അമ്മയുമായി അവിഹിത ബന്ധം: 40 കാരനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കുത്തി കൊലപ്പെടുത്തി, കുത്തിയത് 22 തവണ

49

ന്യൂഡല്‍ഹി: നാല്പതുകാരനെ അമ്മയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. 22 തവണയാണ് മധ്യവയസ്‌കന് കുത്തേറ്റത്. ഡല്‍ഹി ദ്വാരകയിലെ പീര്‍ ബാബ മജാറിന് സമീപം ഈ മാസം 17നായിരുന്നു സംഭവം. രാജു എന്ന മാംജര്‍ ആണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഒരാള്‍ കുത്തേറ്റ് കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെ എത്തും മുന്‍പ് രാജു മരണമടഞ്ഞിരുന്നു.

Advertisements

പ്രതികളായ അമാന്‍ (20), ആഷിഷ് (21), സഹീല്‍ (19) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു. അമാന്റെ അമ്മയുമായി രാജുവിന് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേന്നും രാജു അമാന്റെ അമ്മയെ കാണാന്‍ വീട്ടില്‍ എത്തിയിരുന്നു. ഇതേചൊല്ലി അമാനും രാജുവും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതേകുറിച്ച് രാജുവിന്റെ ബന്ധുക്കള്‍ നല്‍കിയ സൂചനയാണ് പ്രതികളെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത്.

കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയ അമാനെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് പോലീസ് പിടികൂടിയത്. കൊലക്കുറ്റം സമ്മതിച്ച അമാന്‍ തനിക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. രാജു പതിവായി വീട്ടില്‍ എത്തിയിരുന്നുവെന്നും ഇത് പാടില്ലെന്ന് താന്‍ താക്കീത് നല്‍കിയിരുന്നതാണെന്നും അമാന്‍ പറഞ്ഞു.

Advertisement