അടുത്തിടെയായി മലയാളത്തിലേക്ക് നിരവധി കന്നട സിനിമകൾ മൊഴിമാറ്റം ചെയ്ത് പ്രദർശനത്തിന് എത്താറുണ്ട്. കെജിഎഫിന് ശേഷമാണ് ഇത്തരത്തിൽ കന്നഡ ചിത്രങ്ങളുടെ കുത്തൊഴുക്ക് കേരളത്തിലേത്ത് കൂടിയത്. അടുത്തിടെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട സിനിമയാണ് രക്ഷിത് ഷെട്ടിയുടെ 777 ചാർളി.
ചിത്രത്തിന്റെ മലയാള പതിപ്പിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷൻസായിരുന്നു ഏറ്റെടുത്തിരുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്. മലയാളിയായ കിരൺ രാജ് സംവിധാനം ചെയ്ത ചിത്രത്തിന് എല്ലാ സംസ്ഥാനത്ത് നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.
പരുക്കനും ഏകാകിയുമായ ധർമ്മയുടെ ജീവിതത്തിലേക്ക് ചാർളി എന്ന നായ കടന്നുവരുന്നതും ശേഷം ആ നായ ധർമ്മയുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. മനുഷ്യനും വളർത്തുനായയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സംഗീത ശൃംഗേരിയാണ് ചിത്രത്തിൽ നായികയായത്.
ബോളിവുഡിൽ സിനിമ പ്രദർശിപ്പിച്ചപ്പോഴും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹിന്ദിയിൽ സിനിമ മൊഴിമാറ്റം ചെയ്തപ്പോഴും രക്ഷിത് ഷെട്ടി തന്നെയാണ് ഡബ്ബ് ചെയ്തത്. താരം ആദ്യമായാണ് ഹിന്ദിയിൽ ഡബ്ബ് ചെയ്തത്. ഡയലോഗുകൾക്ക് സ്വാഭാവികത നൽകണമെന്നത് രക്ഷിത് ഷെട്ടിക്ക് നിർബന്ധമായിരുന്നു.
777 ചാർളി ശ്രദ്ധനേടിയതോടെ സിനിമയിലെ നായകൻ രക്ഷിത് ഷെട്ടിയുടെ സിനിമാ ജീവിതവും സ്വകാര്യ ജീവിതവും പ്രേക്ഷകർ വീണ്ടും ചർച്ച ചെയ്ത് തുടങ്ങി. ഒപ്പം ഇന്ത്യൻ സിനിമയിലെ മുൻനിര നായികയായി മാറികൊണ്ടിരിക്കുന്ന രശ്മിക മന്ദാനയുമായുള്ള താരത്തിന്റെ പ്രണയത്തകർച്ചയും ചർച്ച ചെയ്യപ്പെടുന്നുണ്ട്.
രക്ഷിതും രശ്മികയും 2016ൽ ഇരുവരുടേയും സിനിമാ ജീവിതത്തിൽ ഏറെ പ്രശംസ നേടികൊടുത്ത കിർക്ക് പാർട്ടിക്ക് വേണ്ടിയാണ് ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ആ സിനിമയിൽ ഇരുവരുടേയും കെമിസ്ട്രി നന്നായി വർക്കായി. സിനിമ വിജയമായതോടെ ഇരുവരും പ്രണയത്തിലായി.
ശേഷം 2017ൽ ഇരുവരും ആഘോഷമായി വിവാഹ നിശ്ചയം നടത്തി മോതിരം മാറുകയും ചെയ്തു. എന്നാൽ ബന്ധം വിവാഹത്തിലേക്ക് എത്തുംമുമ്പ് ഇരുവരും പിരിഞ്ഞു. രക്ഷിത് ഷെട്ടി രശ്മിക പ്രണയം തകർന്നുവെന്ന വാർത്തകൾ പുറത്ത് വന്നപ്പോൾ ആരാധകർക്കും അത്ഭുതമായിരുന്നു.
ഇരുവരും പിരിയാനുണ്ടായ കാരണം വെളിപ്പെടുത്തിയിരുന്നില്ല. എന്നാലിപ്പോൾ ആദ്യമായി പ്രണയത്തകർച്ചയെ കുറിച്ച് രക്ഷിത് ഷെട്ടി സംസാരിച്ചിരിക്കുകയാണ് ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ. ഞങ്ങളുടെ പ്രണയത്തകർച്ചയുമായി ബന്ധപ്പെട്ട് ആളുകൾ സംസാരിക്കുന്നതോ വാർത്തകൾ വരുന്നതോ എന്നെ ബാധിക്കാറില്ല.
ഞാൻ ഇന്റർനെറ്റിൽ പോയി ഇത്തരം വാർത്തകൾ വായിക്കാറുമില്ല. സത്യം പറഞ്ഞാൽ കോടിക്കണക്കിന് ആളുകൾ ഇന്റർനെറ്റിലുണ്ട്. എല്ലാവർക്കും ഒരു കാഴ്ചപ്പാടുണ്ട്. അതിനാൽ എല്ലാവരും എന്നെ സ്‌നേഹിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ല. എല്ലാവരും എന്നെ വെറുക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനാവില്ല.
എല്ലാവരിൽ നിന്നും എന്നോട് ഒരു തരത്തിലുള്ള വികാരം പ്രതീക്ഷിക്കാനാവില്ല. എല്ലാവരും വ്യത്യസ്തമായി ചിന്തി ക്കുകയും എന്നെ നോക്കി കാണുകയും ചെയ്യും. ഞാൻ ആ തിരിച്ചറിവുള്ള വ്യക്തിയാണ്. പിന്നെ എന്തിനാണ് ഇന്റർനെറ്റിൽ പോയി ആളുകൾ എന്നെക്കുറിച്ച് എന്താണ് സംസാരിക്കുന്നതെന്ന് ഞാൻ നോക്കുന്നത്. ആളുകൾ എന്റെ സിനിമകൾ കാണുന്നത് എനിക്ക് സന്തോഷം നൽകും. മറ്റൊരു സിനിമ ചെയ്യാൻ അത് എന്നെ പ്രേരിപ്പിക്കും.
അങ്ങനെയുള്ളപ്പോൾ എന്നെക്കുറിച്ച് മറ്റുള്ളവർ എന്ത് വിചാരിച്ചാലും കുഴപ്പമില്ല. അതും ഞാൻ ശ്രദ്ധിക്കാറില്ല. എനിക്ക് നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. അവർ എന്നെ ഒരു നല്ല സംവിധായകനായും നടനായും കണ്ട് എന്റെ അടുത്ത സിനിമയ്ക്ക് വേണ്ടി ആകാംഷയോടെ കാത്തിരിക്കുന്നെങ്കിൽ ഞാൻ വിജയിച്ച് കഴിഞ്ഞു. ആ വിശ്വാസം പ്രേക്ഷകരിൽ എന്നെ കുറിച്ചുണ്ടായാൽ തന്നെ ഞാൻ സന്തോഷിക്കും രക്ഷിത് ഷെട്ടി വിശദീകരിച്ചു.