ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ള റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. വിവിധ ഭാഷകളിൽ വൻ വിജയം കൈവരിച്ച ശേഷമാണ് മലയാളത്തിലും ബിഗ് ബോസ് നടൻ മോഹൻലാൽ അവതാരകനായി എത്തി തുടക്കം കുറിച്ചത്. മലയാളത്തിൽ ഇതുവരെ നാല് സീസണുകളാണ് പിന്നിട്ടത്. ഇതിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ചർച്ച ചെയ്തത് നാലാം സീസൺ തന്നെയായിരുന്നു.
ഇരുപത് പേരാണ് നാലാം സീസണിൽ മത്സരിക്കാനെത്തിയത്. അതിൽ പതിനേഴ് പേർ ഒന്നാം ദിവസം മുതലും ബാക്കി മൂന്ന് പേർ വിവിധ ഇടവേളകളിലായും മത്സരത്തിലേക്ക് പ്രവേശിച്ചത്. ഇരുപത് പേർ മത്സരിച്ചപ്പോൾ ടൈറ്റിൽ നേടിയത് ദിൽഷ പ്രസന്നനാണ്. ദിൽഷ ബിഗ് ബോസ് മലയാളത്തിലെ ആദ്യ ലേഡി ബിഗ് ബോസ് ടൈറ്റിൽ വിന്നറാണ്. അമ്പത് ലക്ഷം രൂപയാണ് ദിൽഷയ്ക്ക് സമ്മാനമായി ലഭിച്ചത്. ചരിത്രം സൃഷ്ടിച്ചാണ് ദിൽഷ വിജയകൊടി പാറിച്ചത്.
ഇപ്പോൾ നാലാം സീസണും വിജയകരമായി അവസാനിച്ച് മുന്നേറുന്ന ഷോ അഞ്ചാം ഘട്ടത്തിലേയ്ക്ക് കടക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിച്ചു വരികയാണ്. ഇതിനിടയിൽ തമിഴിൽ ആറാം സീസൺ തുടങ്ങുവാൻ പോവുകയാണ്. ഉലക നായകൻ കമൽ ഹസൻ അവതാരകനായി എത്തുന്ന ബിഗ്ഗ് ബോസ് ഷോയുടെ ആറാം സീസൺ ഒക്ടോബർ 9 ന് വിജയ് ടിവിയിൽ ആരംഭിക്കുന്നതാണ്.
കാര്യമായ പ്രെഡിക്ഷൻ ലിസ്റ്റുകൾ എല്ലാം അണിയറയിൽ ഒരുങ്ങുകയാണ്. ഇതോടൊപ്പം ചില അഭ്യൂഹങ്ങളും പാറിപ്പറക്കുന്നുണ്ട്. മലയാളത്തിലും തമിഴിലും ഒരുപോലെ പരിചിതയായ മലയാളത്തിന്റെ സ്വന്തം അമല പോളിനെ ഷോയിൽ പങ്കെടുക്കുന്നതിനായി വിളിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. വൻ പ്രതിഫലം ഓഫർ ചെയ്താണ് താരത്തെ ക്ഷണിച്ചത്. എന്നാൽ നടി ഇതിനോട് നോ പറഞ്ഞതായും പറയുന്നു. അതേസമയം, കാരണം പുറത്ത് വിട്ടിട്ടില്ല.
ഇപ്പോൾ സിനിമ തിരക്കുകളിൽ നിന്ന് മാറി അവധിയാഘോഷത്തിലാണ് താരം. അടുത്തിടെ മാലിദ്വീപിൽ ഇടവേളയെടുത്ത് ആസ്വദിക്കുന്ന നടിയുടെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. അതീവ ഗ്ലാമറസ് ആയിട്ടാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. ഫോട്ടോസും നിമിഷ നേരംകൊണ്ടാണ് വൈറലായത്. മികച്ച താരങ്ങൾ തന്നെ തമിഴ് ബിഗ് ബോസ് സീസൺ 6ൽ എത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.