ്രീ മലയാളത്തിലും തുടക്കം കുറിച്ചു. രാജസേനൻ സംവിധാനം ചെയ്ത കണികാണുംനേരം എന്ന സിനിമയിലൂടെ ആയിരുന്നു അത്. വിനീത് നായകനായി എത്തിയ സിനിമയിൽ ഇന്ദു എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
എന്നാൽ സിനിമ വലിയ പരാജയമായിരുന്നു. സാജൻ സംവിധാനം ചെയ്ത നിറഭേതങ്ങൾ എന്ന സിനിമയിലും വിദ്യ പിന്നീട് അഭിനയിച്ചു. അതും പ്രേക്ഷക ശ്രദ്ധ നേടിയില്ല. ഐവി ശശി സംവിധാനം ചെയ്ത മൃഗയ എന്ന സിനിമയാണ് വിദ്യ വേണുഗോപാൽ എന്ന നടിക്ക് കരിയർ ബ്രേക്ക് നൽകുന്നത്.
മമ്മൂട്ടി നായകനായി എത്തിയ സിനിമയിൽ ഭാഗ്യലക്ഷ്മി എന്ന കഥാപാത്രമായി നടി ഗംഭീരപ്രകടനമാണ് നടത്തിയത്. ഇപ്പോഴും നടിയുടെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നകൂടിയായി അത് മാറി. മൃഗയയിൽ അഭിനയിക്കുമ്പോഴാണ് നടി വീണ്ടും പേര് മാറ്റുന്നത്.
വിദ്യാശ്രീ എന്ന പേര് സുനിതയിലേക്ക് മാറി. നമുക്ക് പരിചയമുള്ള പേരും സുനിത തന്നെ. മലയാളിവേരുകളുള്ള ആന്ധ്രാപ്രദേശ് സ്വദേശിനി സുനിത ഒരുകാലത്ത് മലയാള സിനിമയിലെ മുൻനിരനായകന്മാർക്കൊപ്പം തിളങ്ങി നിന്ന അഭിനേതാവ് ആയിരുന്നു.
മൃഗയ സിനിമയിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ സുനിതയെ തേടി നിരവധി അവസരങ്ങൾ എത്തി. മോഹൻലാലിന്റെ നായികയായി അപ്പു എന്ന സിനിമയിലാണ് സുനിത പിന്നീട് അഭിനയിക്കുന്നത്. മംഗലത്ത് സരോജനി എന്ന നായിക കഥാപാത്രം സുനിത മനോഹരമാക്കുകയും ചെയ്തു. സിനിമ അക്കാലത്ത് വലിയ വിജയമായില്ല എങ്കിലും സിനിമയിലെ പാട്ടുകൾ ഇപ്പോഴും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
കൂത്തമ്പലത്തിൽ വെച്ചോ കുറുമൊഴിക്കുന്നിൽ വെച്ചോ കുപ്പിവള ചിരിച്ചുടഞ്ഞൂ നിന്റെ കുപ്പിവള ചിരിച്ചുടഞ്ഞൂ, ഒരിക്കൽ നീ ചിരിച്ചാൽ എന്നോർമ്മകളിൽ തുളുമ്പും പൗർണമികൾ എന്നോമലാളെ തുടങ്ങിയ ഗാനങ്ങളൊക്കെ കേൾക്കുമ്പോൾ നമ്മുടെ ഓർമ്മകളിലും സുനിതയുടെ മുഖം തെളിയും. ഗജകേസരിയോഗം സിനിമയിലെ കാർത്തിക, ജോർജ്കുട്ടി കെയർ ഓഫ് ജോർജ്കുട്ടി സിനിമയിലെ ആലീസ്, നീലഗിരി സിനിമയിലെ ലക്ഷ്മി, സവിധം സിനിമയിലെ നീലിമ, മിമിക്സ് പരേഡ് സിനിമയിലെ സന്ധ്യ ചെറിയാൻ തുടങ്ങിയ സുനിത അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെ പ്രേക്ഷകർ മറക്കാൻ ഇടയില്ല.
കാസർഗോഡ് കാദർഭായ്, വാത്സല്യം, പൂച്ചയ്ക്കാര് മണിക്കെട്ടും, അദ്ദേഹം എന്ന ഇദ്ദേഹം, വക്കീൽ വാസുദേവ്, ആഗ്‌നേയം തുടങ്ങി നിരവധി സിനിമകളിൽ പിന്നീട് സുനിത അഭിനയിച്ചു. രാജ് എന്നയാളെ വിവാഹം കഴിച്ചതിന് ശേഷം ഒമ്പത് വർഷക്കാലം നീണ്ട സിനിമ അഭിനയജീവിതത്തോട് സുനിത ബൈ പറയുകയായിരുന്നു.
കളിവീട് എന്ന സിനിമയിലാണ് സുനിത അവസാനമായി അഭിനയിച്ചത്. ഇപ്പോൾ അമേരിക്കയിൽ താമസമാണ് മലയാളികളുടെ പ്രിയനടി സുനിത. ഒരു മകനുണ്ട് പേര് ശശാങ്ക്. അടുത്തിടെ ചില മലയാളം ടെലിവിഷൻ അഭിമുഖങ്ങളിൽ ഒക്കെ താരം പങ്കെടുത്തിരുന്നു.