പട്ടാമ്പി: സുഹൃത്തുക്കള്‍ക്ക് വാട്സ് ആപ്പ് സന്ദേശം നല്കി യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയനായ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പട്ടാമ്പി മരുതൂര്‍ സ്വദേശിയും ലോട്ടറികച്ചവടക്കാരനുമായ ഉമ്മറിനെയാണ് പട്ടാമ്പി സിഐ രമേഷ്കുമാര്‍ അറസ്റ്റുചെയ്തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്.
മരുതൂര്‍ തൊണ്ടിയന്നൂര്‍ കുളപ്പുള്ളി മലയില്‍ ജനാര്ദനന് മകന് ശ്രീജിത് (19) ആണ് ചൊവ്വാഴ്ച സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശമയച്ച ശേഷം വീടിനോടു ചേര്‍ന്ന കാട്ടില്‍ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പൂവക്കോട് രാമഗിരിക്കോട്ടക്ക് സമീപമാണ് സംഭവം. വാട്സ് ആപ്പ് ഗ്രൂപ്പിലേക്ക് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് കഴുത്തില്‍കുരുക്കിട്ട് മരത്തില്‍നിന്നും ചാടുകയായിരുന്നു. മരുതൂരിലെ ലോട്ടറി കച്ചവടക്കാരന് ഉമ്മര്‍ കാരണമാണ് താന്‍ മരിക്കുന്നതെന്ന് യുവാവ് വീഡിയോയില്‍ ആവര്‍ത്തിച്ചു പറയുന്നുണ്ട്.
സംഭവം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്ന് പട്ടാമ്പി പോലീസ് ശ്രീജിത്തിന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തിരുന്നു. ഇതുപ്രകാരവും ഫോണിലെ മൊഴിയും ചേര്‍ത്ത് ഉമ്മറിനെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമ്മറുമായുള്ള സാമ്പത്തിക ഇടപാടുകളാണ് ശ്രീജിതിന്റെ മരണത്തിലേക്കു നയിച്ചത്.
എെടിഐ വിദ്യാര്‍ഥിയായ ശ്രീജിത് പഠനത്തോടൊപ്പം തേങ്ങാക്കച്ചവടക്കാരനായ പിതാവിനെ സഹായിച്ചു വരികയായിരുന്നു. ഇതിനിടെ കടബാധ്യത തീര്‍ക്കാന്‍ ഉമ്മറില്‍ നിന്നും പണം വാങ്ങി. ഇത് കൊടുക്കാന്‍ കഴിയാതെ പലിശ ഉള്‍പ്പടെ പെരുകിയതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്.
വീഡിയോയിലെ മരണമൊഴി ഇപ്രകാരമാണ്: ഞാന്‍ മരിക്കാന്‍ പോകുകയാണ്. എന്റെ കോണ്ടാക്ടിലുള്ള എല്ലാവര്ക്കും ഈ മെസേജ് ഞാന്‍ അയക്കുന്നുണ്ട്. എല്ലാവരും ഇത് ഷെയര്‍ ചെയ്യണം. മരിക്കാന്‍ കാരണം ഉമ്മര്‍ എന്ന ചങ്ങാതിയാണ്. മരുതൂരിലുള്ള അയാള്‍ കാരണമാണ് എന്റെ ജീവിതം കുളമായത്. ലോട്ടറി വില്‍ക്കുന്ന ഉമ്മര്‍, ടിവിഎസ് സുസുകിയില്‍ നടക്കുന്ന ഉമ്മര്‍, ഡിവൈഎഫ്ഐയുടെ എന്തൊക്കെയോ മെയിന്‍ ആണ്. അയാള്‍ കാരണമാണ് മരിക്കുന്നത്.
എന്റെ അച്ഛനെയും അമ്മയെയും വിട്ടുപോകുന്നതില്‍ വിഷമമുണ്ട്. ജീവിക്കാന്‍ വലിയ പാടാണ്. മരിക്കാന്‍ സുഖമാണ് തോന്നുന്നു. അതോണ്ട് മരിക്കാന്‍ പോകുകയാണ്. അച്ഛനെയും അമ്മയെയും എല്ലാവരും കൂടി നോക്കണം. മരിച്ചാല്‍ വിഷമമുണ്ടാകും എല്ലാവര്ക്കും. ഇതല്ലാതെ രക്ഷകളില്ല. 25 ലക്ഷം… അല്ലെങ്കില്‍ പത്ത് ലക്ഷമെങ്കിലും ഉണ്ടെങ്കിലേ എല്ലാ കാര്യവും നടക്കൂ എന്നും പറയുന്നു.