അനന്തിരവനുമായി അവിഹിത ബന്ധം തുടരാന്‍ ഭര്‍ത്താവിനെ ഭാര്യ ആഹാരത്തില്‍ വിഷം ചേര്‍ത്ത് കൊന്നു

20

ന്യൂഡല്‍ഹി: അനന്തിരവനുമായുള്ള രഹസ്യബന്ധം തുടരുന്നതിനായി ഭര്‍ത്താവിനെ അല്‍പ്പാല്‍പ്പമായി മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം കൊടുത്തു ലഹരിക്കടിമയാക്കുകയും വിഷം കൊടുത്തു കൊല്ലുകയും ചെയ്തെന്ന കുറ്റത്തിന് ഭാര്യയ്ക്കെതിരേ കേസ്. ഡല്‍ഹിയില്‍ നടന്ന സംഭവത്തില്‍ 30 കാരന്റെ മൃതദേഹം കുഴിമാന്തി പുറത്തെടുക്കുകയും ചെയ്തു. ജനുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വകീല്‍ എന്ന ബകംപൂര്‍ സ്വദേശിയാണ് മാര്‍ച്ച് 9 ന് മരണത്തിന് കീഴടങ്ങിയത്.

ശക്തമായ ലഹരി അഡിക്ഷനെ തുടര്‍ന്നായിരുന്നു വകീലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ മകന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച വകീലിന്റെ പിതാവ് മൊഹമ്മദ് ഹനീഫ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകന്‍ മുമ്പ് ഒരിക്കലും മയക്കുമരുന്നിന് അടിമയായിരുന്നില്ലെന്നാണ് പിതാവ് നല്‍കിയിരുന്ന പരാതിയില്‍ പറഞ്ഞിരുന്നത്.

Advertisements

മരുമകള്‍ നജ്മയ്ക്ക് അനന്തിരവന്‍ സല്‍മാനുമായി അവിഹിത ബന്ധം ഉണ്ടെന്നും അതുകൊണ്ട് തന്നെ മരുമകള്‍ക്ക് മകന്റെ മരണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. നജ്മയും സല്‍മാനും ചേര്‍ന്ന് ഭക്ഷണത്തില്‍ കുറേശ്ശെ മരുന്ന് ചേര്‍ത്ത് ആരോഗ്യം മോശമാക്കി മരണത്തിലേക്ക് തള്ളിവിട്ടതാകാമെന്നാണ് മൊഹമ്മദിന് സംശയം ഉയര്‍ന്നത്.

മൊഹമ്മദിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് 2007 ല്‍ നജ്മയെ വകീല്‍ വിവാഹം കഴിച്ചെങ്കിലും സല്‍മാനുമായി അവര്‍ക്ക് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി. അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മരണശേഷം നജ്മ ഉത്തര്‍പ്രദേശിലെ സ്വന്തം വീട്ടിലേക്ക് പോയതായും ഒരിക്കല്‍ പോലും തന്റെ കൊച്ചുകുട്ടികളായ പെണ്‍മക്കളെ കാണാന്‍ പോലും വന്നിരുന്നില്ലെന്നും പോലീസ് കണ്ടെത്തി. വകീലിന്റെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയ പോലീസ് അതില്‍ റെക്കോഡ് ചെയ്യപ്പെട്ട നജ്മയുടെയും സല്‍മാന്റെയും വകീലിനെ കൊല്ലാനുള്ള ആസൂത്രണം സംബന്ധിച്ച സംഭാഷണം പിടിച്ചെടുക്കുകയും ചെയ്തു.

സംസ്‌ക്കരിക്കപ്പെട്ട വകീലിന്റെ മൃതദേഹം കഴിഞ്ഞ ദിവസം പോലീസ് വീണ്ടും പുറത്തെടുത്തു. പോസ്റ്റുമാര്‍ട്ടത്തിന് ശേഷം സല്‍മാനെയും നജ്മയെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനിരിക്കുകയാണ്. മരുന്ന് വിഷം പോലെയാക്കി ഉപയോഗിച്ചോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

Advertisement