കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി കവര്‍ച്ച. വെള്ളിയാഴ്ച ശബരി എക്‌സ്പ്രസിലാണ് അമ്മയെയും മകളെയും ബോധരഹിതരാക്കി കൊള്ളയടിച്ചത്. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (24) എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. കോട്ടയം സ്റ്റേഷനില്‍ നിര്‍ത്തിയ ട്രെയ്‌നില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
18,000 രൂപ, പത്തര പവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, നഴ്സിങ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് ഇവര്‍ക്ക് നഷ്ടമായത്. സെക്കന്ദരാബാദില്‍ നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയ ചിക്കു ഇപ്പോള്‍ ഐഇഎല്‍ടിഎസിന് പഠിക്കുകയാണ്. ചിക്കുവിന്റെ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന് വേണ്ടിയാണ് ഇരുവരും ആലുവയിലേക്ക് യാത്ര തിരിച്ചത്.
തൊട്ടടുത്ത സീറ്റുകളില്‍ മൂന്നോളം ഇതരസംസ്ഥാനക്കാരായിരുന്നു ഇരുന്നിരുന്നത്. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇവര്‍ ചിക്കുവിനും അമ്മയ്ക്കും ട്രെയിനില്‍നിന്നു ചായ വാങ്ങി നല്‍കിയിരുന്നു. ശനിയാഴ്ച രാവിലെ ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷമാണ് ചായ വാങ്ങി നല്‍കിയത്. ചായ കുടിച്ച് അല്‍പസമയത്തിനു ശേഷം ഇരുവരും ബോധരഹിതനായി.
ശനിയാഴ്ച വൈകിട്ടു ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് ടിടിഇയാണ് ഇരുവരും അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടത്. സംശയം തോന്നിയ ടിടിഇ വിവരം റെയില്‍വേ പോലീസിനെ അറിയിച്ചു. അവരെത്തി ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.