ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തിറങ്ങിയ യുവതാരങ്ങൾ അണിനിരന്ന പതിനെട്ടാം പടി എന്ന ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. 65 പുതുമുഖങ്ങളെയാണ് ഈ സിനിമയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് മെഗാസ്റ്റാർ മമ്മൂട്ടിയെത്തുന്നത്.
പൃഥ്വിരാജ്, പ്രിയാമണി, ഉണ്ണി മുകുന്ദൻ, ആര്യ തുടങ്ങിയവർ അതിഥിവേഷങ്ങളിലെത്തുന്ന സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത് യുവതാരങ്ങളാണ്. എന്നാൽ പതിനെട്ടാം പടി ഒരു മമ്മൂക്ക പടമാണെന്നാണ് സംവിധായകൻ ശങ്കർ രാമകൃഷ്ണൻ പറയുന്നത്.
മമ്മൂട്ടി ചെയ്യുന്നത് ഗസ്റ്റ് അപ്പിയറൻസ് അല്ലെന്നും സാരവത്തായ ഒരു കാരക്ടറാണ് അദ്ദേഹത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഹീറോയെ പറഞ്ഞേ തീരൂ എന്നുണ്ടെങ്കിൽ തീർച്ചയായും ഇത് ലീഡ് ചെയ്യുന്നതു മമ്മൂക്കയാണ്. വാസ്തവത്തിൽ, ഇതൊരു മമ്മൂക്ക പടമാണ്.
മമ്മൂക്ക ഈ പടത്തിൽ ഗസ്റ്റ് അപ്പിയറൻസിൽ അല്ല. വളരെ സാരവത്തായ ഒരു കാരക്ടറാണ് മമ്മൂക്ക ചെയ്യുന്നത്. പലപ്പോഴും സ്‌ക്രീൻസ്പേസാണ് നമ്മൾ ഇതിനൊരു മാനദണ്ഡമായി നിശ്ചയിക്കുന്നത്.
ഒരു സിനിമയുടെ ഒരുവിധം വലിയ സ്‌ക്രീൻസ്പേസിൽ മമ്മൂക്ക ആക്ട് ചെയ്യുമ്പോൾ അദ്ദേഹത്തെ എങ്ങനെയാണ് ഒരു ഗസ്റ്റ് ആക്ടർ എന്നു വിളിക്കുന്നത്.
അങ്ങനെ വിളിക്കുന്നത് ടെക്നിക്കലി ശരിയല്ല. പലതും ആളുകൾ ഊഹിച്ചു പറയുന്നതാണ്. അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊന്നും നമ്മൾ ഇതിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം പറഞ്ഞു. ജോൺ എബ്രഹാം പാലയ്ക്കൽ എന്ന കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യുന്നതിനു മമ്മൂട്ടിയാണ് ഉചിതമെന്നു തോന്നിയെന്നും ശങ്കർ പറഞ്ഞു. അൺനോൺ ആയ ഒരാളെവെച്ച് അതു ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ശങ്കർ രാമകൃഷ്ണൻ പൃഥ്വിരാജിനെ നായകനാക്കി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പൻ എന്ന സിനിമയുടെ ഷൂട്ടിങ് അടുത്തവർഷം മധ്യത്തോടെ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. വലിയ കാൻവാസിലുള്ള സിനിമയാണ് അതെന്നും എപിക് സിനിമയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പതിനെട്ടാം പടിയുടെ തിരക്കഥയും എഴുതിയിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ തന്നെയാണ്.ഓഗസ്റ്റ് സിനിമാസിന്റെ ബാനറിലാണ് സിനിമ പുറത്തിറങ്ങിയത്.