ഓണക്കാലം മലയാള സിനിമയുടെ ഏറ്റവും വലിയ സീസണുകളിലൊന്നാണ്. ഇത്തവണത്തെ ഓണത്തിന് മോഹന്‍ലാലിന്റെയും യുവതാരങ്ങളുടെയും ചിത്രങ്ങളുള്‍പ്പെടെ അഞ്ച് ചിത്രങ്ങള്‍ റിലീസിനൊരുങ്ങുന്നു. മമ്മൂട്ടിക്കും ദിലീപിനും ഓണം റിലീസുകളുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
മോഹന്‍ലാലിന്റെ ഓണം റിലീസ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിച്ച് നവാഗതരായ ജിബിയും ജോജുവും ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈനയുടെ ഷൂട്ടിംഗ് ശനിയാഴ്ച എറണാകുളത്ത് ഷെഡ്യൂള്‍ പായ്ക്കപ്പാകും.
മുപ്പതാം തീയതി എറണാകുളത്ത് ’അമ്മ” യുടെ ജനറല്‍ ബോഡി മീറ്റിംഗില്‍ പങ്കെടുത്ത ശേഷം പിറ്റേന്ന് പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചൈനയിലേക്ക് പറക്കുന്ന മോഹന്‍ലാല്‍ ജൂലായ് അഞ്ച് മുതല്‍ ഇട്ടിമാണിയുടെ ചൈന ഷെഡ്യൂളില്‍ പങ്കെടുക്കും. ചൈനയില്‍ ഇട്ടിമാണിക്ക് നാല് ദിവസത്തെ ഷൂട്ടിംഗാണ് പ്ളാന്‍ ചെയ്തിരിക്കുന്നത്.
പത്തിന് ചൈനയില്‍ നിന്ന് തിരിച്ചെത്തുന്ന മോഹന്‍ലാല്‍ പതിനൊന്നിനും പന്ത്രണ്ടിനും ഇട്ടിമാണിയുടെ അവസാന ഘട്ട ചിത്രീകരണത്തില്‍ പങ്കെടുക്കും. എറണാകുളത്തോ തൃശൂരിലോ ആയിരിക്കും ഇട്ടിമാണിയുടെ അവസാന ഘട്ട ചിത്രീകരണം.
മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, അജുവര്‍ഗീസ്, ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, കൈലാഷ്, വിനുമോഹന്‍, സിജോയ് വര്‍ഗീസ്, രാധികാ ശരത് കുമാര്‍, ഹണിറോസ്, സ്വാസിക, വിവിയ, കെ.പി.എ.സി ലളിത തുടങ്ങിയ വലിയൊരു താരനിര തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. സെപ്തംബര്‍ ആറിന് ഇട്ടിമാണി മാക്സ്ലാബ് തിയേറ്ററുകളിലെത്തിക്കും.
ധ്യാന്‍ ശ്രീനിവാസന് സംവിധായകനാകുന്ന ലവ് ആക്ഷന്‍ ഡ്രാമയാണ് ഓണത്തിനെത്തുന്ന മറ്റൊരു ചിത്രം. നയന്‍താരയും നിവിന്‍ പോളിയും നായികാ നായകന്മാരാകുന്ന ഈ ചിത്രത്തിന്റെ ഡബ്ബിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. നിവിന്‍ പോളി ലവ് ആക്ഷന്‍ ഡ്രാമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രവീണാ രവിയാണ് നയന്‍താരയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തത്.
ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജുവര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ അജുവര്‍ഗീസും ദുര്‍ഗ്ഗ കൃഷ്ണയുമാണ് മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.
കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്ന പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേയും ഓണക്കാലത്ത് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം ജൂലായ് ഏഴിനോ എട്ടിനോ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇനി അഞ്ച് ദിവസത്തെ ഷൂട്ടിംഗാണ് ബ്രദേഴ്സ് ഡേയ്ക്ക് അവശേഷിക്കുന്നത്. എറണാകുളത്ത് ഒരുദിവസവും മലയാറ്റൂരില്‍ നാല് ദിവസവും ചിത്രീകരണമുണ്ടാകും.
കുടുംബസമേതം വിദേശ പര്യടനത്തിന് പോയ പൃഥ്വിരാജ് ജൂലായ് അഞ്ചിനോ ആറിനോ എറണാകുളത്ത് തിരിച്ചെത്തും. ബ്രദേഴ്സ് ഡേയുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂര്‍ത്തിയാക്കിയ ശേഷമേ പൃഥ്വിരാജ് പുതിയ ചിത്രത്തില്‍ അഭിനയിച്ച് തുടങ്ങൂ. രഞ്ജിത്ത് നിര്‍മ്മിച്ച് സച്ചി രചനയും സംവിധാനവും നിര്‍വഹിക്കുന്ന അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. ബിജുമേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ബ്രദേഴ്സ് ഡേ നിര്‍മ്മിക്കുന്നത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മഡോണ സെബാസ്റ്റ്യന്‍ എന്നിവര്‍ നായികമാരാകുന്ന ചിത്രത്തില്‍ വിജയരാഘവന്, ഹരീഷ് കണാരന്, ധര്മ്മജന് ബോള്‍ഗാട്ടി എന്നിവരും പ്രധാന വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.
കുഞ്ഞുദൈവം, രണ്ട് പെണ്‍കുട്ടികള്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബി ഒരുക്കുന്ന ടൊവിനോ തോമസ് ചിത്രമായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് ഓണത്തിന് ആന്‍ മെഗാ മീഡിയ തിയേറ്ററുകളിലെത്തിക്കും. ജിയോ ബേബിയും ദീപു പ്രദീപും ചേര്‍ന്ന് രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്ന് നഗരത്തിലെത്തുന്ന ഒരു യുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ആവിഷ്കരിക്കുന്നത്.
രജീഷാവിജയന്, സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഫൈനല്‍സാണ് മറ്റൊരു ഓണം റിലീസ്. ഹെവന്‍ലി പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് മണിയന്‍പിള്ള രാജു നിര്‍മ്മിക്കുന്ന ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് പി.ആര്. അരുണാണ്.
സ്പോര്‍ട്സ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഇൗ കുടുംബചിത്രം പറയുന്നത് ഒളിമ്ബിക്സ് മത്സരത്തിന് ഒരുങ്ങുന്ന ഒരു സൈക്കിളിസ്റ്റിന്റെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളുടെ കഥയാണ്. ഓണത്തിന് റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വനും ദിലീപ് - അര്ജുന് ചിത്രം ജാക്ക് ഡാനിയലും ഒക്ടോബറില്‍ പൂജാ റിലീസായി തിയേറ്ററുകളിലെത്തും.