സൂപ്പർ ഹിറ്റ് സംവിധായകൻ ആറ്റ്ലിയുടെ സംവിധാനത്തിൽ വിജയ് പ്രധാനവേഷത്തിലെത്തിയ ബിഗ്ബജറ്റ് തമിഴ് ചിത്രമായിരുന്നു മെർസൽ. ഇതിൽ ആദ്യം നായികയായി നിശ്ചയ്ച്ചിരുന്നത് നടി ജ്യോതികയെയായിരുന്നു. ഇപ്പോൾ ചിത്രത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ജ്യോതിക.
മെർസലിൽ ഐശ്വര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയിരുന്നു ജ്യോതികയെ പരിഗണിച്ചത്. എന്നാൽ പിന്നീട് ചിത്രത്തിൽ നിന്ന് താരം പിൻമാറുകയായിരുന്നു. തുടർന്ന് ആ കഥാപാത്രത്തെ അവതരിപ്പിച്ചത് നിത്യ മേനോനായിരുന്നു.
മെർസലിനായി എന്നെ സമീപിച്ചിരുന്നു. എന്നാൽ സർഗാത്മകതയുമായി ബന്ധപ്പെട്ട കാര്യത്തിൽ അണിയറ പ്രവർത്തകരുമായി അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. തുടർന്ന് ഞാൻ ആ ചിത്രം വേണ്ടെന്നു വച്ചു. ജ്യോതിക പറഞ്ഞു. പുതിയ റിലീസായ രാക്ഷസി എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരഭിമുഖത്തിലാണ് ഇതെക്കുറിച്ച് ജ്യോതിക മനസ് തുറന്നത്.
ഒരു സിനിമയുടെ വലിപ്പം നിശ്ചയിക്കുന്നത് അതിന്റെ ബജറ്റ് അല്ലെന്നും നടി ജ്യോതിക അഭിപ്രായപ്പെട്ടു. ബജറ്റ് നോക്കിയല്ല പ്രേക്ഷകർ സിനിമ കാണുന്നത്. അത് എന്തു നൽകുന്നു എന്നതാണ് പ്രധാനം. ബിഗ് ബജറ്റ് സിനിമകൾ വിട്ട് നേർകൊണ്ട പാർവൈ (ഹിന്ദി ചിത്രം പിങ്കിന്റെ റീമേക്ക്) എന്ന ചിത്രം ചെയ്യുന്ന അജിത്തിനെ ഞാൻ അഭിനന്ദിക്കുകയാണ്. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്‌ബോൾ നേർകൊണ്ട പാർവൈ ചെറുതാണ്. എന്നാൽ അത് നൽകുന്ന സന്ദേശം വളരെ വലുതാണ് ജ്യോതിക വ്യക്തമാക്കി.