മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന ചത്രം ‘ന്യൂഡെൽഹി’യുടെ രണ്ടാം ഭാഗമാണോ? സോഷ്യൽ മീഡിയയിൽ ഇതുസംബന്ധിച്ച അഭ്യൂഹങ്ങൾ പെരുക്കുന്നു. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതുന്ന സിനിമ ഗുഡ്വിൽ എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ്ജ് ആണ് നിർമ്മിക്കുന്നത്.
ന്യൂഡെൽഹി ഇഷ്ടപ്പെട്ടവർക്കൊക്കെ ഈ സിനിമയും ഇഷ്ടപ്പെടുമെന്ന നിർമ്മാതാവിൻറെ വാക്കുകളാണ് ഈ സിനിമ ന്യൂഡെൽഹിയുടെ രണ്ടാം ഭാഗമാണോയെന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർത്തിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്ത എക്കാലത്തെയും ക്ലാസിക് ത്രില്ലറിൻറെ രണ്ടാം ഭാഗത്തിൻറെ രചനയിലാണോ ഡെന്നിസ് ജോസഫെന്ന അന്വേഷണവും സോഷ്യൽ മീഡിയയിലെ ഷെർലക് ഹോംസുകൾ നടത്തുന്നു.
അതേസമയം, ഒരുകാലത്ത് ന്യൂഡെൽഹിയുടെ രണ്ടാം ഭാഗത്തിനായി ഡെന്നിസ് ജോസഫ് ആലോചിച്ച കഥ തന്നെ പുതിയ സിനിമയ്ക്ക് ഉപയോഗിക്കുകയാണെന്നും ചില സൂചനകൾ വരുന്നു. മീഡിയ ഗോഡായ ജി കെ അമേരിക്കയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായിരുന്നു പണ്ട് ന്യൂഡെൽഹി 2നായി ഡെന്നിസ് ആലോചിച്ചത്. അന്നുപക്ഷേ ആ പ്രൊജക്ട് നടന്നില്ല.
എന്തായാലും ആരാധകരുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തുന്ന ഒരുത്തരവുമായി മമ്മൂട്ടിയും ഡെന്നിസ് ജോസഫും ഉടൻ വരുമെന്ന് പ്രതീക്ഷിക്കാം.