ഇറ്റാവ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ കൗമാരക്കാരായ സഹോദരിമാരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 17, 13 വയസുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്. രണ്ട് പെണ്‍കുട്ടികളും കൂടി ഇന്നലെ വൈകുന്നേരത്തോടെ ഒരുമിച്ച് പുറത്തുപോയിരുന്നു. ഏറെ വൈകിയും കാണാതായതോടെ ഗ്രാമത്തിലെ ഒരു വിവാഹചടങ്ങിലേക്ക് പോയതാകും അവരെന്ന് വീട്ടുകാര്‍ കരുതി.
ഇന്ന് രാവിലെ ഗ്രാമത്തില്‍ നിന്ന് 500 മീറ്റര്‍ മാറിയാണ് ഇരുവരുടെയും മൃതദേഹം കിടന്നിരുന്നത്. പാടത്ത് പണിക്കെത്തിയ ഗ്രാമത്തിലുള്ളവരാണ് പെണ്‍കുട്ടികള്‍ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് വീട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
”അവര്‍ കൊല്ലപ്പെട്ടതറിഞ്ഞതിന്റെ ഞെട്ടലിലാണ് ഞങ്ങള്‍. ഞങ്ങള്‍ക്ക് ശത്രുക്കളൊന്നുമില്ല. എന്തിനാണ് എന്റെ മക്കളെ കൊന്നതെന്ന് എനിക്ക് മനസിലാകുന്നില്ല”,പെണ്‍കുട്ടികളുടെ പിതാവ് പറഞ്ഞു.
മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു. പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് അറിയണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ അക്കാര്യം അറിയാന്‍ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം നടക്കുമെന്നും പ്രതികള്‍ക്ക് തക്ക ശിക്ഷ നല്‍കുമെന്നും എട്ടാവ എംഎല്‍എ സരിത ബദൗരിയ പറഞ്ഞു.