പലപ്പോഴായി, പല വിഷയങ്ങളിൽ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണമാണ് ഉണ്ടാകുന്നതെന്ന് നടൻ ടിനി ടോം. ഇപ്പോഴും ഇത് തുടരുകയാണ്. ഇപ്പോൾ ഷംന കാസിം വിഷയത്തിൽ തന്നെ ചോദ്യം ചെയ്യുമെന്ന രീതിയിലാണ് പ്രചാരണം.
പൊലീസുകാർ തന്നെ വിളിച്ചിട്ടില്ല. ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരോട് തിരക്കിയാൽ ഇക്കാര്യം അറിയാവുന്നതാണ്. എന്നിട്ടും വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണ്.
അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിന് ശേഷം പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു ടിനിടോമിന്റെ പ്രതികരണം.
ഫേസ്ബുക്ക് ലൈവിലെ ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ
ആദ്യം സൈബർ ആക്രമണം ഉണ്ടായത് പ്രധാനമന്ത്രി മോദിജിക്കെതിരെ കൊലവിളി നടത്തിയെന്ന് ആരോപിച്ചായിരുന്നു. ഞാൻ നടത്തിയിട്ടില്ല. എന്റെ പോസ്റ്റുകൾ നോക്കിയാൽ അറിയാം. ഞാൻ പറഞ്ഞത് എന്താണെന്ന്. ഒരു ഓൺലൈൻ മാധ്യമം അത് വളച്ചൊടിച്ചിരുന്നു.
തന്നിൽ വിഷാംശങ്ങളൊന്നും ഇല്ലെന്നും ചിരിക്കാനും ചിരിപ്പിക്കാനുമാണ് താൻ നടക്കുന്നതെന്നും ടിനി പറഞ്ഞു. രണ്ടാമത് സൈബർ ആക്രമണം നടന്നത് ബിഗ് ബോസിൽ പങ്കെടുത്തതിന്റെ പേരിലാണ്. രജിത്കുമാറിന്റെ ആർമിയായിട്ടുളളവരാണ് ആക്രമണത്തിന് എത്തിയത്. ചാനലിൽ അവർ തന്ന സ്‌ക്രിപ്റ്റാണ് അവിടെ അവതരിപ്പിച്ചത്.
ഇതിനുശേഷം ഭാര്യയും ഭർത്താവും എന്ന് കരുതാവുന്ന രണ്ടുപേർ തുടർച്ചയായി ഫോണിൽ വിളിച്ച് പ്രകോപിപ്പിക്കുകയും അച്ഛനെയും അമ്മയെയും വരെ അസഭ്യം പറയുകയും ചെയ്തു. അവരോട് തിരിച്ച് പറയുന്നത് മാത്രമെടുത്ത് എഡിറ്റ് ചെയ്ത് അവർ പ്രചരിപ്പിച്ചു.
ഇപ്പോൾ ഒരു തരത്തിലും ഇടപെടാത്ത പുതിയ കേസിലാണ് പ്രചാരണം. ഷംന കാസിമുമായി ബന്ധപ്പെട്ട കേസിൽ എന്റെ പേര് പ്രചരിപ്പിക്കുകയാണ്. എന്നെ പൊലീസ് വിളിച്ചിട്ടില്ല, ഷംനയോ, പ്രതികളോ തന്റെ പേര് പറഞ്ഞിട്ടില്ല. പിന്നെന്തിനാണ് ഷാജൻ സ്‌കറിയ എന്നയാളും അയാളുടെ ഓൺലൈൻ മാധ്യമം മറുനാടൻ മലയാളിയും തനിക്കെതിരെ ഇങ്ങനെ ആക്രമണം നടത്തുന്നത്? അവർ നടത്തിയ ഒരു ഫിലിം അവാർഡ്സിന് ചെന്നിരുന്നില്ല.
ഇനി അഭിമുഖം കൊടുക്കാത്തതിന്റെ പേരിലാണോ ആക്രമണം എന്നറിയില്ല. ഡിജിപിയെയോ, ആ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയോ അങ്ങനെ ആരെ എങ്കിലും വിളിച്ച് തിരക്കിയാൽ താൻ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം. അതാണ് ചെയ്യേണ്ടത്. എംഎൽഎയ്ക്കും എംപിയ്ക്കും ഇത് സംബന്ധിച്ച് പരാതി കൊടുത്തു.
സുരേഷ് ഗോപിയുമായി ഒരു ഫോട്ടോ ഇട്ടാൽ സംഘികളെ സുഖിപ്പിക്കാനാണെന്ന് പറയും. ശൈലജ ടീച്ചറുടെയും മുഖ്യമന്ത്രിയുടെയും പടമിട്ടാൽ നമ്മളെ കമ്മിയാക്കും. അങ്ങനെയാണ് സോഷ്യൽമീഡിയയിലെ ആക്രമണം നടക്കുന്നത്. അർഹതപ്പെടാത്ത ഒരു കാര്യവും താൻ നേടിയിട്ടില്ലെന്നും ഒരുപാട് കാലം കഷ്ടപ്പെട്ടാണ് സിനിമയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു.
അമ്മയുടെ എക്സിക്യൂട്ടീവ് മെംബറായത് ആരെയും മണിയടിച്ചല്ല. ഒരു മീടു കേസ് പോലും തന്റെ പേരിൽ ഇല്ല. ബഹുമാനം കൊടുത്തും മേടിച്ചുമാണ് ജീവിക്കുന്നത്. തന്റെ വഴി കലാരംഗമാണ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശമില്ല. തന്നെ ഇങ്ങനെ ഉപദ്രവിക്കരുതെന്നും ടിനി ടോം പറയുന്നു.