ദിലീപ് ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ശുഭരാത്രി എന്ന സിനിമ ഇന്ന് തിയ്യെറ്ററുകളിലെത്തി. ‘അയാൾ ജീവിച്ചിരിപ്പുണ്ട്’ എന്ന സിനിമയ്ക്കു ശേഷമാണ് ദിലീപിനെ നായകനാക്കി വ്യാസൻ എടവനക്കാട് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.
അടുത്തിടെ ഇറങ്ങുന്ന സിനിമകളെല്ലാം തന്നെ അതിന്റെ നവയുഗപ്പിറവിയിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പാൾ, തീർത്തും കുടുംബപശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു സിനിമയ്ക്ക് പ്രേക്ഷകപ്രീതി നേടാൻ കഴിയുമെങ്കിൽ അത് സംവിധായകന്റെ വിജയം തന്നെയാണ്. ശുഭരാത്രി എന്ന സിനിമയിലൂടെ ആ വിജയമാണ് വ്യാസൻ കെപി എന്ന വ്യാസൻ എടവനക്കാട് നേടുന്നത്.
മുഹമ്മദ് എന്നയാളുടെ ജീവിതത്തിൽ ഹജ്ജിന് പോകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് തികച്ചും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഒരു സംഭവമാണ് സിനിമയുടെ കഥാതന്തു. ഒരു സംഭവകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വ്യാസൻ ഈ സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ക്ലൈമാക്സിൽ ആ സംഭവകഥ എന്താണെന്ന് പറയുന്നുമുണ്ട്. അഞ്ച് നേരം നിസ്കരിക്കുന്ന മുഹമ്മദിന്റെ ജീവിതം എങ്ങനെയാണെന്നതാണ് സിനിമയുടെ ആദ്യപകുതിയിൽ പറയുന്നത്.
നാനാജാതി മതസ്ഥരടങ്ങുന്ന വലിയൊരു സൗഹൃദവലയത്തിന് ഉടമയായ മുഹമ്മദ് ഒന്നുമില്ലായ്മയിൽ നിന്ന് തുടങ്ങി ഉന്നതങ്ങളിലെത്തിയ കഥയും സിനിമ അനാവരണം ചെയ്യുന്നു. ഹജ്ജിന് പോകാൻ ഒരുങ്ങിയിരുന്ന അയാളുടെ ജീവിതത്തിലേക്ക് തികച്ചും അപരിചിതനായ ഒരാൾ കടന്നുവരുന്നതോടെ കാര്യങ്ങൾ ആകെ മാറിമാറിയുന്നു. മുഹമ്മദിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ആദ്യപകുതി പക്ഷേ അനാവശ്യ രംഗങ്ങൾ കൊണ്ട് വലിച്ചുനീട്ടിയിരിക്കുന്നു.
അത്തരത്തിൽ പല രംഗങ്ങളുണ്ട് സിനിമയിൽ. അതിലൊന്നാണ് രാഷ്ട്രീയപാർട്ടിയിൽ ഒരുമിച്ച് പ്രവർത്തിച്ച ശേഷം സ്ഥാനമാനം ലഭിക്കാതെ വന്നപ്പോൾ പൊലീസിൽ ലൈംഗികാരോപണ പരാതി നൽകുന്ന രംഗം. ഇതും ഈ സിനിമയുമായി ഒരു തരത്തിലും യോജിച്ചു പോകുന്നില്ല. ഇത്തരം രംഗങ്ങളുടെ ആവശ്യകത എന്താണെന്ന് സംവിധായകന് ചിന്തിക്കാമായിരുന്നു.
മുഹമ്മദിന്റെ ജീവിതത്തിലേക്ക് വന്ന ആ ആൾ ആരാണ്. എന്തിന് മുഹമ്മദിന്റെ വീട്ടിലേക്ക് തന്നെ അയാൾ വന്നു എന്നതിനെല്ലാമുള്ള ഉത്തരങ്ങളാണ് സിനിമയുടെ രണ്ടാംപകുതി. മുസ്ളിം കഥ പറയുന്നതിനാൽ തന്നെ സിറിയയിലെ ഐസിസ് തീവ്രവാദവും കേരളത്തിൽ നിന്ന് ഐസിസിൽ ചേരാൻ പോയി കൊല്ലപ്പെട്ടവരുമൊക്കെ സിനിമയിൽ വന്നുപോകുന്നുണ്ട്.
അതിന്റെ ആവശ്യമുണ്ടായിരുന്നോ എന്നതും ചിന്തനീയമാണ്. കുടുംബകഥ ആയതിനാൽ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന വൈകാരിക രംഗങ്ങളും ഏറെയുണ്ട് സിനിമയിൽ. ഖുറാനിലെ വിശുദ്ധ വചനങ്ങൾ പോലും സിനിമയുമായി ചേർത്തുവച്ചിട്ടുണ്ട് സംവിധായകൻ.
എന്നാൽ, സിനിമാരംഗത്ത് പുത്തൻ അവതരണരീതിയോ നിർണായകമായ ഒരു മാറ്റമോ ഈ സിനിമ മുന്നോട്ട് വയ്ക്കുന്നില്ല. മറിച്ച് കുടുംബപശ്ചാത്തലങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ വികാരമായി പടർന്നുകയറാനാണ് സിനിമ ശ്രമിക്കുന്നത്. അതിനാൽ തന്നെ ഒരു കുടുംബത്തിലുണ്ടാകുന്ന സന്തോഷവും സന്താപവും എല്ലാം സിനിമയിൽ വന്നുപോകുന്നു. ഇതോടൊപ്പം വലിയൊരു സന്ദേശവും സിനിമ നൽകുന്നു.
മുഹമ്മദിനെ അവതരിപ്പിക്കുന്ന സിദ്ധിഖിന് അധികമൊന്നും ആയാസപ്പെടേണ്ടി വന്നിട്ടില്ല. സമ്പത്തും പണവുമൊക്കെ നേടിയിട്ടും വന്നവഴികളെ മറക്കാത്ത മുഹമ്മദായി സിദ്ധിഖ് അനായാസം മാറുന്നുണ്ട്. മെക്കാനിക്കായ കൃഷ്ണൻ എന്ന കുടുംബസ്ഥനെ അവതരിപ്പിക്കുന്ന ദിലീപ് തന്റെ ഭാഗം മികച്ചതാക്കി.
അനുസിത്താര. നാദിർഷ, സായ്കുമാർ, നെടുമുടി വേണു, ശാന്തികൃഷ്ണ, ആശാ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, ഹരീഷ് പേരടി, മണികണ്ഠൻ, സുധി കോപ്പ, അശോകൻ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയൻ, ശീലു എബ്രഹാം, കെപിഎസി ലളിത, തെസ്നി ഖാൻ തുടങ്ങിയ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.