കോന്നി: പത്തനംതിട്ട കോന്നിയില്‍ കടുവയുടെ ആക്രണത്തില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. കൊക്കാത്തോട് അപ്പൂപ്പന്‍ തോട് സ്വദേശി കിടങ്ങില്‍ കിഴക്കേതില്‍ രവി(45) ആണ് മരിച്ചത്.
കൊക്കാത്തോട് നിന്നും അഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് ശരീര അവശിഷ്ടം കണ്ടെത്തിയത്. തലയും വലതു കൈപ്പത്തിയും വലതുകാലിന്റെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചിരുന്നത്. ബാക്കി ഭാഗങ്ങള്‍ കടുവ ഭക്ഷിച്ചതായി വനം അധികൃതര്‍ സ്ഥിരീകരിച്ചു.
ബന്ധുവീട്ടില്‍ പോയ ഭാര്യ ശനിയാഴ്ച വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രവിയെ കാണാനില്ലെന്നറിഞ്ഞത്. തുടര്‍ന്ന് തെരച്ചില്‍ നടത്തിവരുകയായിരുന്നു. ആദ്യം അപ്പൂപ്പന്‍ തോടിനോട് ചേര്‍ന്ന് വനത്തിലെ ആനച്ചന്ത് ഭാഗത്ത് ഇയാളുടെ മുണ്ടും ചെരിപ്പും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ കടുവയുടെ കാല്‍പാദവും മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായി. തുടര്‍ന്ന് ഉള്‍വനത്തില്‍ നിന്ന് ഇയാളുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഫോറന്‍സിക് വിദഗ്ധരെത്തി കടുവയുടെ കാല്‍പ്പാടുകളും രോമങ്ങളും കണ്ടെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വനവുമായി ബന്ധപ്പെട്ട താല്‍ക്കാലിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആളായിരുന്നു രവി. ഫയര്‍ വാച്ചറായും പ്രവര്‍ത്തിച്ചിരുന്നു.