ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരങ്ങളാണ് നടൻ കിച്ചു ടെല്ലസും നടിയും മോഡലുമായ റോഷ്ന ആൻ റോയിയും. അങ്കമാലി ഡയറീസിന് ശേഷം ഇരുവരും വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാണ്.
മോഡലിങ്ങിൽ റോഷ്ന സജീവമാകുമ്പോൾ അജഗജാന്തരം എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു. കഴിഞ്ഞ നവംബർ 29 നാണ് കിച്ചുവും റോഷ്നയും തമ്മിൽ വിവാഹിതരായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. സേവ് ദി ഡേറ്റ് ചിത്രങ്ങളുമായി വന്നതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന കാര്യം പുറംലോകം അറിയുന്നത്. വിവാഹത്തോട് അനുബന്ധിച്ച് പല അഭിമുഖങ്ങളിലുമായി കിച്ചുവിനെ പരിചയപ്പെട്ടതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ റോഷ്ന പറഞ്ഞ് കഴിഞ്ഞു.
എന്നാൽ ഒരു മാസത്തോളം നീണ്ട് നിന്ന വിവാഹം വലിയൊരു ആഘോഷം ആക്കിയതിനെകുറിച്ച് പറയുകയാണ് താരമിപ്പോൾ. മാത്രമല്ല വിവാഹം വൈകി പോയതിനുള്ള കാരണത്തെ കുറിച്ചും നടി പറയുന്നുണ്ട്. അങ്കമാലി ഡയറീസ് എന്ന സിനിമയുടെ ഭാഗമായാണ് ഞങ്ങൾ ആദ്യം പരിചയപ്പെട്ടത്. പിന്നീട് വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ കിച്ചുവിന് ജോഡി ആകേണ്ട പെൺകുട്ടിയ്ക്ക് വരാൻ കഴിഞ്ഞില്ല.
അങ്ങനെ കിച്ചു വഴി ഞാൻ ആ സിനിമയിൽ അഭിനയിച്ചു. അന്നാണ് കിച്ചുവിനെ ആദ്യമായി ഒരുപാട് സമയം കണ്ടതും ഒന്നിച്ച് സംസാരിച്ചിരുന്നതുമെന്നാണ് റോഷ്‌ന ആൻ റോയി പറയുന്നത്. ഞാൻ വയനാട് കാരിയാണ്. കിച്ചു കൊച്ചിക്കാരനും കിച്ചുവിന്റെ അമ്മയാണ് ഞങ്ങൾക്കിടയിലേക്ക് വിവാഹക്കാര്യം എടുത്തിടുന്നത്. പരസ്പരം സംസാരിച്ചപ്പോൾ മുന്നോട്ടുള്ള ജീവിതത്തിൽ ഒന്നിച്ച് പോകമെന്ന് മനസിലായി.
അഭിനയത്തോടൊപ്പം വളരെ നന്നായി എഴുതുന്ന ആളാണ് കിച്ചു. സ്വന്തമായി ഒരു തിരക്കഥ എഴുതി സിനിമ എടുത്തിട്ട് മതി വിവാഹം എന്ന് ഞങ്ങൾ നേരത്തെ തീരുമാനിച്ചിരുന്നു. അതല്ലെങ്കിൽ എത്രയോ മുന്നേ ഞങ്ങളുടെ വിവാഹം കഴിഞ്ഞേനെ. കിച്ചു തിരക്കഥഎഴുതി ആദ്യത്തെ ചിത്രമാണ് അജഗജാന്തരം അതിന്റെ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായ ശേഷമാണ് ഞങ്ങൾ വിവാഹത്തിലേക്ക് നടന്നത്.
സത്യം പറഞ്ഞാൽ കൊറോണ ഞങ്ങളെ ബുദ്ധിമുട്ടിച്ചിട്ടേയില്ല എന്ന് തന്നെ പറയാം. ഏഴ് ദിവസം ആഘോഷങ്ങളായിരുന്നു. എൻഗേജ്മെന്റ് മുതൽ, ഹാൽദി, ബ്രൈഡൽ ഷവർ, ബാച്ചിലർ പാർട്ടി, മധുരം വെപ്പ്, വിവാഹം, റിസപ്ഷൻ അങ്ങനെയാണ് പ്ലാൻ ചെയ്തത്.
നവംബർ പതിമൂന്നിന് തുടങ്ങിയ ആഘോഷ പരിപാടികൾ നവംബർ 29 വരെ ഉണ്ടായിരുന്നു. ഇടയിൽ ഒന്ന് രണ്ട് ദിവസം വിശ്രമിക്കും. വീണ്ടും അടുത്ത ദിവസം ആഘോഷം. ഈ രീതിയിലുള്ള വിവാഹം ആയിരുന്നത് കൊണ്ട് വളരെ അടുത്ത കുടുംബാംഗങ്ങളെ മാത്രമല്ല ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളെയും ഉൾപ്പെടുത്താൻ കഴിഞ്ഞു എന്നും റോഷ്ന വെളിപ്പെടുത്തുന്നു.