മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി യൂത്ത് ഐക്കൺ പൃഥ്വിരാജ് ചിത്രം ലൂസിഫർ മലയാളസിനിമയിലെ ആദ്യത്തെ 200 കോടി ക്ലബ് നേട്ടം കൈവരിച്ചതിന് പിന്നാലെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്.
കേരളത്തിൽ നിന്ന് മാത്രം നൂറ് കോടി കളക്ഷൻ കൈവരിച്ച ചിത്രം സൗത്ത് ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻനിരയിൽ ഇടം പിടിച്ചിരിക്കുകയാണ്. രജനീകാന്തിന്റെ പേട്ട കഴിഞ്ഞാൽ 2019ൽ സൗത്ത് ഇന്ത്യയിലിറങ്ങിയ ചിത്രങ്ങളിൽ ഏറ്റവും കളക്ഷൻ നേടിയത് ലൂസിഫറാണ്.
അതേസമയം, ചിത്രം വിജയകരമായ നൂറ് ദിവസങ്ങൾ പിന്നിട്ടുവെന്ന റിപ്പോർട്ടും എത്തിയിട്ടുണ്ട്. ആദ്യ 8 ദിവസങ്ങൾ കൊണ്ട് 100 കോടി നേടി ചരിത്രം സൃഷ്ടിച്ച് വാർത്തകളിൽ ഇടം പിടിച്ച സിനിമയാണ് ലൂസിഫർ. ലൂസിഫർ പുലിമുരുകന്റേതടക്കം മലയാളത്തിലെ നിലവിലെ ബോക്സ് ഓഫീസ് റെക്കോർഡുകളെല്ലാം തകർത്തുക്കൊണ്ട് 50 ദിവസങ്ങൾക്കൊണ്ട് വേൾഡ് വൈഡ് ഗ്രോസ്സ് 200 കോടി കടന്നു.
ഏകദേശം 13.5 കോടിയോളം രൂപയ്ക്കാണ് ലൂസിഫർ ഡിജിറ്റൽ റൈറ്റ്സ് ആമസോൺ നേടിയെടുത്തത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ലൂസിഫർ നിർമ്മിച്ചത്.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫർ. പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സ്റ്റീഫൻ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവർത്തകനെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. വലിയ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.