ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് മത്സരം തീപ്പാറിയ പോരാട്ടമായത്. പ്രചാരണഘട്ടത്തിലെ വലിയ ജനപങ്കാളിത്തം കണ്ട് സുരേഷ് ഗോപി വിജയിക്കുമെന്ന് കരുതിയവരുമുണ്ട്.
താരനിരയും സ്ഥാനാർത്ഥിക്കൊപ്പം അണി നിരന്നപ്പോൾ സിനിമാ പ്രഭാവവും തൃശൂരിൽ നിറഞ്ഞിരുന്നു. ബിജു മേനോൻ സുരേഷ്ഗോപിക്ക് വോട്ടുചോദിച്ചെത്തിയത് സൈബർ ലോകത്തും വലിയ ചർച്ചയായി. ഒരു വിഭാഗത്തിൽ നിന്ന് സൈബർ ആക്രമണം തന്നെ ബിജു മേനോന് നേരിടേണ്ടി വന്നു. ഇപ്പോൾ അതേ കുറിച്ച് തുറന്നു പറയുകയാണ് താരം.
സുരേഷ് ഗോപിക്കുവേണ്ടി വോട്ട് ചോദിച്ച് എത്തിയത് തെറ്റാണെന്ന് തോന്നിയിട്ടില്ലെന്ന് ബിജു േമനോൻ പറഞ്ഞു. ജ്യേഷ്ഠ സ്ഥാനത്തുള്ള ഒരാൾക്ക് വിജയാശംസകൾ നേരേണ്ടത് തന്റെ ബാധ്യതയും കടമയുമാണെന്ന വിശ്വാസത്തിലാണ് പ്രചാരണത്തിനു പോയത്. ചില കമന്റുകൾ കണ്ട് വിഷമം തോന്നിയിരുന്നു.
എന്നാൽ ഞാൻ ചെയ്തത് തെറ്റാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്റെ സഹപ്രവർത്തകനും ജ്യേഷ്ഠതുല്യനുമായ ഒരാൾ തൃശൂരിൽ മത്സരിക്കുമ്ബോൾ പാർട്ടിയോ മറ്റോ നോക്കിയിട്ടല്ല പിന്തുണക്കുന്നത്.
അദ്ദേഹത്തിന് വിജയാശംസകൾ നേരേണ്ടത് എന്റെ ബാധ്യതയും കടമയുമാണെന്ന് തോന്നിയിട്ടാണ് ഞാൻ അവിടെ പോയത്. അതിന് ആളുകൾ പ്രതികരിച്ചു, അതിൽ ചെറിയ വിഷമം തോന്നി. എന്നാൽ കുറച്ചുനാൾ കഴിയുമ്ബോൾ ഇതിന്റെ വാസ്തവം ആളുകൾ തിരിച്ചറിയും.’ ബിജുമേനോൻ പറഞ്ഞു.
സുരേഷ് ഗോപിയെ ജനപ്രതിനിധിയായി കിട്ടിയാൽ തൃശൂരിന്റെ ഭാഗ്യമാണെന്നും അദ്ദേഹത്തെ പോലെയൊരു മനുഷ്യസ്നേഹിയെ താൻ വേറെ കണ്ടിട്ടില്ലെന്നും ബിജു മേനോൻ പ്രചാരണവേദിയിൽ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ സൈബർ ഇടങ്ങളിൽ ആക്രമണം തുടങ്ങിയത്. ‘സത്യം പറഞ്ഞാൽ വിശ്വസിക്കുവോ’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.