ഇന്ത്യയിലെ തന്നെ എണ്ണം പറഞ്ഞ് സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. നിരവധി സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി മലയാളികളുടെ സ്വന്തം സംവിധായകനായി മാറിയ അദ്ദേഹം ബോളിവുഡിലും തമിഴിലുമെല്ലാം നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ഒരുക്കിയിരിക്കുന്നത്.
വമ്പൻ ക്യാൻവാസിലുള്ള പ്രണയങ്ങളും ആക്ഷനുകളും ഒക്കെ കൊടികുത്തി നിന്ന ബോളിവുഡിൽ പൊട്ടിച്ചിരിയുടെ മാറ്റൊലി മുഴക്കിയ ചിത്രങ്ങൾ ഒരുക്കിയാണ് പ്രിയദർശൻ തിളങ്ങിയത്. ബോളിവുഡ് സിനിമാ കണ്ടിട്ടില്ലാത്ത കോമഡി ആയിരുന്നു പ്രിയൻ ചിത്രങ്ങളിലൂടെ അവർക്ക് ലഭിച്ചത്.
മലയാളത്തിലായായലും തമിഴിലാലയാലും ഹിന്ദിയിലായാലും പ്രേക്ഷക മനസ്സിൽ ഇന്നും നിലനിൽക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. നായകൻ മാത്രമല്ല അഭിനയിക്കുന്ന താരങ്ങളെല്ലാം മികച്ച പ്രകടനങ്ങളുമായാണ് എത്താറുള്ളത്. പ്രിയദർശൻ സിനിമകളിലെ സ്ഥിരം സാന്നിധ്യങ്ങളായി മാറിയ താരങ്ങളുമേറെയാണ്.
അവരുടെ അഭാവം തന്നെ വലിയ രീതിയിൽ ബാധിച്ചുവെന്ന് തുറന്നു പറയുകയാണ് അദ്ദേഹം. കുതിരവട്ടം പപ്പുവിനേയും ജഗതി ശ്രീകുമാറിനേയും കുറിച്ച് വാചാലനായിരുന്നു അദ്ദേഹം. ശരിക്കും പറഞ്ഞാൽ ഞാൻ എന്റെ സിനിമയിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന രണ്ടു പേരാണ് ജഗതി ശ്രീകുമാറും കുതിരവട്ടം പപ്പുവും.
അവർ എന്റെ സിനിമയ്ക്ക് ഉണ്ടാക്കി തന്ന റിസൾട്ട് വളരെ വലുതാണ്. ഈ രണ്ടു പേർ എന്റെ സിനിമയിലെ രണ്ടു പില്ലേഴ്‌സ് ആയിരുന്നു. ഇവർ പോയതോടെ ഒരു സീൻ എഴുതുമ്പോൾ ചിലപ്പോൾ എന്റെ മനസ്സിൽ ഒരു മുഖം വരുന്നില്ല. അത് കൊണ്ടാണ് ഈ രണ്ടുപേരും എന്റെ സിനിമയിൽ നിറഞ്ഞു നിൽക്കുന്നത്. താമരശ്ശേരി ചുരമായാലും, ടാസ്‌കി വിളിയായാലും പപ്പു ചേട്ടൻ മറുഭാഗത്തു നിന്നത് കൊണ്ടാണ് എനിക്ക് അങ്ങനെയുള്ള ഡയലോഗ് എഴുതാൻ കഴിഞ്ഞത്.
കിലുക്കത്തിലായാലും, താളവട്ടത്തിലായാലും ജഗതി ശ്രീകുമാർ ഉള്ളത് കൊണ്ടാണ് അദ്ദേഹം ചെയ്യുന്ന കോമഡിയൊക്കെ ആ നിലയിൽ ചിന്തിക്കാൻ കഴിഞ്ഞത്. ഒരു കൊമേഡിയൻ ആയിട്ടുള്ള ആക്ടർ ആണ് ജഗതി എന്ന് പറയാനേ ഞാൻ ഇഷ്ടപ്പെടുന്നില്ല. ജഗതി ഒരു മഹാ നടൻ തന്നെയാണെന്നുമായിരുന്നു പ്രിയദർശൻ വെളിപ്പെടുത്തയത്.