ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖിന്റെ പുതിയ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ആറ് മാസമായി. സീറോ ബോക്സ് ഓഫീസിൽ നേരിട്ട പരാജയമാണ് താരത്തെ സിനിമയിൽ നിന്ന് ഇടവേളയെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ ഷാരൂഖ് തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിജയിയും നയൻതാരയും ഒന്നിക്കുന്ന ബിഗിലി എന്ന ചിത്രത്തിലൂടെയാണ് ഷാരൂഖ് ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ അതിഥിതാരമായാണ് ഷാരൂഖ് എത്തുന്നത് എന്നാണ് റിപ്പേർട്ടുകൾ. സിനിമയുടെ അണിയറപ്രവർത്തകർ ഇതിനായി താരത്തെ സമീപിച്ചിരുന്നെന്നും എആർ റഹ്മാൻ സംഗീതം നൽകുന്ന ഗാനത്തിൽ വിജയിയോടൊപ്പം അദ്ദേഹം ചുവടുവയ്ക്കുമെന്നുമാണ് സിനിമയുമായി അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.
വിജയ് ഇരട്ടവേഷത്തിലെത്തുന്ന ബിഗിലി സ്പോർട്സ് പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണ്. ഫുട്ബോൾ പരിശീലകൻറെ കഥാപാത്രമാണ് വിജയ്യുടെ ഇരട്ടവേഷങ്ങളിൽ ഒന്ന്. 16 പെൺകുട്ടികൾ ഉൾപ്പെടുന്ന ഫുട്ബോൾ ടീമിന്റെ കോച്ച് ആയാണ് വിജയ് എത്തുന്നതെന്നും ഇതിനായി വിജയ് പ്രത്യേക ഫിസിക്കൽ ട്രെയിനിങ് എടുക്കുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
എജിഎസ് എൻറർടെയ്ൻറ്മെൻറ്സ് നിർമ്മിക്കുന്ന ചിത്രത്തിൽ യോഗി ബാബു, ബാലാജി, റെബ മോണിക്ക ജോൺ, വിവേക്, കതിർ, ജാക്കി ഷ്റോഫ് എന്നിവർ ഉൾപ്പെടെ വൻ താരനിരയാണ് അണിനിരക്കുന്നത്. നയൻതാരയാണ് നായിക.