മമ്മൂട്ടിയെയും മോഹൻലാലിനെയും നായകനാക്കി രണ്ട് ചിത്രങ്ങൾ, സംവിധാനം പ്രേംനസീർ: പക്ഷേ വിധി ഇങ്ങനെയായിരുന്നു

26

പ്രേംനസീർ എന്നത് മലയാള സിനിമ ഉള്ളിടത്തോളം കാലം ഓർക്കപ്പെടുന്ന പേരാണ്. മലയാള ചലച്ചിത്രലോകത്തെ നിത്യഹരിത നായകൻ എന്ന പേരിന് അവകാശി വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും നസീറിന് മാത്രം അവകാശപ്പെട്ടതാണ്. നസീറിൽ നിന്ന് മമ്മൂട്ടിയിലേക്കും മോഹൻലാലിലേക്കും മലയാള സിനിമ ചുവടു മാറിയപ്പോഴും നസീർ തരംഗത്തിന് ഒരു കോട്ടവും സംഭവിച്ചിരുന്നില്ല. 40 വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ആയിരത്തിലധികം നായക കഥാപാത്രങ്ങൾക്ക് പൂർണത നൽകിയ പ്രേം നസീർ എന്ന മഹാനടൻ ഒടുവിൽ യാത്രയായത് ഒരു സ്വപ്നം ബാക്കി നിറുത്തിയായിരുന്നു. മോഹൻലാൽ, മമ്മൂട്ടി എന്നിവരെ നായകന്മാരാക്കി രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുക എന്ന സ്വപ്നം. തിരക്കഥയുടെ ചർച്ചകൾ വരെ പൂർത്തിയാക്കിയ നസീർ അതിനായി ചുമതലപ്പെടുത്തിയത് ശ്രീനിവാസനെയും ഡെന്നിസ് ജോസഫിനെയും ആയിരുന്നു. മോഹൻലാൽ ചിത്രത്തിന് ശ്രീനിവാസനും, മമ്മൂട്ടിയ്ക്ക് വേണ്ടി ഡെന്നിസ് ജോസഫും തിരക്കഥ എഴുതുന്ന ചിത്രങ്ങൾ. അടുത്തിടെ ഒരു മാദ്ധ്യമത്തിൽ എഴുതിയ കുറിപ്പിൽ ഡെന്നിസ് ജോസഫ് തന്നെയാണ് നസീറിനെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവച്ചത്. തിരക്കഥയുടെ പ്രതിഫലം അഡ്വാൻസായി നൽകിയപ്പോൾ,? താൻ അത് സ്നേഹപൂർവം നിരസിച്ചതും തുടർന്ന് നസീർ വികാരഭരിതനായതുമെല്ലാം ഡെന്നീസ് വ്യക്തമാക്കുന്നുണ്ട്. സിനിമയിൽ ഞാൻ സജീവമല്ലാതിരുന്നിട്ടു കൂടി നിങ്ങളെ പോലുള്ള പുതിയ ആൾക്കാർ നല്ല രീതിയിൽ പെരുമാറുന്നല്ലോ എന്റെ സന്തോഷം എനിക്ക് മറക്കാൻ കഴിയുന്നില്ല’ ഇതായിരുന്നു നസീർ എന്ന വലിയ മനുഷ്യന്റെ പ്രതികരണമെന്ന് ഡെന്നിസ് പറയുന്നു. പക്ഷേ നിർഭാഗ്യവശാൽ ആ ചിത്രങ്ങൾ നടന്നില്ല. ആറുമാസങ്ങൾക്കുള്ളിൽ പ്രേംനസീർ വിടവാങ്ങി. ഒരു സംവിധായകൻ ആകുക എന്ന സ്വപ്നം സാധിക്കാതെയാണ് ആ മഹാനടൻ യാത്രയായതെന്നും ഡെന്നിസ് ജോസഫ് തന്റെ ഓർമ്മക്കുറിപ്പിൽ വിവരിക്കുന്നു.

Advertisement