വിനീത് ശ്രീനിവാസൻ പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹൃദയം 2022 ൽ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. തിയേറ്ററുകളിൽ സിനിമ എത്തിയപ്പോൾ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് അരുണും ദർശനയും നിത്യയും എല്ലാമാണെങ്കിൽ ഒടിടിയിൽ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ മായ എന്ന കഥാപാത്രമാണ്.
മായയായി ഹൃദയത്തിൽ അഭിനയിച്ചത് നടി അന്നു ആന്റണി ആയിരുന്നു. മലയാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഹൃദയത്തിൽ എത്തിച്ചേർന്നതിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ അന്നു ആന്റണി. ആനന്ദമാണ് ആദ്യം അഭിനയിച്ച സിനിമ. ഉള്ളിന്റെയുള്ളിൽ എവിടെയോ അഭിനയ മോഹം ഉണ്ടായിരുന്നു വെന്നല്ലാതെ ഇന്നേ വരെ ഞാൻ സിനിമയ്ക്ക് വേണ്ടി നടന്നിട്ടില്ല.
ആനന്ദത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ്. ഞാൻ പഠിച്ച സ്‌കൂളിൽ ആനന്ദം ടീം ഓഡീഷന് വന്ന് എന്നെ കണ്ടപ്പോൾ സെലക്ട് ചെയ്യുകയായിരുന്നു. ഒന്ന് അഭിനയിച്ച് നോക്കാം എന്ന തരത്തിലാണ് ആ സിനിമയുടെ ഭാഗമായതും. സിനിമ റിലീസ് ചെയ്തപ്പോൾ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു.
സന്തോഷം തോന്നി സൂചിമോൾ എന്ന പേരിൽ പലരും ഓർക്കുന്നുണ്ട്. 2019ൽ ആണ് ഹൃദയത്തിൽ വേഷമുണ്ടെന്ന് പറഞ്ഞ് വിനീതേട്ടൻ വിളിക്കുന്നത്. എല്ലാവർക്കും ഒരുപാടിഷ്ടമുള്ള സംവിധായകൻ സിനിമയിൽ വേഷം വാഗ്ദാനം ചെയ്ത് വിളിച്ചപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. തുടക്കത്തിൽ പ്രണവാണ് നായകൻ എന്ന് അറിയാതെയാണ് അഭിനയിക്കാൻ പോയത്.
പ്രണവുമായി ഒരുമിച്ച് അഭിനയിക്കാൻ സുഖമാണ്. പ്രണവ് താരപുത്രനാണ് എന്ന തോന്നൽ നമുക്ക് ഉണ്ടാവുകയേ ഇല്ല. എന്റെ സ്വഭാവവുമായി ചേർന്ന് നിൽക്കുന്നത് മായയുടെ കഥാപാത്രമാണ്. സൂചി മോളുടെ സംസാര രീതി മാത്രമെ ഞാനുമായി സാമ്യമുള്ളൂ. ബാക്കി എല്ലാത്തിലും ഞാൻ ഒരു മായയാണ്.
അഭിനയത്തിൽ എത്തിയിരുന്നില്ലെങ്കിൽ ചിലപ്പോൾ അധ്യാപനത്തിലേക്ക് പോകുമായിരുന്നു. നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. ഇനി വരാനുള്ളത് മെയ്ഡ് ഇൻ കാരവാൻ എന്ന സിനിമയാണ്’ അന്നു ആന്റണി പറയുന്നു.
വിനീത് ശ്രീനിവാസൻ കഥയും തിരക്കഥയും എഴുതിയ സിനിമ ഇക്കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററു കളിലെത്തിയത്. ശേഷം ദിവസങ്ങൾക്ക് മുമ്പ് സിനിമ ഒടിടിയിലും റിലീസ് ചെയ്തു. പ്രണവ് മോഹൻലാലാ യിരുന്നു ചിത്രത്തിൽ നായകനായത്. ദർശന, കല്യാണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ നായികമാർ.