മലയാളികളുടെ മനസിൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചേക്കേറിയ താരമാണ് അനു സിത്താര. കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ മലയാള സിനിമാ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന താരത്തിന്റെ നാലാം വിവാഹ വാർഷികമാണ് ഇന്ന്.
വാർഷിക ദിനത്തിൽ ഇൻസ്റ്റഗ്രാമിലൂടെ വിവാഹ ചിത്രം താരം പങ്കുവച്ചിട്ടുണ്ട്. ലളിതമായ രീതിയിലായിരുന്നു വിവാഹം. വിവാഹ രജിസ്ട്രറിൽ ഒപ്പുവയ്ക്കുന്ന താരവും ഭർത്താവ് വിഷ്ണുവുമാണ് ഫോട്ടോയിലുള്ളത്. ഇൻസ്റ്റഗ്രാം ഫോട്ടോയ്ക്ക് ദമ്പതികൾക്ക് ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബൻ, കനിഹ എന്നിങ്ങനെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
2015 ജൂലായ് എട്ടാം തീയതിയായിരുന്നു അനു സിത്താര ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണു പ്രസാദിനെ വിവാഹം കഴിച്ചത്. വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിത്താര സിനിമയിൽ സജീവമാകുന്നത്. തനിക്ക് വിഷ്ണു നൽകുന്ന പിന്തുണയെപ്പറ്റി മിക്ക അഭിമുഖങ്ങളിലും താരം വാചാലയായിട്ടുണ്ട്. സർക്കാർ ജീവനക്കാരനും നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളാണ് അനു സിത്താര.