അടുത്തിടെ മലയാള മലയാള സിനിമയിൽ ഏറെ വിവാദങ്ങൾ ഉണ്ടാക്കിയ സംഭവത്തിലെ നടി സിനിമയിൽ അഭിനയിക്കാത്തത് അവസരം ഇല്ലാത്തതു കൊണ്ടല്ല, അത് അവരുടെ തീരുമാനമാണെന്ന് മോഹൻലാൽ. നടിക്ക് സിനിമയിൽ അവസരം ലഭിക്കാതിരിക്കാൻ ശ്രമങ്ങൾ നടക്കുന്നതുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പലരും വിളിച്ചപ്പോഴും അവർ അഭിനയിക്കാൻ ഇല്ലെന്നാണ് പറഞ്ഞത്. അത് അവരുടെ തീരുമാനമാവാമെന്നും മോഹൻലാൽ പറഞ്ഞു. കരട് നിർദേശങ്ങളിൽ ഡബ്ല്യുസിസി അംഗങ്ങളുടെ എതിർപ്പ്, അക്രമിക്കപ്പെട്ട നടിയുടെ സംഘടനയിലേക്കുള്ള തിരിച്ചുവരവ്, യോഗം ചർച്ച ചെയ്ത നിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് മാദ്ധ്യമ പ്രവർത്തകർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും മോഹൻലാലോ മറ്റ് ഭാരവാഹികളോ വ്യക്തമായ ഉത്തരം നൽകിയില്ല.
ആക്രമിക്കപ്പെട്ട നടിഉൾപ്പെടെ സംഘടനയിൽ നിന്ന് രാജിവെച്ച നടിമാർ അപേക്ഷ നൽകിയാൽ മാത്രമേ തിരിച്ചെടുക്കാനാവൂവെന്നതാണ് നിയമമെന്ന് ട്രഷറർ ജഗദീഷ് പറഞ്ഞു. തിരിച്ചെടുക്കുമ്പോൾ അംഗത്വ ഫീസ് വാങ്ങരുതെന്ന നിർദേശം മമ്മൂട്ടി മുന്നോട്ട് വെച്ചെന്നും അത് എല്ലാവർക്കും സ്വീകാര്യമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ ഈ അഭിപ്രായത്തെ വൈസ് പ്രസിഡന്റ് ഗണേഷ്കുമാർ എതിർത്തതോടെ ഇക്കാര്യത്തിൽ എക്സിക്യൂട്ടീവ് അംഗങ്ങൾക്കിടയിലുള്ള ഭിന്നത പുറത്തായി.