തെന്നിന്ത്യൻ താര സുന്ദര അമല പോളിന്റെ മുൻ ഭർത്താവും സംവിധായകനുമായ എഎൽ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയായിരുന്നു വധു.
ഇപ്പോഴിതാ വിജയിയ്ക്കും ഭാര്യ ഐശ്യര്യയ്ക്കും വിവാഹ ആശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് അമല പോൾ. തന്റെ പുതിയ ചിത്രമായ ആടൈയുടെ പ്രചാരണ വേളയിലാണ് അമലയുടെ പ്രതികരണം.
വിജയ് നല്ലൊരു വ്യക്തിത്വത്തിനുടമയാണ്. പൂർണമനസ്സോടെ അദ്ദേഹത്തിന് വിവാഹ മംഗളാശംസകൾ നേരുന്നു. ദമ്പതികൾക്ക് ഒരുപാട് കുഞ്ഞുങ്ങൾ ഉണ്ടാകട്ടെയെന്ന് അമല പറഞ്ഞു.
വിജയിയുമായുള്ള വിവാഹ മോചനത്തിനു ശേഷം തനിക്ക് സിനിമയിൽ വേഷങ്ങൾ കുറയുമെന്നു ഭയപ്പെട്ടിരുന്നെന്നും എന്നാൽ കഴിവുണ്ടെങ്കിൽ നമ്മളെ തോൽപിക്കാൻ ആർക്കും സാധിക്കില്ലെന്ന് മനസിലായെന്നും അമല പോൾ പറഞ്ഞു.
2011-ൽ പുറത്തിറങ്ങിയ ദൈവ തിരുമകൾ എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് സംവിധായകൻ എ.എൽ വിജയ്യുമായി അമല പോൾ പ്രണയത്തിലാകുന്നത്.
പിന്നീട് ദളപതി വിജയിയെ നായകനാക്കി എഎൽ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂൺ 12നായിരുന്നു വിവാഹം. ഒരു വർഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവർ വേർപിരിയുകയായിരുന്നു.