സിനിമയിൽ വന്നശേഷം കോംപ്രമൈസ് എന്ന വാക്ക് നേരിട്ടു കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി ഗായത്രി സുരേഷ്. റെഡ് എഫ്എം റേഡിയോ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ഗായത്രി ഇക്കാര്യം തുറന്നുപറഞ്ഞത്.
മെസ്സേജ് വഴിയാണ് താൻ ഈ ചോദ്യം നേരിട്ടതെന്നും എന്നാൽ അതിനു മറുപടി അയച്ചില്ലെന്നും ഗായത്രി പറഞ്ഞു. സിനിമയാണല്ലോ, ആർ യു റെഡി ഫോർ കോംപ്രമൈസ് എന്നായിരുന്നു ചോദ്യമെന്നും ഗായത്രി വ്യക്തമാക്കി. അത്തരത്തിലുള്ള സന്ദേശങ്ങൾക്കു താൻ മറുപടി നൽകാറില്ലെന്നും അവർ പറഞ്ഞു.
ഇത്തരത്തിൽ സന്ദേശങ്ങൾ അയക്കുന്നവർക്ക് നേരിട്ടുതന്നെ നല്ല മറുപടി നൽകണമെന്ന് ഗായത്രിക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്ത നടൻ ധ്രുവൻ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌ന പ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഒരേ മുഖം, ഒരു മെക്‌സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. ധ്രുവനൊപ്പം അഭിനയിച്ച ചിൽഡ്രൻസ് പാർക്കാണ് പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം.
വീഡിയോ കടപ്പാട്: റെഡ് എഫ്എം