നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് ഐശ്വര്യ ലക്ഷ്മി. പിന്നീട് ആഷിക് അബുവിന്റെ ടോവിനോ ചിത്രം മായാനദിയിലെ അപുവിലൂടെ നടി അറിയപ്പെട്ുന്ന താരമായി മാറുകയായിരുന്നു.
തുടർന്ന് വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡെ, തുടങ്ങിയ ചിത്രങ്ങളിലുടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറപകയായിരുന്നു ഐശ്വര്യ ലക്ഷ്മി. ആക്ഷനിലൂടെ ഐശ്വര്യ തമിഴിലും അരങ്ങേറിയ താരത്തിന് ആരാധകരും ഏറെയാണ്. മലയാള സിനിമയിലെ യുവ നടിമാരിൽ മുൻനിരയിലാണ് ഐശ്വര്യയുടെ സ്ഥാനം.
ഇപ്പോഴിതാ കൊവിഡ് രണ്ടാം വ്യാപനത്തിലെ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. തനിക്ക് രാഷ്ട്രീയം ഇല്ല, പക്ഷേ പിണറായി വിജയൻ സർക്കാർ ഈ വിഷയം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്യുന്നു എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
ഇൻസ്റ്റഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം. ഐ ലവ് യു മുഖ്യമന്ത്രി. എനിക്കൊരു രാഷ്ട്രീയ പാർട്ടിയോടും ചായ്വ് ഇല്ല. എന്നാൽ നമ്മുടെ സംസ്ഥാനത്തിൽ നിങ്ങൾ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ ഞാൻ സന്തോഷിക്കുന്നു. വിഷമഘട്ടം കഴിയാൻ ഇനിയും ഒരുപാടുണ്ടെങ്കിലും ഇത് വളരെ അത്യാവശ്യമായിരുന്ന പ്രതീക്ഷ പകരുന്നതാണ്. എന്നായിരുന്നു ഐശ്വര്യ തന്റെ സ്റ്റോറിയിൽ കുറിച്ചത്.
കേരളം ഒരു കോടി ഡോസ് വാക്സിൻ സ്വന്തമായി വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഐശ്വര്യ. മുഖ്യമന്ത്രിയുടെ ട്വീറ്റ് പങ്കുവച്ചു കൊണ്ടായിരുന്നു നടിയുടെ പ്രതികരണം.
സംസ്ഥാനത്തെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്കും രണ്ടു ഡോസ് വാക്സിൻ സൗജന്യമായി തന്നെ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് വേണ്ടി ഒരു കോടി ഡോസ് വാക്സിൻ വില കൊടുത്ത് വാങ്ങുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അതേ സമയം ധനുഷ് ചിത്രം ജഗമേ തന്തിരം ആണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ. ഇതിന് പുറമെ പൊന്നിയൻ സെൽവൻ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട്, കുമാരി, ബിസ്മി സ്പെഷ്യൽ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്. തെലുങ്കിലും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് ഐശ്വര്യ.
ഗോഡ്സെ ആണ് ആദ്യ തെലുങ്ക് ചിത്രം. ബ്രദേഴ്സ് ഡെ ആയിരുന്നു മലയാളത്തിൽ അവസാനം തീയേറ്ററുകളിലെത്തിയത്.