ന്യൂജെനറേഷൻ സിനിമകൾ കൊണ്ട് സോഷ്യൽമീഡിയയിലടക്കം ഏറെ ചർച്ചയാകുന്ന സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രം സംവിധാനം ചെയ്താണ് ഒമർ ലുലു സിനിമാ ലോകത്ത് ശ്രദ്ധേയമായ സംവിധായകനായത്. 2016ൽ പ്രദർശനത്തിനെത്തിയ ചിത്രം വാണിജ്യപകരമായി വിജയവും കൈവരിച്ചിരുന്നു.
സൈജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, അനു സിതാര തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നത്. പിന്നീട് 2017ൽ ഹണി റോസ്, ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി, ഗണപതി, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചങ്ക്സ് എന്ന ചിത്രം സംവിധാനം ചെയ്തു. ശേഷം ഇറങ്ങിയതായിരുന്നു ഒരു അഡാറ് ലവ് എന്ന ചിത്രം.
ഇതിലൂടെയാണ് പ്രിയ വാരിയർ എന്ന നടിയെ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ചിത്രം സിനിമാ ലോകത്ത് ഉണ്ടാക്കിയ ഓളം ചെറുതായിരുന്നില്ല. ഇപ്പോൾ ഒമർ ലുലുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത് പവർ സ്റ്റാർ എന്ന ചിത്രമാണ്. ഒരു കാലത്ത് മലയാള സിനിമയുടെ ആക്ഷൻ കിംഗായി നിന്നിരുന്ന ബാബു ആന്റണിയാണ് നായകനായി എത്തുന്നത്. ഈ ചിത്രത്തിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുകയാണ്.
എന്നാൽ വീണ്ടുമൊരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് ഒമർ ലുലു. നല്ല സമയം എന്ന ചിത്രത്തിൽ നടൻ ഇർഷാദ് അലിയാണ് എത്തുന്നത്. ഈ തിരക്കഥ മോഹൻലാലിനെ കണ്ട് എഴുതിയതെന്നാണ് ഒമർ ലുലു പറയുന്നത്. ലാലേട്ടനെ മനസ്സിൽ കണ്ടാണ് ‘നല്ല സമയം’ എഴുതിയത് പക്ഷേ ലാലേട്ടൻ എന്ന ഫാക്ടർ എത്താനുള്ള ദൂരം ആലോചിച്ച ശേഷം പിന്നെ ആര് എന്ന ചോദ്യമായി മനസ്സിൽ നിന്നപ്പോഴാണ് ഇർഷാദ് അലി മനസിലേയ്ക്ക് എത്തിയതെന്ന് ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
തൃശ്ശൂർകാരനായ സ്വാമിയേട്ടൻ എന്ന സ്വാമിനാഥ് എന്ന കഥാപാത്രത്തിലാണ് ഇർഷാദ് അലി എത്തുന്നത്. തൃശ്ശൂരിൽ നടക്കുന്ന കഥ ആയതുകൊണ്ട് തന്നെ ഈ സിനിമയിൽ തൃശ്ശൂർ ഭാഷ ഒഴിവാക്കാൻ കഴിയില്ല, അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാണ് ശ്രദ്ധ ഇർഷാദ് അലിയിലേയ്ക്ക് എത്തിയതെന്ന് ഒമർ ലുലു പറയുന്നു. കഥ കേട്ട് ഇർഷാദ് ഇക്കാ പറഞ്ഞു,’കഥ കൊള്ളാം നല്ല എന്റർട്ടേനർ ആണ്.
നാല് പെണ്ണ്പിള്ളേരും ഞാനും നൂലുണ്ടയും തമാശയും’ പക്ഷേ ഞാൻ ഇങ്ങനെയൊക്കെ പാട്ട് ഒക്കെ പാടി ഡാൻസ് ചെയ്താൽ ശരിയാവ്വോ ആളുകൾക്കു ഇഷ്ടമാവുമോ എന്നൊക്കെ. ഞാൻ പറഞ്ഞു അത് ഓക്കെയാണ് ഇക്ക, ഇക്ക ചെയ്താൽ ഒരു ഫ്രഷ്‌നെസ്സ് ഉണ്ടാവും വിചാരിച്ച പോലെ വർക്ക് ഔട്ട് ആയി വന്നാൽ ഇക്കാടെ കരിയറിന് ഒരു പുതിയ തുടക്കമാവും.
Also read; പുലിമുരുകനില്‍ മോഹന്‍ലാലിന്റെ നായികയാവേണ്ടിയിരുന്നത് അനുശ്രീ, പക്ഷേ സംഭവിച്ചത്
ഇനി അഥവാ വിചാരിച്ച പോലെ വർക്ക് ഔട്ട് ആയില്ലെങ്കിൽ മാക്‌സിമം കുറെ ട്രോൾ വരും, പരാജയപ്പെടാൻ തയ്യാറായിട്ടുള്ളവൻ തന്നെ ഇക്കാ ജയിച്ചിട്ടുള്ളൂ റിസ്‌ക് എടുത്തവനെ എവിടെ എങ്കിലും എത്തിയട്ട് ഉള്ളൂ അങ്ങനെ കുറെ മോട്ടിവേഷൻ ടോക്‌സും കൊടുത്ത് ഓക്കെയാക്കിയെന്ന് ഒമർ പറയുന്നു. ഏതായാലും നല്ലൊരു എന്റർടൈയിനർ ലഭിക്കുന്ന പ്രതീക്ഷയിലാണ് ആരാധകരും.