തന്റെ അടുത്ത ചിത്രം മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കിയാണ് ആലോചിക്കുന്നതെന്ന് മമ്മൂട്ടിയോട് പറഞ്ഞിട്ടില്ലെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. അതിന്റെ കാരണവും സംവിധായകൻ തന്നെ മമ്മൂട്ടിയുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞു.
കേരളത്തിലെ മികച്ച കർഷകർക്കായി കാർഷിക രംഗത്തെ മികവിന് ഏർപ്പെടുത്തിയ കതിർ പുരസ്ക്കാരങ്ങൾ മമ്മൂട്ടി വിതരണം ചെയ്യുന്ന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു സത്യൻ അന്തിക്കാട്. ഈ വേദിയിൽ വെച്ചാണ് സത്യൻ അന്തിക്കാട് മമ്മൂട്ടിയെ കുറിച്ച് പറഞ്ഞത്. മമ്മൂട്ടിയെ കൃഷിയിലെ തന്റെ ഗുരുനാഥനായി സത്യൻ അന്തിക്കാട് വിശേഷിപ്പിച്ചു.
ഒരു സംവിധായകൻ തന്റെ സിനിമയിൽ മമ്മൂട്ടിയെ നായകനാക്കിയാൽ പിന്നെ അദ്ദേഹത്തിന് മനസമാധാനം ഉണ്ടാകില്ലെന്നും, പല സമയങ്ങളിലും പല സ്ഥലത്തു നിന്നും മമ്മൂട്ടി വിളിക്കുമെന്നും ആ കഥാപത്രം ഇങ്ങനെ നടന്നാൽ എങ്ങനെയിരിക്കും, ആ കഥാപാത്രത്തിന്റെ വസ്ത്രം ഏതു രീതിയിൽ ആയിരിക്കണം, എന്നിങ്ങനെയുള്ള ചിന്തയിലായിരിക്കും മമ്മൂട്ടിയെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.
അതുകൊണ്ട് അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കിയാണ് അടുത്ത സിനിമ ആലോചിക്കുന്നതെന്ന കാര്യം ഈ നിമിഷം വരെ പറഞ്ഞിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു. 25ാമത് ബഷീർ പുരസ്കാരത്തിന് മമ്മൂട്ടി അർഹനായിരുന്നു. ഖത്തർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളുടെ സാംസ്ക്കാരിക സംഘടന പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 25 മത് ബഷീർ പുരസ്കാരത്തിനാണ് മമ്മൂട്ടി അർഹനായത്.
ചലച്ചിത്ര നടൻ എന്ന നിലയിലുള്ള പകർന്നാട്ടങ്ങളും ജീവകാരുണ്യ രംഗത്തെ നിശബ്ദ സേവനവും പരിഗണിച്ചാണ് മമ്മൂട്ടിയ്ക്ക് ബഷീർ പുരസ്ക്കാരം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപ്പന ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. എംടി വാസുദേവൻ നായർ ചെയർമാനായ അവാർഡ് നിർണ്ണയ സമിതിയാണ് മമ്മൂട്ടിയെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.