താരുന്ദരി രശ്മിക മന്ദാനയോട് നടനും സംവിധായകനുമായ രക്ഷിത് ഷെട്ടിയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകന്റെ വായടപ്പിച്ച് നടൻ വിജയ് ദേവരകൊണ്ട.
രശ്മികയും വിജയിയും ഒന്നിച്ചഭിനയിക്കുന്ന ഡിയർ കോമ്രേഡ് എന്ന സിനിമയുടെ പ്രമോഷനായി ബെംഗുലുരുവിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
സിനിമയുടെ പ്രമോഷന് എത്തിയപ്പോൾ ഇത്തരത്തിലൊരു ചോദ്യം നേരിടേണ്ടിവന്നതാണ് വിജയിയേയും രശ്മികതയെയും ചൊടിപ്പിച്ചത്. രശ്മികയോടുള്ള ചോദ്യത്തിന് ആദ്യം മറുപടി നൽകിയതും വിജയ് ആയിരുന്നു.
‘എനിക്ക് നിങ്ങളുടെ ചോദ്യം എന്താണെന്ന് പോലും മനസ്സിലാകുന്നില്ല. ഇതിപ്പോൾ ചോദിക്കേണ്ട ആവശ്യമെന്താണ്? അതിന്റെ ആവശ്യമില്ല’, വിജയ് പറഞ്ഞു. തനിക്ക് മനസ്സിലാക്കാൻ പറ്റാത്തയത്ര വലിയ ചോദ്യമാണ് ഇതെന്നായിരുന്നു രശ്മികയുടെ പ്രതികരണം.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് വിവാഹനിശ്ചയം വരെയെത്തിയ രശ്മികയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള ബന്ധം ബ്രേക്കപ്പിലേക്ക് കടന്നത്. തമ്മിൽ പിരിഞ്ഞതിനെക്കുറിച്ച് രശ്മികയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.
എന്നാൽ രക്ഷിതുമായി വേർപിരിഞ്ഞതിന് നടിക്കെതിരെ രൂക്ഷവിമർശനമായിരുന്നു ആ സമയത്ത് ഉണ്ടായത്. രക്ഷിത് ആരാധകർ സമൂഹമാധ്യമങ്ങളിൽ നടിക്കെതിരെ രംഗത്തെത്തുകയായിരുന്നു.