മമ്മൂട്ടിയോടൊപ്പം ജൂനിയർ ആർടിസ്റ്റായി തുടങ്ങി 'ഷിബു' വിലൂടെ നായക വേഷത്തിലെത്തിയ കാർത്തിക് രാമകൃഷ്ണൻ

19

-ഫഖ്‌റുദ്ധീൻ പന്താവൂർ
സിനിമ മാത്രം സ്വപ്നം കണ്ട് പ്ലസ്ടു പഠനം കഴിഞ്ഞപ്പോൾ എറണാംകുളത്തേക്ക് അഭിനയം പഠിക്കാനിറങ്ങിയതായിരുന്നു പാലക്കാട് സ്വദേശി കാർത്തിക് രാമകൃഷണൻ. സിനിമാ പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല കാർത്തികിന്റേത്. പഠനകാലത്ത് ഒരു നാടകത്തിൽ പോലും അഭിനയിച്ചിട്ടുമില്ല. ഒരൊറ്റ സിനിമയും വിടാതെ കാണും അതാണ് ആകെയുള്ള കരുത്ത്.
സാമ്പത്തിക സ്ഥിതി മോഷമായതോടെ സിബിമലയിലിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയ പഠനം തുടരാനാകാതെ എറണാംകുളത്തെ ഫാൻസിക്കടയിൽ ജോലിക്കാരനായി. അന്നും സ്വപ്നം നിറയെ സിനിമ മാത്രമായിരുന്നു മുട്ടാത്ത വാതിലുകളില്ല കാണാത്ത സിനിമക്കാരില്ല പല ജോലികൾ പല വേഷങ്ങൾ ജീവിതത്തിൽ.
എറണാംകുളംവിട്ടു പോയില്ല എങ്ങും. കാത്തിരിക്കുന്നവനിലേക്ക് എല്ലാം വരും വൈകിയാണെങ്കിലും എന്ന സ്പാനിഷ് കവിതയിലായിരുന്നു വിശ്വാസം.
അങ്ങനെ മമ്മൂട്ടിയോടൊപ്പം ബെസ്റ്റ് ആക്ടറിൽ ചെറിയൊരു വേഷം. ഇതിനിടയിൽ നിരവധി ഷോർട്ട് ഫിലിമുകളിൽ അഭിനയിച്ചു, പരസ്യചിത്രങ്ങളിലും. പിന്നെ കുറെയേറെ സിനിമകളിൽ ചെറിയ വേഷങ്ങൾ.
ഒടുവിൽ നാല് വർഷം മുമ്പ് ഒരു നായക വേഷം കിട്ടി.. കിനാക്കൾ എല്ലാം യഥാർത്ഥ്യമായി.അർജുൻ ഗോകുൽ സംവിധാനം ചെയ്യുന്ന മുപ്പത്തി രണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന സിനിമയിൽ നായകനാവാൻ കാർത്തിക് ഒരുങ്ങി. ഇതിനിടയിൽ നിർമ്മാതാവ് പിന്മാറി.
മറ്റൊരാൾ വന്നു ഒരൊറ്റ കണ്ടീഷൻ നായകൻ കാർത്തികിനെ മാറ്റണം. പകരം ജെപിയെ നായകനാക്കണം. കരള് കത്തുന്ന വേദനയോടെ കാർത്തിക് പിൻവാങ്ങി. അർജുൻ ഗോകുലിന്റെ ആദ്യ സിനിമയായിരുന്നു അത്. എന്തായാലും നായകനാവാൻ കഴിയാതെപോയ കാർത്തിക് ആ സിനിമയിൽ ആദ്യമായി ഒരു കാര്യക്ടർ റോളിൽ എത്തി. അപ്പോഴും നല്ല അവസരത്തിനായ് കാർത്തിക് കാത്തിരുന്നു.
നാല് വർഷങ്ങൾക്കുശേഷം അർജുൻ ഗോകുൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ‘ഷിബു’വിൽ നായക വേഷം കാർത്തികിനെ തേടിയെത്തി. സ്വപ്നങ്ങളെല്ലാം ഇപ്പോൾ ശരിക്കും യഥാർത്ഥ്യമായി. ഷിബു ജൂലൈ 19 ന് റിലീസ് ചെയ്യുകയാണ്. സിനിമയെ മാത്രം സ്വപ്നം കണ്ട് സിനിമക്കായ് മിത്രം ജീവിച്ച് ഒടുവിൽ നഷ്ടപ്പെട്ടുപോയ നായകവേഷം സിനിമക്കഥപോലെ തിരിച്ചുപിടിച്ചിരിക്കുകയാണ് കാർത്തിക് രാമകൃഷ്ണൻ ‘കാർത്തിക് ഹീറോയാണടാ ഹീറോ’
പ്രണയവും കോമഡിയും പ്രമേയമായ ഷിബുവിൽ നടൻ ദിലീപിനെ വെച്ച് സിനിമയെടുക്കാൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്. ഫഹദ് ഫാസിൽ നായകനായ ഞാൻ പ്രകാശനിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത അജ്ഞു കുര്യനാണ് നായികയാവുന്നത്. മമ്മൂട്ടി നായകനായ ഉണ്ടയിലെ പ്രധാന കഥാപാത്രമായിരുന്ന ലുക്ക്മാൻ, സലീം കുമാർ ,ബിജുക്കുട്ടൻ എന്നിവരുമാണ് മറ്റു പ്രധാന അഭിനേതാക്കൾ.
( ലേഖകൻ മാധ്യമപ്രവർത്തകനും അധ്യാപകനുമാണ്. 9946025819)

Advertisement