താരാജാവ് മഹാനടൻ മോഹൻലാൽ മലയാളത്തിന്റെ അഭിമാനമാണ്. അതുല്യനായ ആ അഭിനയപ്രതിഭയെ പല തവണ രാജ്യം ആദരിച്ചിട്ടുണ്ട്. മികച്ച നടനുള്ള ദേശീയ പുരസ്കാരം, പദ്മശ്രീ, പദ്മഭൂഷൻ, ലഫ്റ്റനന്റ് പദവി എന്നിങ്ങനെ. ഒരു കലാകാരന്റെ ജീവിതത്തിൽ വളരെ പ്രധാന്യമർഹിക്കുന്നവയാണ് ഇവയെല്ലാം തന്നെ.
ഇത് തനിക്ക് ലഭിക്കാൻ പോകുന്നു എന്നറിയുന്ന നിമിഷം പ്രത്യേകിച്ചും. അത്തരം ഒരു നിമിഷത്തെ ഓർത്തെടുക്കുകയായിരുന്നു മോഹൻലാൽ. ആദ്യമായി മികച്ച നടനുള്ള പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞതും അതേ തുടർന്ന് ഉണ്ടായ ആഘോഷങ്ങളും എന്തായിരുന്നു എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹൻലാൽ. മലയാള മനോരമയുടെ ‘റേഡിയോ മാംഗോ’ സംഘടിപ്പിച്ച മൽസരവുമായി ബന്ധപ്പെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെന്നൈയിൽ വച്ച് ഭാര്യാപിതാവാണ് അവാർഡിന്റെ വിവരം ആദ്യം വന്നു പറയുന്നത്. ഉറപ്പിച്ച ശേഷം സന്തോഷിച്ചാൽ മതിയെന്നും പറഞ്ഞു. ഭരതത്തിനായിരുന്നു അവാർഡ്. തലേ വർഷം കിരീടത്തിനും പ്രത്യേക പുരസ്ക്കാരം ലഭിച്ചെങ്കിലും ഇത് അപ്രതീക്ഷിതമായിരുന്നു. അവാർഡ് ലഭിക്കാൻ യോഗ്യരായ മികച്ച നടൻമാർ ഏറെയുള്ളപ്പോൾ അങ്ങനെ ചിന്തിക്കാനാവില്ലല്ലോ.
വലിയ ആഘോഷമൊന്നുമുണ്ടായില്ല. കുറച്ച് സമയത്തെ ആവേശമൊക്കേയുണ്ടായുള്ളൂ, മോഹൻലാൽ വെളിപ്പെടുത്തി. തിരനോട്ടം (1978) എന്ന സിനിമയിൽ തുടങ്ങിയ അഭിനയസപര്യയിൽ അഞ്ചു തവണ ദേശീയ പുരസ്കാരങ്ങൾ മോഹൻലാലിനെ തേടിയെത്തിയിട്ടുണ്ട്. കിരീടം (പ്രത്യേക ജൂറി പരാമർശം), ഭരതം (മികച്ച നടൻ), വാനപ്രസ്ഥം (മികച്ച നടൻ, നിർമാതാവ്), ജനത ഗാരേജ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, പുലിമുരുകൻ (പ്രത്യേക ജൂറി പുരസ്കാരം) എന്നിങ്ങനെ.
ഈ വർഷത്തെ ദേശീയ പുരസ്കാര പ്രഖ്യാപനം കാത്തിരിക്കുകയാണ് സിനിമാ ലോകം. എല്ലാ വർഷവും ഏപ്രിൽ അവസാനമോ മേയ് ആദ്യവാരമോ ആണ് പുരസ്കാര പ്രഖ്യാപനവും വിതരണവും നടക്കുക. എന്നാൽ എല്ലാ തവണത്തേയും പോലെ തന്നെ പ്രസ്തുത കാലയളവിൽ ജൂറി കൂടി, ദേശീയ പുരസ്കാര നിർണ്ണയത്തിനായുള്ള നടപടി ക്രമങ്ങൾ പൂർത്തിയായിട്ടും ലോക്സഭ ഇലക്ഷൻ കാരണം പുരസ്കാര പ്രഖ്യാപനം വൈകുകയായിരുന്നു.