മെഗാസ്റ്റാർ മമ്മൂട്ടി മലയാള സിനിമയുടെ പുണ്യമാണെന്ന് അന്യഭാഷയിലെ ജനങ്ങളും സിനിമക്കാരും പറയുന്നതാണ്. കാരണം ഇത്രയും പേഴ്‌സണാലിറ്റിയുള്ള ഒരു നായകനെ അവർക്കാർക്കും അവരുടെ ഭാഷകളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
എന്നാൽ മമ്മൂട്ടിയുടെ സൗന്ദര്യം എന്നുപറയുന്നത് അദ്ദേഹത്തിന്റെ ആകാരഭംഗിയോ വേഷമോ ഒന്നുമല്ലെന്നും, അദ്ദേഹത്തിൻറെ വ്യക്തിത്വമാണെന്നും സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പറയുന്നു. മമ്മൂക്കയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. സാധാരണ മുണ്ടും ഷർട്ടും ഇട്ട് നടന്നാലും ഒരു ജനക്കൂട്ടത്തിൽ പോലും അദ്ദേഹം എടുത്തുനിൽക്കും.
മമ്മൂക്ക എങ്ങനെ ഇത്രയും സുന്ദരനായിരിക്കുന്നു എന്നാലോചിച്ചാൽ എനിക്കുതോന്നുന്നത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള തേജോവലയമാണ് അതിന് കാരണമെന്നാണ്. നേരത്തെ മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ ആണ് ശങ്കർ രാമകൃഷ്ണൻ ഇങ്ങനെ വ്യക്തമാക്കിയത്.
ശങ്കർ രാമകൃഷ്ണനെ മലയാളി പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ‘സ്പിരിറ്റി’ലെ അലക്‌സിയും ‘ബാവൂട്ടിയുടെ നാമത്തി’ലെ സേതുവും ശങ്കർ രാമകൃഷ്ണനിലെ നടനെ അടയാളപ്പെടുത്തിയപ്പോൾ ഐലൻഡ് എക്‌സ്പ്രസ് (കേരള കഫെ), ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങിയ ചിത്രങ്ങളിലൂടെ ശങ്കർ രാമകൃഷ്ണൻ എന്ന തിരക്കഥാകൃത്തും അംഗീകരിക്കപ്പെട്ടതാണ്.
മലയാളത്തിലെ ശ്രദ്ധേയനായ നടനും തിരക്കഥാകൃത്തും സംവിധായകനുമാണ് ശങ്കർ രാമകൃഷ്ണൻ. 2009ൽ പുറത്തിറങ്ങിയ കേരള കഫെ എന്ന സമാഹാര ചലച്ചിത്രത്തിലെ ഐലൻഡ് എക്‌സ്പ്രസ് എന്ന ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്താണ് അദ്ദേഹം സിനിമാരംഗത്തേക്കു പ്രവേശിക്കുന്നത്.
മമ്മൂട്ടിയേയും പുതുമുഖങ്ങളേയും അണിനിരത്തി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത സിനിമയായിരുന്നു പതിനെട്ടാം പടി. മികച്ച വിജയമായിരുന്നു ഈ സിനിമ നേടിയെടുത്തത്.