ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന വിജയ് സേതുപതി ചിത്രത്തിൽ നിന്നും തന്നെ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്താക്കിയതായി അമല പോൾ. ട്വിറ്റർ വഴിയാണ് അമല ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.
രണ്ട് പേജ് നീളുന്ന പരാതിയാണ് അമല ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. താൻ ചിത്രത്തിന്റെ നിർമ്മാണവുമായി സഹകരിക്കുന്നില്ലെന്ന് ആരോപിച്ചാണ് തന്നെ ഇവർ പുറത്താക്കിയതെന്നും അമല തന്റെ പരാതിയിൽ പറയുന്നു. അടിസ്ഥാനമില്ലാത്ത ആരോപണമാണിത്. അമല പറഞ്ഞു.
ചിത്രത്തിൽ നിന്നും പുറത്താക്കിയതായി അറിയിച്ചുകൊണ്ട് നിർമാതാവ് അമലയ്ക്ക് കത്തയച്ചിരുന്നു. വിഎസ്പി33 എന്ന് പേരിട്ടിരിക്കുന്ന വിജയ് സേതുപതിയുടെ 33മത്തെ ചിത്രത്തിൽ നിന്നുമാണ് നടി പുറത്തായത്. അമലയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ ആടൈയുടെ ടീസർ കണ്ടതിന് ശേഷമാണ് നിർമാതാവ് രത്‌നവേലു കുമാർ അമലയെ പുറത്താക്കാൻ തീരുമാനിച്ചത്.
ചിത്രത്തിന്റെ ടീസറിൽ വിവസ്ത്രയായിട്ടാണ് അമല പ്രത്യക്ഷപ്പെടുന്നത്. തന്റെ ചിത്രത്തിനായി വസ്ത്രങ്ങൾ വാങ്ങി ഒരുങ്ങേണ്ടെന്നും രത്‌നവേലു അമലയ്ക്കയച്ച കത്തിൽ പരിഹസിച്ചു. പരമ്പരാഗത മനോഭാവവും, പിതൃമേധാവിത്ത സമീപനവും ഉള്ളിൽ വച്ചുകൊണ്ടാണ് അവർ എനിക്കെതിരെ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്.
എന്റെ പുതിയ ചിത്രമായ ആടൈ റിലീസ് ചെയ്യാനിരിക്കുമ്പോൾ ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത് ചിത്രത്തെയും എന്റെ ഭാവിയേയും ബാധിക്കും. എന്നെ മനഃപൂർവം കരിവാരിത്തേക്കാനാണ് ഇവർ ഇത്തരം കുപ്രചരണങ്ങൾ നടത്തുന്നത്. അമല പരാതിയിൽ പറയുന്നു.ഇത്തരം ചിന്താഗതികളിൽ നിന്നും പുറത്ത് വന്നാൽ മാത്രമേ തമിഴ് ചലച്ചിത്രമേഖലയിൽ നല്ല ചിത്രങ്ങൾ ഉണ്ടാകുകയുള്ളൂ എന്നും അമല പറഞ്ഞു.