മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് സിനിമയായിരുന്നു ആഗസ്റ്റ് 1. ബ്രിട്ടീഷ് ഫ്രഞ്ച് പൊളിറ്റിക്കൽ ത്രില്ലറായി 1973ൽ പുറത്തിറങ്ങിയ ദി ഡേ ഓഫ് ദി ജക്കാൾ എന്ന ചിത്രമാണ് മലയാളത്തിൽ ആഗസ്റ്റ് 1 എന്ന സിനിമയ്ക്ക് പ്രചോദനം ആയത്.
എസ്എൻ സ്വാമി തിരക്കഥ എഴുതി സിബി മലയിൽ സംവിധാനം ചെയ്ത ആഗസ്റ്റ് 1 ഒരു വമ്പൻ ഹിറ്റ് ആയിരുന്നു. തന്റെ സാധാരണ ശൈലിയിൽ നിന്ന് വ്യതിചലിച്ച് കൊണ്ടാണ് സിബി മലയിൽ ആ സിനിമ ഒരുക്കിയത്.
പെരുമാൾ എന്ന പൊലീസ് ഓഫീസറായി മമ്മൂട്ടി കസറിയ സിനിമ ഇന്ന് ഒരു ക്ലാസിക് ത്രില്ലറായാണ് വിലയിരുത്തപ്പെടുന്നത്. അതേ സമയം പ്രശ്‌സ്ത ഫോട്ടോഗ്രാഫർ ആയിരുന്ന സംഗീത് ശിവൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അതിൽ മമ്മൂട്ടിയെ നായകൻ ആക്കാനാണ് ആഗ്രഹിച്ചത്.
1987ൽ പുറത്തിറങ്ങിയ അമേരിക്കൻ ആക്ഷൻ സിനിമയായ ലേതൽ വേപ്പൺ മലയാളത്തിൽ കൊണ്ടുവരാം എന്നാണ് സംഗീത് ശിവൻ ചിന്തിച്ചത്. അതിനെ അടിസ്ഥാനമാക്കി സാബ് ജോണിനൊപ്പം ചേർന്ന് സംഗീത് ശിവൻ തിരക്കഥ എഴുതി. സഹോദരൻ സന്തോഷ് ശിവനെ ക്യാമറാമാനായി നിശ്ചയിച്ചു. വ്യൂഹം എന്ന പേരും നിശ്ചയിച്ചു.
എന്നാൽ ഈ തിരക്കഥയുമായി സംഗീത് ശിവൻ മമ്മൂട്ടിയെ സമീപിച്ചപ്പോൾ അദ്ദേഹം വലിയ താൽപ്പര്യം പ്രകടിപ്പിച്ചില്ല. അതിന് കാരണമായത് ആഗസ്റ്റ് 1 എന്ന സിനിമ ആയിരുന്നു. വിദേശ ചിത്രങ്ങളുടെ കഥകൾ കടമെടുത്ത് തുടർച്ചയായി സിനിമകൾ ചെയ്യേണ്ടതില്ല എന്ന് മമ്മൂട്ടി തീരുമാനിക്കുക ആയിരുന്നു.
അതുകൊണ്ടു തന്നെ വ്യൂഹത്തിൽ നിന്ന് മമ്മൂട്ടി പിൻമാറി. മമ്മൂട്ടി അവതരിപ്പിക്കേണ്ടി ഇരുന്ന ടോണി ലൂയിസ് എന്ന നായക കഥാപാത്രത്തെ വ്യൂഹത്തിൽ പിന്നീട് അവതരിപ്പിച്ചത് രഘുവരൻ ആയിരുന്നു. വ്യൂഹം 1990ലെ ബംബർ ഹിറ്റ് ചിത്രമായി മാറുകയും ചെയ്തു.