വയനാട്ടിലെ ആദിവാസി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ നടി മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നോട്ടീസ് നൽകി. വരുന്ന തിങ്കളാഴ്ച വയനാട് ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നാണ് നടിയോട് രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ട് വർഷം മുൻപ് പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ പണിയ വിഭാഗത്തിൽ പെട്ട 57 കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകാമെന്ന് മഞ്ജുവാര്യർ ഫൗണ്ടേഷൻ നൽകിയ വാഗ്ദാനം ഇതുവരെ പാലിച്ചില്ലെന്നാണ് കോളനി നിവാസികളുടെ പരാതി.
കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പ്രദേശത്ത് വ്യാപകനാശനഷ്ടമുണ്ടായി. ഇവിടുള്ളവർക്ക് മഞ്ജു വാര്യർ ഫൗണ്ടേഷൻ നൽകിയ വാഗ്ദാനം നില നിൽക്കുന്നതിനാൽ സർക്കാരും പഞ്ചായത്ത് അധികൃതരും പ്രളയ സഹായങ്ങളെല്ലാം നിഷേധിച്ചെന്നും കോളനിക്കാർ പറയുന്നു.
അതേസമയം കോളനിയിലെ വീടുകൾക്ക് അറ്റകുറ്റപ്പണി നടത്തിത്തരികയോ എല്ലാ കുടുംബങ്ങൾക്കുമായി ആകെ 10 ലക്ഷം രൂപ നൽകുകയോ ചെയ്യാമെന്ന് ലീഗൽ സർവീസ് അതോറിറ്റി സിറ്റിംഗിൽ മഞ്ജു വാര്യർ ഫൗണ്ടേഷൻ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
എന്നാൽ ഈ വാഗ്ദാനം കോളനിക്കാർ അംഗീകരിച്ചില്ല. ഇതിനെ തുടർന്നാണ് വരുന്ന തിങ്കളാഴ്ച മഞ്ജു വാര്യരോട് നേരിട്ട് ഹാജരാകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചത്. കമ്മീഷനിൽ നിന്നുള്ള കർശന നടപടി ഒഴിവാക്കാൻ തൽക്കാലം, കോളനിയിലെ 40 വീടുകളുടെ മുകളിൽ ഫൗണ്ടേഷൻറെ നേതൃത്വത്തിൽ ചോർച്ച ഒഴിവാക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചു നൽകിയിരുന്നു.
പ്രദേശത്തുള്ള 57 കുടുംബങ്ങൾക്ക് ഒന്നേമുക്കാൽ കോടിരൂപ ചിലവിൽ വീട് നിർമിച്ച് നൽകാൻ ഒരാൾക്ക് മാത്രമായി കഴിയില്ലെന്നും ഇക്കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നുമാണ് സംഭവത്തെക്കുറിച്ച് മഞ്ജു വാര്യർ ഫൗണ്ടേഷൻ നേരത്തെ പ്രതികരിച്ചത്.