നീണ്ട പതിനാറ് വർഷത്തിന് ശേഷം ജനപ്രിയ നായകൻ ദിലീപ് കള്ളന്റെ വേഷത്തിലെത്തുന്നു. എസ്എൽ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ജാക്ക് ഡാനിയേലിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.
തമിഴകത്തിന്റെ ആക്ഷൻ കിങ്ങ് അർജ്ജുൻ സിബിഐ ഓഫീസറുടെ വേഷത്തിലും. ആക്ഷന് വളരെ പ്രാധാന്യമുള്ള ചിത്രത്തിനായി പീറ്റർ ഹെയ്ൻ, കനൽ കണ്ണൻ, മാഫിയ ശശി സുപ്രീം സുന്ദർ എന്നിങ്ങനെ അഞ്ചു സ്റ്റണ്ട് കൊറിയോഗ്രാഫർമാരാണ് ഉള്ളത്.
ഞാൻ പ്രകാശനിലെ അഞ്ജു കുര്യനാണ് ജാക്ക് ഡാനിയേലിൽ ദിലീപിന് നായികയായെത്തുന്നത്. സൈജു കുറുപ്പ് , ദേവൻ, ഇന്നസെന്റ്, ജനാർദ്ദനൻ, അശോകൻ, സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗ്ഗീസ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
ശിവകുമാർ വിജയനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എൻജികെ, ഇരവി, ഇരുധി സുട്രു തുടങ്ങിയ ചിത്രങ്ങൾക്കായി ക്യാമറ ചലിപ്പിച്ചിട്ടുള്ളയാളാണ് ശിവകുമാർ.
സംഗീതസംവിധാനം നിർവ്വഹിക്കുന്നത് ഗോപി സുന്ദറാണ്. തമീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമീൻസാണ് ഈ സിനിമ നിർമ്മിക്കുന്നത്.
നേരത്തെ ദിലീപ് കള്ളൻ മാധവനായി അഭിനയിച്ച മീശ മാധവൻ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. ദിലീപിന് താരപരിവേഷം നൽകിയ ചിത്രമാണിത. അതു കൊണ്ട് തന്നെ ദിലീപിന്റെ പുതിയ കള്ളൻ വേഷത്തെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.