ഉലകനായകൻ കമലഹാസന്റെ ഇന്ത്യൻ 2 ഇന്ന് തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ ഏറ്റവും വലിയ ചർച്ചാവിഷയമാണ്. ആ സിനിമ ഉപേക്ഷിച്ചോ എന്നതാണ് ഉയരുന്ന വലിയ ചോദ്യം. നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസ് ഈ സിനിമയിൽ നിന്ന് പിൻമാറിയെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു.
ഷങ്കറിന്റെ മുൻചിത്രമായ 2.0 വലിയ കളക്ഷൻ നേടിയ സിനിമയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ബജറ്റ് അധികമായിരുന്നു എന്നതിനാൽ അതൊരു വലിയ ലാഭകരമായ ചിത്രം ആയിരുന്നില്ല. ലൈക തന്നെയായിരുന്നു ആ സിനിമയും നിർമ്മിച്ചത്. ഇന്ത്യൻ 2 ഒരു മികച്ച വിജയം നേടുന്ന ചിത്രമായിരിക്കും എന്ന ധാരണയിലാണ് ലൈക ചിത്രം നിർമ്മിക്കാൻ തയ്യാറായത്.
എന്നാൽ ചിത്രീകരണം പുരോഗമിക്കുന്തോറും ഈ സിനിമയുടെ ബജറ്റ് റോക്കറ്റ് പോലെ കുതിച്ചുകയറി. അതോടെ ഇന്ത്യൻ 2ൽ നിന്നു പിൻമാറാൻ ലൈക തീരുമാനിച്ചതായാണ് നേരത്തേ റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട കൺഫ്യൂഷനെല്ലാം അവസാനിച്ചതായി വാർത്തകൾ വരുന്നു.
സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകഴിഞ്ഞു. ഓഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ബോളിവുഡ് ആക്ഷൻ താരം വിദ്യുത് ജാംവാൽ ഇന്ത്യൻ 2ൽ വില്ലനായി അഭിനയിക്കും. വിദ്യുത് കരാറിൽ ഒപ്പിട്ടുകഴിഞ്ഞു. നേരത്തെ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി ഈ ചിത്രത്തിൽ ഉണ്ടാവും എന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മമ്മൂട്ടി ഇതിൽ അഭിനയിക്കുന്നില്ല എന്നാണ് അറിയുന്നത്.
അതേ സമയം വിദ്യുത് ആയിരിക്കില്ല പ്രധാന വില്ലൻ എന്നും കേൾക്കുന്നു. അജയ് ദേവ്ഗൺ, അഭിഷേക് ബച്ചൻ എന്നിവരിൽ ആരെങ്കിലും ഉടൻ തന്നെ ഈ പ്രൊജക്ടിൽ സൈൻ ചെയ്തേക്കും.കാജൽ അഗർവാൾ നായികയാകുന്ന ചിത്രത്തിൽ സിദ്ദാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ഐശ്വര്യ രാജേഷ്, നെടുമുടി വേണു, ഡെല്ലി ഗണേഷ് തുടങ്ങിയവരും ഇന്ത്യൻ 2ന്റെ ഭാഗമാണ്.
ഷങ്കറിന്റെ തിരക്കഥയ്ക്ക് സംഭാഷണം എഴുതിയിരിക്കുന്നത് ജയമോഹനും കബിലൻ വൈരമുത്തുവും ലക്ഷ്മി ശരവണകുമാറും ചേർന്നാണ്. അനിരുദ്ധ് സംഗീതം നിർവഹിക്കുന്ന ഇന്ത്യൻ 2 ക്യാമറയിലാക്കുന്നത് രവിവർമൻ. ശ്രീകർ പ്രസാദ് എഡിറ്റിംഗ്. മുത്തുരാജാണ് പ്രൊഡക്ഷൻ ഡിസൈനർ.