സംവിധായകാനുള്ള മുന്നൊരുക്കം, ബിഗ് ബ്രദർ പൂർത്തിയാക്കിയാൽ പിന്നെ ലാലേട്ടന് ബ്രേക്ക്: ഇടവേളയ്ക്ക ശേഷം വരും വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായി പൊളിച്ചടുക്കാൻ

41

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ താൻ സംവിധായകനാകുന്ന ആദ്യ സിനിമയ്ക്കായി ബ്രേക്ക് എടുക്കുന്നു. സിദ്ദീഖ്‌ലാലിലെ സിദ്ദീഖ് സംവിധാനം ചെയ്യുന്ന ബിഗ് ബ്രദർ പൂർത്തിയാക്കിയതിന് പിന്നാലെ ഒക്ടോബറിൽ സ്വന്തം സംവിധാനത്തിലുള്ള ത്രീഡി ചിത്രം ബറോസ് ചിത്രീകരണത്തിലേക്ക് ലാൽ കടക്കും. ഗോവയാണ് പ്രധാന ലൊക്കേഷൻ. മൈഡിയർ കുട്ടിച്ചാത്തനിലൂടെ ഇന്ത്യൻ സിനിമയെ വിസ്മയിപ്പിച്ച ജിജോ പുന്നൂസ് ബറോസിന്റെ ടെക്നിക്കൽ ഡയറക്ടറും കഥാകൃത്തുമായി ലാലിനൊപ്പമുണ്ട്. കെയു മോഹനനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തന്റെ പിറന്നാൾ ദിനത്തിൽ ബറോസ് പ്രീ പ്രൊഡക്ഷന് ചെന്നൈയിൽ മോഹൻലാൽ തുടക്കമിട്ടിരുന്നു. ബറോസ് ടീമിനൊപ്പമായിരുന്നു മോഹൻലാലിന്റെ അമ്പത്തിയൊമ്പതാം പിറന്നാൾ ആഘോഷം. വിദേശ സാങ്കേതിക വിദഗ്ധർ ചിത്രത്തിലുണ്ടാകും. മോഹൻലാൽ സിനിമ സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചത് മലയാള സിനിമാ മേഖലയ്ക്കും ആരാധകർക്കും സർപ്രൈസ് ആയിരുന്നു. അമേരിക്കൻ യാത്രക്കിടെ വിദേശ ചലച്ചിത്ര പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയതായി മോഹൻലാൽ വെളിപ്പെടുത്തിയിരുന്നു. ഗോവയിൽ ചിത്രീകരിക്കേണ്ട ലൊക്കേഷനുകൾ മാർക്ക് ചെയ്തു കഴിഞ്ഞു. കുട്ടികൾ അടക്കം മികച്ച നടൻമാരെ വേണമെന്നും ഇവരിൽ മിക്കവരും വിദേശികളാണെന്നും മോഹൻലാൽ പറഞ്ഞിരുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ജിജോ എഴുതിവച്ച കഥ തന്നെ കാത്തിരുന്നതായിരിക്കണമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചതേയില്ലെന്നും ഒരു പ്രതിഭാശാലികൾ തന്നെ സഹായിക്കാൻ ഒപ്പമുണ്ടെന്നും ലാൽ വ്യക്തമാക്കിയിരുന്നു. വലിയ ശ്രമം വേണം, പ്രധാനപ്പെട്ടത് ഇതിന്റെ തിരക്കഥയാണ്. ബാലസാഹിത്യമാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം എന്ന് പറയാറില്ലേ? കുട്ടികളുടെ മനസ് ഒരേ സമയം ഏറെ ലളിതവും ഏറെ സങ്കീർണവുമാണ്. അതുകൊണ്ട് അവരെ രസിപ്പിക്കുന്ന രീതിയിൽ കഥ മെനയണം. പരമാവധി ഒന്നേ മുക്കാൽ മണിക്കൂർ മാത്രമേ ഈ സിനിമ പോകാവൂ. അതിലപ്പുറം ത്രീഡി സിനിമകൾ കണ്ടിരിക്കാൻ അസ്വസ്ഥതകളുണ്ടാവും. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. നായകകഥാപാത്രമായ ബറോസിന്റെ വേഷത്തിൽ മോഹൻലാൽ ആണ്. ഇന്ത്യയുടെ നിധിയെന്ന് ഏ ആർ റഹ്മാൻ വിശേഷിപ്പിച്ച തമിഴ്‌നാട് സ്വദേശിയായ 13 കാരൻ ലിഡിയൻ ബറോസിന്റെ സംഗീതം നിർവഹിക്കുമെന്നാണ് അറിയുന്നത്. കാലിഫോർണിയയിൽ നടന്ന സിബിഎസ് ഗ്ലോബൽ ടാലന്റ് ഷോയായ വേൾഡ് ബെസ്റ്റിൽ ഒന്നാം സമ്മാനം നേടിയാണ് ലിഡിയൻ ശ്രദ്ധയാകർഷിച്ചത്. കൊറിയൻ ടീമിനെ ഫൈനലിൽ പരാജയപ്പെടുത്തി ഏഴുകോടിരൂപയുടെ സമ്മാനം ഈ കൗമാര പ്രതിഭ കരസ്ഥമാക്കിയിരുന്നു. തമിഴ് സംഗീത സംവിധായകനായ വർഷൻ സതീഷിന്റെ മകനുമാണ് ലിഡിയൻ.

Advertisement